വ്യാപാര യുദ്ധം: ചൈനയുടെ  കയ്യിലുണ്ട് യുഎസിനെതിരെ  ഒരു 'വജ്രായുധം'

Update: 2018-09-19 05:58 GMT

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം പുതിയ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ആഗോള വിപണികളിൽ ആശങ്ക പടരുകയാണ്.

ചൈനയിൽനിന്നുള്ള ഇറക്കുമതി വസ്തുക്കൾക്ക് 10 ശതമാനം നികുതി ചുമത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതോടെ വ്യാപാരയുദ്ധത്തിന് ആക്കം കൂടി.

ഏതാണ്ട് 20,000 കോടി ഡോളറിന്റെ (14 ലക്ഷം കോടി രൂപ) ചൈനീസ് ഉത്പന്നങ്ങൾക്കാണ് തീരുവയേർപ്പെടുത്തുന്നത്. ഇത് സെപ്റ്റംബർ 24 മുതൽ നിലവിൽവരും. അതേസമയം 6000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപന്നങ്ങൾക്കു മേൽ 5–10 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ ചൈനയും തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ വ്യാപാരയുദ്ധത്തിൽ ചൈനയ്ക്ക് മേൽക്കൈ നൽകുന്ന ഒന്നുണ്ട്. യുഎസിന്റെ ലോകത്തിലെ ഏറ്റവും വലിയ വിദേശ വായ്പാ ദാതാവാണ് ചൈന.

യുഎസ് ട്രഷറി പുറത്തുവിട്ട കണക്കുപ്രകാരം ജൂലൈയിൽ ചൈനയുടെ പക്കലുള്ള ട്രഷറി ഹോൾഡിങ്‌സ് ആറ് മാസത്തെ ഏറ്റവും കുറഞ്ഞനിലയിലെത്തി. ജൂണിൽ 1.178 ട്രില്യൺ ഡോളർ ആയിരുന്ന ട്രഷറി ഹോൾഡിങ്‌സ് ജൂലൈയിൽ 1.171 ട്രില്യൺ ഡോളർ ആയി കുറഞ്ഞു.

നികുതി യുദ്ധം കടക്കുന്നതോടെ യുഎസ് ട്രഷറി സെക്യൂരിറ്റികൾ വ്യാപകമായി ചൈന വിറ്റഴിക്കുമോ എന്ന ഭയവും യുഎസ് വിപണിയിൽ ആശങ്കയുണർത്തുന്നുണ്ട്. അങ്ങനെ വന്നാൽ, യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാവും.

എന്നാൽ കടുത്ത നീക്കങ്ങൾ ഇതുവരെ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ചൈനയ്ക്ക് ഒരു വൻ ആഗോള വ്യാപാര യുദ്ധത്തിലേക്ക് കടക്കാൻ താല്പര്യമില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ വർഷം ചൈന അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത് 505.6 ബില്യൺ ഡോളറിന്റെ ഉൽപന്നങ്ങളാണ്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്തത് വെറും 130.4 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളും. ഇതുമൂലം മാത്രം യുഎസിന് 38.5 ബില്യൺ ഡോളറിന്റെ വ്യാപാരക്കമ്മി നേരിടേണ്ടി വന്നു. ഇവിടെ നിന്നാണ് നികുതി യുദ്ധം കൂടുതൽ കരുത്താർജ്ജിച്ചത്.

Similar News