'കരിയറിൽ റിസ്ക് എടുക്കൂ', പറയുന്നത് ടെക് ജോലി ഉപേക്ഷിച്ച് യൂട്യൂബറായ സോണാലി ഭദൗരി

Update: 2019-03-08 09:43 GMT

'കരിയറിൽ റിസ്ക് എടുക്കാൻ തയ്യാറായില്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നിടത്ത് നിങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കാതെ വരും,' പറയുന്നത് യൂട്യൂബ് താരം സോണാലി ഭദൗരി. ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് നൃത്തത്തിലേക്കു ചുവടു വച്ച സൊണാലിയ്ക്ക് യൂട്യൂബിൽ 16 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുണ്ടിന്ന്.

'ലിവ് ടു ഡാന്‍സ് വിത്ത് സൊണാലി' എന്ന യൂടൂബ് പേജ് മൂന്നു വര്‍ഷത്തിനകം സന്ദര്‍ശിച്ചതു 23 കോടിയില്‍പ്പരം ആള്‍ക്കാരാണ്. ഇന്‍സ്റ്റാഗ്രാമിലുമുണ്ട് ഈ സെൽഫ്-മെയ്ഡ് കൊറിയോഗ്രഫർക്ക് 4 ലക്ഷത്തിലധികം ഫോളോവേഴ്സ്.

"എല്ലാ ദിവസവും ഞാൻ എന്നോടുതന്നെ പറയും. ഞാനിന്നിവിടെ നിൽക്കുന്നത് റിസ്ക് എടുത്തതുകൊണ്ടാണ്, എന്റേതായ ഒരു ഇടം ഞാൻ തന്നെ ഒരുക്കിയതുകൊണ്ടാണ്. കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്, ശരിയായ കാര്യം ശരിയായ സമയത്ത് നടപ്പാക്കിയതുകൊണ്ടാണ്." അതെ, വിജയത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നാണ് സോണാലി പറയുന്നത്.

ഡാൻസിനെ ഒരു കരിയർ ആയിക്കാണാൻ താല്പര്യമില്ലാത്ത കുടുംബമായിരുന്നു അവരുടേത്. വീട്ടുകാരുടെ നിർബന്ധപ്രകാരം ഐറ്റി എഞ്ചിനീയറായി ഇൻഫോസിസിൽ ജോലി നേടി. ഇന്‍ഫോസിസിലെ ജീവനക്കാര്‍ ആരംഭിച്ച 'ക്രേസി ലെഗ്‌സ്' എന്ന ഡാൻസ് ക്ലബ് ജോലി സമയം കഴിഞ്ഞു ഡാന്‍സ് പരിശീലിക്കാനും മത്സരങ്ങള്‍ക്കും മറ്റും പോകാനും സൊണാലിയെ സഹായിച്ചു. അങ്ങനെ കുറച്ചു കാലം എന്‍ജിനീയറും ഡാന്‍സറുമായി ജീവിതം നയിച്ചു.

ഡാന്‍സ് സ്റ്റെപ്പുകള്‍ അനുകരിക്കുന്നതില്‍ നിന്നും കൊറിയോഗ്രാഫിയിലേക്കു പതുക്കെ തിരിഞ്ഞു. ഈ സമയത്താണ് ലീവ് ടു ഡാന്‍സ് വിത്ത് സൊണാലി എന്ന യൂടൂബ് ചാനല്‍ ആരംഭിക്കുന്നത്. മുംബൈയില്‍ നിന്നു പൂണെയിലേക്ക് സ്ഥലം മാറിയപ്പോൾ ഡാന്‍സില്‍ മുഴുവന്‍ സമയവും മുഴുകുന്നതിനായി ഐടി ജോലിയില്‍ നിന്നു രാജിവച്ചു. ജോലി കളഞ്ഞിട്ടു നൃത്തത്തിന്റെ പിന്നാലെ പോകുന്നതിന് വിമര്‍ശനമേൽക്കേണ്ടി വന്നെങ്കിലും പിന്തുണയുമായി ഭര്‍ത്താവുണ്ടായിരുന്നു.

പതുക്കെ വിവാഹ ചടങ്ങുകളുടെ കൊറിയോഗ്രാഫി വര്‍ക്കുകള്‍ ചെയ്യാന്‍ ആരംഭിച്ചു. പിന്നീട് ഡാൻസ് ട്യൂട്ടോറിയലും വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു തുടങ്ങി.

2017-ല്‍ സോണാലിയുടെ വിഡിയോകള്‍ വൈറലായതോടെയാണു പ്രശസ്തി കൈവരുന്നത്. ഈ വിഡിയോകളാണ് ഇംഗ്ലീഷ് ഗായകന്‍ എഡ് ഷീരന്റെ മ്യൂസിക് കണ്‍സേര്‍ട്ടിനുള്ള മത്സരത്തിൽ അവരെ എത്തിച്ചതും. ലണ്ടനിൽ നടന്ന മത്സരം ജയിച്ചതോടെ, സൊണാലിയുടെ വിഡിയോകള്‍ രാജ്യാന്തര തലത്തില്‍ പ്രശസ്തമായി.

തന്റെ വിജയത്തിന് സാമൂഹ്യ മാധ്യമങ്ങള്‍ വലിയ സഹായം നല്‍കിയിട്ടുണ്ടെന്നും സൊണാലി പറയുന്നു.

ഡാൻസ് കണ്ടന്റിനോടുള്ള ഇന്ത്യക്കാരുടെ താല്പര്യം നാൾക്കുനാൾ ഉയർന്നുവരികയാണെന്നാണ് യൂട്യൂബ് ഇന്ത്യ എന്റർടൈൻമെന്റ് വിഭാഗം മേധാവിയായ സത്യ രാഘവൻ ചൂണ്ടിക്കാണിക്കുന്നത്. ഡാൻസ് & കൊറിയോഗ്രാഫി വിഭാഗം യൂട്യൂബിൽ കഴിഞ്ഞ വർഷം മൂന്നക്ക വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറയുന്നു.

Similar News