മോഹഭംഗം നൽകി ഇടക്കാല ബജറ്റ്

പ്രസംഗം തുടങ്ങുമ്പോൾ 21,832 പോയിൻ്റിൽ നിന്ന നിഫ്റ്റി പ്രസംഗം കഴിഞ്ഞപ്പോൾ 21,685 വരെ താണു

Update:2024-02-01 15:47 IST

താൻ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റാണ് എന്നു ധനമന്ത്രി നിർമല സീതാരാമൻ പലതവണ പറഞ്ഞു. പക്ഷേ നിരീക്ഷകരും ധനകാര്യ വിദഗ്ധരും തെരഞ്ഞെടുപ്പുവർഷം നിരുപദ്രവിയായ വോട്ട് ഓൺ അക്കൗണ്ട് പ്രതീക്ഷിക്കാൻ വിസമ്മതിച്ചു. അവർ ഒട്ടേറെ കാര്യങ്ങൾ പ്രതീക്ഷിച്ചു. അങ്ങനെയൊന്നും പ്രതീക്ഷ വയ്‌ക്കെണ്ട്ന്ന്‌  ഒരു കേന്ദ്രവും അവരോടു പറഞ്ഞുമില്ല.

ഇന്നു രാവിലെ 11 മുതൽ ഒരു മണിക്കൂർ എടുത്ത ബജറ്റ് പ്രസംഗം ഒടുവിൽ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും മേൽ നിഴൽ പരത്തി. നിർമല സീതാരാമൻ പുതിയ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. നികുതി കൂട്ടിയില്ല, കുറച്ചില്ല. ക്ഷേമപരിപാടികൾക്കു തുക കൂട്ടിയില്ല, പുതിയ പരിപാടികൾ പ്രഖ്യാപിച്ചുമില്ല.
ഭരണഘടനാ ബാധ്യത നിറവേറ്റാൻ വാർഷിക വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. ആ അവസരം 10 വർഷത്തെ മോദിഭരണത്തിൻ്റെ ധനകാര്യ നേട്ടങ്ങൾ വിശദീകരിക്കാനായി ഉപയോഗിച്ചു. അത്ര മാത്രം. വെറുതേ മോഹിച്ചവർ ഓഹരിവിലകൾ കയറ്റിയതും താഴ്ത്തിയതും മിച്ചം. പ്രസംഗം തുടങ്ങുമ്പോൾ 21,832 പോയിൻ്റിൽ നിന്ന നിഫ്റ്റി പ്രസംഗം കഴിഞ്ഞപ്പോൾ 21,685 വരെ താണു. സെൻസെക്സ് 72,151ൽ നിന്ന് 71,584 വരെ ഇടിഞ്ഞു. വിപണിയുടെ നിരാശ ഈ താഴ്ചയിൽ കാണാം.
മൂലധനച്ചെലവ് വർധിപ്പിച്ചതും കമ്മി കുറയ്ക്കുന്നതിൽ കാർക്കശ്യം പാലിക്കുന്നതും ബജറ്റിലെ നല്ല കാര്യങ്ങളാണ്. എന്നാൽ നടപ്പുവർഷം മൂലധനച്ചെലവ് 13.71 ലക്ഷം കോടി രൂപ ബജറ്റിൽ ലക്ഷ്യമിട്ടിട്ട് പുതുക്കിയ എസ്റ്റിമേറ്റിൽ 12.71 ലക്ഷം കോടിയായി കുറച്ചു. 7.3 ശതമാനം കുറവ്. ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം മാറ്റി വച്ചു. അതിനു വിശദീകരണമൊന്നും നിർമല നൽകിയില്ല. പക്ഷേ മോദി സർക്കാരിൻ്റെ പ്രതിച്ഛായയ്ക്ക് അതു തിളക്കം കുറയ്ക്കുന്നു.
കമ്മി കുറയ്ക്കലിൽ ഉറച്ച നിന്നത് നല്ല കാര്യമാണ്. സർക്കാർ കൂടുതൽ കടമെടുക്കാതിരിക്കുന്നത് സ്വകാര്യ മേഖലയുടെ കടമെടുപ്പിനെ സഹായിക്കും എന്നാണു സിദ്ധാന്തം പറയുക. പക്ഷേ വേഗം കടമെടുത്ത് പുതിയ ബിസിനസ് തുടങ്ങാനോ ഉള്ളതു വികസിപ്പിക്കാനോ സ്വകാര്യ മേഖല കാത്തിരിക്കുന്നതായ സൂചന ഇല്ല. കമ്മി യുക്തിസഹമായ നിലയിലേക്കു താഴ്ത്തി എടുക്കാനുളള നല്ല യത്നത്തെ അഭിനന്ദിക്കുമ്പോൾ അതിൻ്റെ ഫലം ഉദ്ദേശിച്ച രീതിയിൽ ആകില്ല എന്നു മുന്നറിയിപ്പ് നൽകാതിരിക്കാനാവില്ല.
ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർക്കും ആയുഷ്മൻ ഭാരത് ഇൻഷ്വറൻസ് നാപ്പാക്കിയതും അഭിനന്ദനാർഹമായ കാര്യമാണ്.
നവീന വ്യവസായ മേഖലകളിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 50 വർഷ കാലാവധിയിൽ പലിശരഹിത വായ്പ നൽകാൻ ഒരു ലക്ഷം കോടി രൂപയുടെ നിധി ഉണ്ടാക്കുന്നതും നല്ല കാര്യമായി കാണാം.
Tags:    

Similar News