ഫേസ്ബുക്ക് ബോര്‍ഡിലെ ആദ്യത്തെ വനിത. ലോകത്തെ ഏറ്ററ്വും മികച്ച പ്രൊഫഷണലുകളില്‍ ഒരാളാണ് ഇന്ന് ഷെറില്‍. ഫേസ്ബുക്കിനെ ഏറ്റവും സമ്പന്നമായ കമ്പനി കളിലൊന്നായി മാറ്റിയതിനു പിന്നില്‍ ഷെറിലിന്റെ റോള്‍ വളരെ വലുതാണ്
തികച്ചും പുതിയൊരു ജോലി എന്ന ലക്ഷ്യവുമായി സിലിക്കണ്‍ വാലിയിലേക്ക് പോകാന്‍ തീരുമാനിച്ചതാണ് ഷെറിലിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ടെക്‌നോളജിയാണ് ഭാവിയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടാന്‍ പോകുന്നത് എന്ന തിരിച്ചറിവായിരുന്നു അതിന് അടിസ്ഥാനം.
ഫേസ്ബുക്കിന്റെ ഭാഗമാകും മുന്‍പ് ഷെറില്‍ ജോലി ചെയ്തിരുന്ന കമ്പനിയും ഒട്ടും ചെറുതല്ല, ഗൂഗിള്‍. ആറുവര്‍ഷം ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഒട്ടേറെ ലാഭകരമായ ഓണ്‍ലൈന്‍ അഡ്വര്‍ട്ടൈസിംഗ് പ്രോഗ്രാമുകള്‍ നടത്തി ഷെറില്‍ കോര്‍പ്പറേറ്റ് ലോകത്തിന്റെ ശ്രദ്ധ നേടി.
ഹാര്‍വാഡില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയ ഷെറില്‍ വേള്‍ഡ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായ ലോറന്‍സ് സമ്മേഴ്‌സിന്റെ റിസര്‍ച്ച് അസോസിയേറ്റായാണ് കരിയര്‍ തുടങ്ങുന്നത്.
ഗൂഗിള്‍ മൂന്നാം വര്‍ഷത്തിലെത്തിയ സമയത്താണ് ഷെറില്‍ അവിടെ ജോലി തേടുന്നത്. ഒരു തീരുമാന മെടുക്കാന്‍ മടിച്ച് നിന്ന ഷെറിലിന് നിര്‍ണായകമായ കരിയര്‍ ഉപദേശം നല്‍കിയത് ഗൂഗിള്‍ സിഇഓ ആയിരുന്ന എറിക് സ്മിത് ആണ്. 'ഒരു റോക്കറ്റ് ഷിപ്പില്‍ പോകാന്‍ അവസരം ലഭിക്കുമ്പോള്‍ ഏത് സീറ്റ് എന്ന് ചോദിക്കരുത്. അതിനകത്ത് കയറുകയാണ് വേണ്ടത്.
'തൊഴില്‍ അന്വേ ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യങ്ങളിലൊന്ന് കമ്പനിയുടെ വളര്‍ച്ചയാണ് എന്നതും എറിക്കില്‍ നിന്ന് ഷെറില്‍ പഠിച്ച പാഠമാണ്. 1995 ല്‍ എംബിഎ.
ക്ലിന്റണ്‍ അധികാരത്തിലെത്തിയപ്പോഴാണ് വ്യത്യസ്തമായ മറ്റൊരു ജോലി ഷെറില്‍ ഏറ്റെടുക്കുന്നത്. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ ചീഫ് ഓഫ് സ്റ്റാഫ്. 2001 വരെ ഈ പദവിയിലുണ്ടായിരുന്നു ഷെറില്‍.
2008ല്‍ ഫേസ്ബുക്കിലേക്കുള്ള മാറ്റം ഷെറിലിന്റെ കരിയര്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചു. സിഓഓ എന്ന നിലയില്‍ കമ്പനിയുടെ ബിസിനസ് ഓപ്പറേഷന്‍സിന്റെ മുഴുവന്‍ ചുമതലയും ഷെറിലിനാണ്. ആഗോളതലത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതോടൊപ്പം സെയ്ല്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, ബിസിനസ് ഡെവലപ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സസ്, കമ്യൂണിക്കേഷന്‍സ് എന്നിങ്ങനെ യുള്ള മേഖലകളുടെ മേല്‍ നോട്ടവും ഷെറിലിനുണ്ട്.
2013 ല്‍ പ്രസിദ്ധീകരിച്ച 'ലീന്‍ ഇന്‍' എന്ന ഷെറിലിന്റെ ആദ്യ പുസ്തകം ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടി. തൊഴിലിടങ്ങളില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സ്ത്രീകള്‍ക്ക് തടസമാകുന്ന കാര്യങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും തികച്ചും വേറിട്ട രീതിയില്‍ അവതരിപ്പിച്ച ഈ പുസ്തകം, ഫെമിനിസ്റ്റ് തലത്തിലും അല്ലാതെയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
സ്ത്രീ ശാക്തീകരണം കൂടുതല്‍ വിപുലമാക്കാന്‍ 'ലീന്‍ ഇന്‍ ഫൗണ്ടേഷന്‍' എന്നൊരു സംഘടനയ്ക്കും ഇതോടെ രൂപമായി. ആധുനിക കാലത്തെ ഏറ്റവും ശ്രദ്ധേയരായ ഫെമിനിസ്റ്റ് വക്താക്കളിലൊരാളാണ് ഇപ്പോള്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ്.
ഷെറിലിന്റെ പല അഭിപ്രായങ്ങളും ലോകമൊട്ടാകെയുള്ള സ്ത്രീകള്‍ക്ക് പ്രചോദനമായിട്ടുണ്ട്. 'എല്ലാം ചെയ്യാന്‍ ശ്രമിക്കുന്നതും അത് ഏറ്റവും കൃത്യമായി ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതും നിരാശയ്ക്ക് കാരണമാകും, പലപ്പോഴും പെര്‍ഫെക്ഷനാണ് നമ്മുടെ ശത്രു' എന്ന് ഉറക്കെ പറഞ്ഞ് പലരെയും ഞെട്ടിക്കുകയും ചെയ്തു ഷെറില്‍.
യാത്രാ വിലക്കും ആന്റി അബോര്‍ഷന്‍ നടപടികളും ഉള്‍പ്പെടെയുള്ള പ്രസിഡന്റ് ട്രംപിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ച ഷെറില്‍ അമേരിക്കന്‍ ജനതയെ ഏറെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തികളിലൊരാളാണ്.
ഷെറിലിന്റെ രണ്ടാമത്തെ പുസ്തകം, ഓപ്ഷന്‍ ബി, ഒരു സ്വകാര്യ നഷ്ടത്തില്‍ നിന്ന് രൂപമെടുത്തതാണ്. ഭര്‍ത്താവിന്റെ അകാലമരണം സൃഷ്ടിച്ച ശൂന്യത അതിജീവിക്കാന്‍ സ്വയം കണ്ടെത്തിയ കാര്യങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങളും ശാസ്ത്രീയ പഠനങ്ങളും ഉള്‍പ്പെടുത്തി, സുഹൃത്തും സൈക്കോളജിസ്റ്റുമായ ആദം ഗ്രാന്റുമായി ചേര്‍ന്ന് എഴുതിയ 'ഓപ്ഷന്‍ ബി' തിരിച്ചടികളെ നേരിട്ട് ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള ഒരു പ്രാക്റ്റിക്കല്‍ ഗൈഡാണ്.