കമ്പനികളുടെ കൈയില്‍ കാശില്ല: വിവാദ് സെ വിശ്വാസ് ക്ലിക്കാവുന്നില്ല

Update:2020-04-30 11:29 IST

പ്രത്യക്ഷ നികുതി സംബന്ധിച്ച തര്‍ക്കങ്ങള്‍ നികുതി വകുപ്പിനും നികുതിദായകര്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വിവാദ് സെ വിശ്വാസ് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്ന കാര്യം കമ്പനികളുടെ പരിഗണനയില്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചുവെങ്കിലും ജൂണ്‍ 30 നകം പണം നല്‍കി തര്‍ക്കങ്ങള്‍ പരിഹരിക്കണം.

ഇതാണ് കമ്പനികളെ ഇപ്പോള്‍ ഈ സ്‌കീമില്‍ നിന്ന് പിന്‍വാങ്ങുന്നതിന് പ്രേരിപ്പിക്കുന്ന ഘടകവും. ജൂണില്‍ അവസാനിക്കുന്ന സാമ്പത്തിക പാദത്തില്‍ കമ്പനികളുടെ പ്രകടനം ഏറെ മോശമാകാന്‍ തന്നെയാണ് സാധ്യത. ലോക്ക്ഡൗണിനെ തുടര്‍ന്ന് ബിസിനസ് ഏറെ മോശവുമാണ്. ഈ ഘട്ടത്തില്‍ കൈവശമുള്ള പണം സംരക്ഷിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. നികുതി തര്‍ക്കങ്ങള്‍ സാധാരണ പോലെയുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോയാല്‍ അതിന് പരിഹാരം കാണാന്‍ വര്‍ഷങ്ങളെടുത്തേക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പണം പെട്ടെന്ന് എടുത്ത് അടയ്ക്കാന്‍ കമ്പനികളുടെ കൈവശമില്ല. പണമടയ്ക്കാനുള്ള തീയതി സര്‍ക്കാര്‍ ദീര്‍ഘിപ്പിക്കാതെ കമ്പനികള്‍ക്ക് ഇതുകൊണ്ട് മെച്ചമുണ്ടാകില്ല.

കമ്പനികളുടെ പിന്‍മാറ്റം സര്‍ക്കാരിനും കോട്ടം

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം റവന്യു വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ആ ഘട്ടത്തില്‍ ഏറെ പ്രതീക്ഷയാണ് ഈ പദ്ധതിയില്‍ കേന്ദ്രം പുലര്‍ത്തിയിരുന്നത്.

വിവാദ് സെ വിശ്വാസ് പദ്ധതിയില്‍ പരിഗണനാര്‍ഹമായ നാല് ലക്ഷം കേസുകളെങ്കിലും രാജ്യത്തുണ്ട്. ഈ തര്‍ക്കങ്ങളില്‍ പെട്ടുകിടക്കുന്ന കേസുകളുടെ മൊത്തം മൂല്യം ഏതാണ്ട് 9.3 ടില്യണ്‍ രൂപയാണ്.

ഇവരില്‍ വലിയൊരു വിഭാഗം പദ്ധതിയുടെ ഗുണഫലങ്ങള്‍ നേടാന്‍ മുന്നോട്ടുവരാന്‍ തയ്യാറാകുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എങ്കില്‍ വിവാദ് സെ വിശ്വാസിലൂടെ ഏറ്റവും കുറഞ്ഞത് രണ്ട് ട്രില്യണ്‍ രൂപ വരെ സമാഹരിക്കാനാവുമെന്നും കേന്ദ്രം കണക്കുകൂട്ടി.

ആ കണക്കുകൂട്ടലാണ് കോവിഡ് പ്രതിസന്ധിയില്‍ തകരുന്നത്. പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്ക് തര്‍ക്ക പരിഹാരത്തിന്റെ ഭാഗമായി തിരിച്ചടയ്ക്കാനുള്ള തുകയ്ക്ക് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയില്ലെങ്കില്‍ വിവാദ് സെ വിശ്വാസും ലക്ഷ്യം കാണാനിടയില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News