സക്കർബർഗിനെ തോൽപിച്ച് കൈലി ജെന്നർ, ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരി

Update: 2019-03-06 09:47 GMT

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി എന്നസ്ഥാനം ഇനി അമേരിക്കൻ ടെലിവിഷൻ സെലിബ്രിറ്റിയും സംരംഭകയുമായ കൈലി ജെന്നർർക്ക് സ്വന്തം. ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിനെ മറികടന്നാണ് 21 കാരിയായ കൈലി ഫോർബ്‌സ് പട്ടികയിൽ ഒന്നാമത്തെത്തിയത്.

900 മില്യൺ ഡോളർ മൂല്യമുള്ള കൈലി കോസ്‌മെറ്റിക്സ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ സ്ഥാപകയാണിവർ. സഹോദരിയായ കിം കർദാഷ്യാനൊപ്പം ടെലിവിഷൻ റിയാലിറ്റി ഷോയിൽ കൂടിയാണ് കൈലി പ്രശസ്തി നേടിയത്. 23 മത്തെ വയസിലാണ് സക്കർബർഗ് കോടിപതിയായത്. എന്നാൽ 21 മത്തെ വയസിൽ തന്നെ 1 ബില്യൺ ഡോളർ ആസ്തി നേടിയിരിക്കുകയാണ് അവർ.

30 വയസിൽ താഴെയുള്ള 'സെൽഫ്-മെയ്ഡ് 'ബില്യണയർമാരാണ് ഫോർബ്‌സ് പട്ടികയിൽ ഉൾപ്പെടുന്നത്. എന്നാൽ കൈലിയുടെ നേട്ടം സ്വപ്രയത്നത്താൽ നേടിയതാണോ എന്ന സംശയം പലരും ഉന്നയിച്ചിരുന്നു. കിംമിന്റെ പ്രശസ്തിയാണ് കൈലിയെയും മറ്റ് സഹോദരങ്ങളേയും സഹായിച്ചതെന്നും വാദിച്ചവരുണ്ട്.

എന്നാൽ കൈമാറിക്കിട്ടിയതല്ലാതെ, സ്വന്തമായി പടുത്തുയർത്തിയ ബിസിനസ് ഉള്ളവരെയാണ് 'സെൽഫ്-മെയ്‌ഡ്‌' ആയി തങ്ങൾ കണക്കാക്കുന്നതെന്ന് ഫോർബ്‌സ് വ്യക്തമാക്കി. അങ്ങനെ നോക്കിയാൽ കൈലി ഒരു സെൽഫ്-മെയ്‌ഡ്‌ ബില്യണയർ തന്നെയാണ്.

സെലിബ്രിറ്റി ആയിരുന്നതിനാൽ ബിസിനസ് തുടങ്ങുന്നതിന് മുൻപേതന്നെ വിവിധ സോഷ്യൽ മീഡിയകളിലായി 175 ദശലക്ഷം ഫോളോവേഴ്സ് ആണ് കൈലിയ്ക്ക് ഉണ്ടായിരുന്നത്. ബിസിനസിലേക്ക് കടന്നപ്പോൾ സോഷ്യൽ മീഡിയയിലുള്ള തന്റെ സാന്നിധ്യം ബിസിനസിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കാൻ അവർക്ക് സാധിച്ചു.

ഒരു തരത്തിൽ പറഞ്ഞാൽ സോഷ്യൽ മീഡിയ വളർത്തിയ ഒരു പുതിയ ജനറേഷൻ ബില്യണയറാണ് കൈലി ജെന്നർ. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നയാളും കൈലി തന്നെ. ഒരു പെയ്‌ഡ്‌ പോസ്റ്റിന് 10 ലക്ഷം ഡോളർ!

Similar News