എണ്ണ വില തകര്‍ച്ച: കമ്പനികള്‍ അടച്ചുപൂട്ടലിലേക്ക്

Update:2020-04-28 13:38 IST

കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് എണ്ണക്കിണറുകള്‍ അടച്ചുപൂട്ടലിലേക്ക്. എണ്ണയെ ആശ്രയിച്ച് നില്‍ക്കുന്ന രാജ്യങ്ങളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയാക്കുന്ന ഈ നീക്കം ലോകത്ത് ദൂരവ്യാപക ഫലങ്ങളുളവാക്കിയേക്കും.

എണ്ണ വില അമേരിക്കന്‍ ഫ്യൂച്ചര്‍ മാര്‍ക്കറ്റില്‍ നെഗറ്റീവ് തലത്തിലേക്ക് പോവുകയും ലോകമെമ്പാടുമുള്ള തന്ത്രപ്രധാനമായ എണ്ണ സംഭരണികള്‍ നിറയുന്നതിന്റെ വക്കിലെത്തുകയും ചെയ്തതോടെ അമേരിക്കയിലെ എണ്ണക്കിണറുകളില്‍ 40 ശതമാനത്തോളം പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്.

കോവിഡിനെ തുടര്‍ന്ന് ലോകമെമ്പാടും പ്രമുഖ ലോകരാജ്യങ്ങളിലെല്ലാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ധന ആവശ്യം കുത്തനെ ഇടിഞ്ഞതോടെയാണ് എണ്ണ വിപണിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ്, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉല്‍പ്പാദനത്തിലെ വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചെങ്കിലും രാജ്യാന്തര വിപണിയില്‍ വില പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല.

ഇന്ധന ആവശ്യം കുറഞ്ഞതോടെ വന്‍കിട എണ്ണ സംഭരണികളില്‍ സൂക്ഷിച്ചിട്ടുള്ള അസംസ്‌കൃത എണ്ണയുടെ സംസ്‌കരണവും കമ്പനികള്‍ കുറച്ചു. ഇതോടെ സംഭരണികള്‍ നിറയാനും തുടങ്ങി.

എണ്ണ വില മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ കൂറ്റന്‍ എണ്ണ കപ്പലുകളില്‍ ചരക്ക് നിറച്ച ട്രേഡര്‍മാര്‍, വില മെച്ചപ്പെടാത്തതിനാല്‍ ചരക്കിറക്കാനാകാതെ ടാങ്കറില്‍ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയാണ്. ഇതോടെ ഒഴിഞ്ഞ ടാങ്കറുകളുടെ ലഭ്യതയിലും ലോക വിപണിയില്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്.

ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ വില്‍ക്കാനോ, ചരക്ക് നീക്കാനോ പറ്റാത്ത സ്ഥിതിയില്‍ എണ്ണ കിണറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുക മാത്രമാണ് വഴി. ഇത് ലോകത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെ ഇടയാക്കും. പ്രവര്‍ത്തനം നിര്‍ത്തിവെച്ച എണ്ണക്കിണര്‍ വീണ്ടും പുനഃരാരംഭിക്കാന്‍ വലിയ നിക്ഷേപം വേണ്ടിവരും. എണ്ണ ഉല്‍പ്പാദനം നിര്‍ത്തുന്നതോടെ ലക്ഷക്കണക്കിന് തൊഴിലുകള്‍ നഷ്ടമാകും. എണ്ണ വിലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ തകരും.

എണ്ണ മേഖലയില്‍ വന്‍തോതില്‍ വായ്പ നല്‍കിയിരിക്കുന്ന ലോകത്തെ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റും മോശമാകും. കോവിഡ് ബാധയ്ക്ക് മുന്‍പ് അമേരിക്കയിലെ എണ്ണ കമ്പനികള്‍ 650 എണ്ണ കിണറുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അതില്‍ 40 ശതമാനം എണ്ണ കിണറുകളും അടച്ചുപൂട്ടി.

ഇത്തരം നടപടികള്‍ അമേരിക്കയില്‍ മാത്രം ഒതുങ്ങില്ല. ആഫ്രിക്കയിലെ ദരിദ്ര രാജ്യമായ ചാഡ്, വിയറ്റ്‌നാം, ബ്രസീല്‍ എന്നിവിടങ്ങളിലെ ഉല്‍പ്പാദനകരും സമാനമായ നടപടികളിലേക്ക് കടക്കുകയാണ്. സൗദി അറേബ്യ, റഷ്യ എന്നിവയുള്‍പ്പടെയുള്ള ഒപെക് പ്ലസ് രാജ്യങ്ങളില്‍ പ്രതിദിന എണ്ണ ഉല്‍പ്പാദനത്തില്‍ 20 ശതമാനം കുറവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.

ഓരോ ആഴ്ചയിലും ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലേക്കായി 50 ദശലക്ഷം ബാരല്‍ എണ്ണ സംഭരണികളിലേക്ക് പോകുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളിലെ ഉപഭോഗം കുത്തനെ ഇടിഞ്ഞതോടെ സംഭരണികളും നിറഞ്ഞു തുടങ്ങി. ലോകത്തെ എണ്ണ സംഭരണികള്‍ ജൂണ്‍ അവസാനത്തോടെ നിറയുമെന്നാണ് കണക്കുകൂട്ടല്‍. അതിനിടെ കാലിഫോര്‍ണിയ തീരങ്ങളില്‍ ചരക്ക് ഇറക്കാത്ത എണ്ണ ടാങ്കറുകള്‍ നങ്കൂരമിട്ടുകിടക്കുകയാണ്.

കോവിഡിന് മുമ്പ് ലോകത്തെ പ്രതിദിന എണ്ണ ഉപഭോഗം 100 ദശലക്ഷം ബാരല്‍ ആയിരുന്നുവെങ്കില്‍ അതിപ്പോള്‍ 60 ശതമാനത്തിലും താഴെ ആകുന്നുണ്ട്. ലോക്ക്ഡൗണുകള്‍ പിന്‍വലിച്ചാലും എണ്ണയുടെ ഡിമാന്റ് അതിവേഗം സാധാരണനിലയിലേക്ക് എത്താനും സാധ്യതയില്ല.

എണ്ണ സംസ്‌കരണ ശാലകളും ഇതിനിടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുകൊണ്ടിരിക്കുകയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News