വ്യവസായ അനുമതികള്‍ സെപ്തംബറോടെ ഓണ്‍ലൈനാകും: എ. സി. മൊയ്തീന്‍

Update: 2018-07-26 06:04 GMT

കൊച്ചി: ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, വര്‍ക്കല, കോഴിക്കോട് എന്നിവിടങ്ങളില്‍ കെട്ടിടനിര്‍മാണ അനുമതികളില്‍ നടപ്പിലാക്കുമെന്നും തുടര്‍ന്ന് ഇത് മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കുമെന്നും വ്യവസായമന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു.

ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നിശയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ പദ്ധതികള്‍ക്ക് ഓണ്‍ലൈനിലൂടെ അനുമതി നല്‍കുന്ന സംവിധാനവും സെപ്തംബറോടെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനരംഗത്ത് 50,000 കോടിയുടെ നിക്ഷേപമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ കിഫ്ബിയിലൂടെ 23,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞു.

സംസ്ഥാനത്തെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കും ത്വരിതഗതിയില്‍ മുന്നേറുകയാണ്. മെച്ചപ്പെട്ട അടിസ്ഥാന വികസന സൗകര്യമാണ് വികസനത്തിന്റെ അടിത്തറയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കാര്‍ഷിക, തോട്ടം മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ നടപടികളും ഈ സര്‍ക്കാര്‍ സ്വീകരിച്ചിച്ചിട്ടുണ്ട്. മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് സ്ഥലമേറ്റെടുക്കാനുള്ള നടപടികളും സര്‍ക്കാര്‍ സീകരിച്ചു വരികയാണ്. ഹര്‍ത്താലിനോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനത്തില്‍ മാറ്റം വന്നു കഴിഞ്ഞെന്നും ടൂറിസത്തെ ഹര്‍ത്താലില്‍ നിന്ന ഒഴിവാക്കാനുള്ള അഭിപ്രായ സമന്വയം രൂപീകരണത്തിനായി മുഖ്യമന്ത്രി മുന്‍കയ്യെടുത്തു കഴിഞ്ഞിട്ടുള്ളതായും മന്ത്രി ചൂണ്ടിക്കാണിച്ചു.

ബിസിനസ്, പ്രൊഫഷണല്‍ രംഗത്ത് നിര്‍ണായക സംഭാവന നല്‍കിയ പ്രതിഭകള്‍ക്കുള്ള ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ മന്ത്രി സമ്മാനിച്ചു. ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2017 പുരസ്‌കാരം വികെസി ഗ്രൂപ്പ് എംഡി വി. നൗഷാദ് വ്യവസായ മന്ത്രി എ. സി മൊയ്തീനില്‍ നിന്ന് ഏറ്റുവാങ്ങി. ധനം സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് ജ്യോതി ലാബോറട്ടറീസ് സിഎംഡി എം. പി. രാമചന്ദ്രനും സമ്മാനിച്ചു.

ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2017 പുരസ്‌കാരം കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ എ. പി. എം. മുഹമ്മദ് ഹനീഷും എന്‍ആര്‍ഐ പ്രൊഫഷനല്‍ ഓഫ് ദി ഇയര്‍ 2017 അവാര്‍ഡ് യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് പ്രമോദ് മങ്ങാട്ടും ഏറ്റുവാങ്ങി. ധനം എസ്എംഇ സംരഭകനുള്ള അവാര്‍ഡ് സ്റ്റാര്‍ പൈപ്പ്‌സ് ആന്‍ഡ് ഫിറ്റിംഗ്‌സ് എംഡി ബോബി പോളിനു വേണ്ടി പത്‌നി ലിഷ ബോബി പോള്‍ ഏറ്റുവാങ്ങി. ധനം വനിതാ സംരംഭക 2017 പുരസ്‌കാരം സുമിക്‌സ് കിഡ്‌സ് വെയര്‍ എംഡി ഡോ. കെ. പി. ബീനയ്ക്ക് സമ്മാനിച്ചു.

സമിറ്റില്‍ 'How to reinvent your business for the changing times' എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ പോള്‍ റോബിന്‍സണ്‍ മുഖ്യ പ്രഭാഷണം നടത്തി.

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സി. ജെ. ജോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എംഡിയും സിഇഒയുമായ ഡോ. വി. എ. ജോസഫ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. കെ. ദാസ്, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

രാജ്യത്തെ പൊതുമേഖലയിലെ മഹാരത്‌ന കമ്പനിയായ ഓയ്ല്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷ (ഒഎന്‍ജിസി)നായിരുന്നു സമിറ്റിന്റെ പ്രസന്റിംഗ് സ്‌പോണ്‍സര്‍. സെറ, എബിസി എംപോറിയോ എന്നിവര്‍ ഡയമണ്ട് പോണ്‍സര്‍മാരായി. ടെലിവിഷന്‍ മീഡിയ പാര്‍ട്ണര്‍ ഏഷ്യാനെറ്റ് ന്യൂസാണ്. അഗാപ്പെ ഗോള്‍ഡ് സ്‌പോണ്‍സറായി. കെഎസ്‌ഐഡിസി, വി ഗാര്‍ഡ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, ബിപിസിഎല്‍, പ്രീമിയം ഫെറോ അലോയ്‌സ് ലിമിറ്റഡ്, വി സ്റ്റാര്‍, വ്യുര്‍ല, ഈസ്‌റ്റേണ്‍, എസ്.സി.എം.എസ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫിസാറ്റ്, കെഎംഎംഎല്‍, മിലന്‍ ഡിസൈന്‍സ്, എസ്.ബി.ഐ ലൈഫ്, ഇന്റര്‍സെറ്റ് ടൂര്‍സ് & ട്രാവല്‍സ് എന്നിവര്‍ സമിറ്റിന്റെ സില്‍വര്‍ സ്‌പോണ്‍സറായി. ഐശ്വര്യ ഒഒഎച്ച് മീഡിയയാണ് ഔട്ട്‌ഡോര്‍ മീഡിയ

പാര്‍ട്ണര്‍.

Similar News