സ്മിത നായിക് ക്രിയാത്മകതയുടെ കൂട്ടുകാരി

Update: 2018-06-22 06:37 GMT

10 വര്‍ഷം മുമ്പ് ഒന്നരലക്ഷം രൂപ മാസശമ്പളം ലഭിക്കുന്ന ജോലി രാജിവെച്ച് ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയിലേക്ക് ഇറങ്ങുമ്പോള്‍ അതിന് പിന്നിലെ റിസ്‌കുകളെക്കുറിച്ച് സ്മിത നായിക് ചിന്തിച്ചില്ല.

പകരം പാഷനുള്ള മേഖലയില്‍ പ്രവര്‍ത്തിക്കണം എന്ന ചിന്ത മാത്രമായിരുന്നു മനസില്‍. ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുക്കാന്‍ സ്മിത ഏറെ പരിശ്രമിച്ചു, വെല്ലുവിളികള്‍ക്കെതിരെ പോരാടി. തന്റെ തീരുമാനം തെറ്റിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സ്മിത ഇന്ന്.

ഭംഗിയും പ്രായോഗികതയും സമന്വയിപ്പിച്ച്

ഓരോ ഉപഭോക്താവും വ്യത്യസ്തമാണ്, അവര്‍ക്കുള്ള അകത്തളങ്ങളും തനതായിരിക്കണം- ഇതാണ് സ്മിത നായിക് എന്ന ഇന്റീരിയര്‍ കണ്‍സള്‍ട്ടന്റിന്റെ നയം. സ്മിത സ്ഥാപിച്ച SNS of Design എന്ന സ്ഥാപനം എത്ര ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു എന്നതിനല്ല പ്രാധാന്യം കൊടുക്കുന്നത്. പകരം സമയമെടുത്താലും ഏറ്റവും നല്ല ഇന്റീരിയറുകള്‍ ഒരുക്കാനാണ്.

വീടോ ഓഫീസോ എന്തുമാകട്ടെ അവിടെ പോയി അവരുടെ രീതികളും താല്‍പ്പര്യങ്ങളും ജീവിതശൈലി/പ്രവര്‍ത്തനശൈലികളും മനസിലാക്കിയാണ് ഇന്റീരിയര്‍ ഒരുക്കുന്നത്. ഭംഗിക്കൊപ്പം പ്രായോഗികതയ്ക്കും ഒരുപോലെ പ്രാധാന്യം കൊടുത്ത് ഇന്റീരിയര്‍ ഒരുക്കുന്നു.

റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ഓഫീസുകള്‍, റീറ്റെയ്ല്‍ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇവര്‍ തങ്ങളുടെ സേവനം ലഭ്യമാക്കുന്നു. ഓഫീസുകള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ ജീവനക്കാരെ സ്ഥാപനത്തില്‍ നിലനിര്‍ത്താനാകുന്ന പൊസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്നതോടൊപ്പം അവരുടെ ഉല്‍പ്പാദനക്ഷമത പരമാവധി പുറത്തെടുക്കാനാകുന്ന സാഹചര്യവും ഒരുക്കുന്നു. ഒപ്പം സ്ഥാപനത്തിന്റെ പ്രവര്‍ത്തനശൈലി, ഏതുതരത്തിലുള്ള ക്ലൈന്റ്‌സ് ആണ് വരുന്നത്.... തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുക്കുന്നു. ധനലക്ഷ്മി ബാങ്ക്, രാധാകൃഷ്ണ ടെക്‌സ്റ്റൈല്‍സിന്റെ വിവിധ ഷോറൂമുകള്‍, എവിറ്റി തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ക്കൊപ്പം സെലബ്രിറ്റികളുടേത് അടക്കം നിരവധി ഭവനങ്ങളും സ്മിത ഡിസൈന്‍ ചെയ്തിട്ടുണ്ട്.

അമ്മയെന്ന പ്രചോദനം

കേരളത്തിലെതന്നെ ആദ്യത്തെ ഇന്റീരിയര്‍ കോണ്‍ട്രാക്റ്റര്‍ ആണ് സ്മിതയുടെ അമ്മ ജയലക്ഷ്മി നായിക്.

പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 32ാം വയസില്‍ കടുത്ത സാഹചര്യങ്ങളോട് പടവെട്ടി ശോഭിത്ത് എന്ന സ്വന്തം സംരംഭം വളര്‍ത്തിയെടുത്ത അമ്മയാണ് സ്മിതയുടെ എക്കാലത്തെയും പ്രചോദനം.

രണ്ടാമത്തെ കുഞ്ഞ് ജനിച്ച് അധികം നാള്‍ ആകുന്നതിനുമുമ്പാണ് ധനകാര്യ സ്ഥാപനത്തില്‍ ചീഫ് മാനേജറായിരുന്ന സ്മിത ജോലി രാജിവെച്ച് ഇന്റീരിയര്‍ മേഖലയിലേക്ക് കടക്കുന്നത്. ''കാര്യമായി ചിന്തിക്കാതെ എടുത്ത ഒരു റിസ്‌കായിരുന്നു അത്. ഡിസൈനിംഗിനോടുള്ള പാ

ഷന്‍ ആയിരുന്നു അതിന് കാരണം. ഇതാണ് എന്റെ മേഖല എന്ന ഉള്‍വിളിയില്‍ വിശ്വസിക്കുകയായിരുന്നു.'' സ്മിത നായിക് പറയുന്നു.

Similar News