നവകേരള നിര്‍മ്മാണം: പഴഞ്ചന്‍ നയങ്ങളും നിയമങ്ങളും പൊളിച്ചെഴുതാനാകുമോ?

Update: 2018-09-03 07:30 GMT

പ്രളയക്കെടുതിയുടെ ആഘാതത്തില്‍ നിന്നും കേരളത്തെ കരകയറ്റുകയെന്ന അതീവ ബൃഹത്തും ദുഷ്‌ക്കരവുമായൊരു ദൗത്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളീയ സമൂഹമാകട്ടെ ജാതിമത വര്‍ഗ വര്‍ണ്ണ രാഷ്ട്രീയ ഭേദങ്ങളില്ലാതെ മഹത്തായ ഈയൊരു ലക്ഷ്യത്തിന് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നിരിക്കുകയുമാണ്.

അതോടൊപ്പം ദേശീയ അന്തര്‍ദേശീയ സമൂഹവും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുകയാണ്. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കൂട്ടായ്മയാണ് പ്രളയകാലത്തും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ ഘട്ടത്തിലും പ്രകടമാകുന്നത്.

നവകേരള നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒട്ടുംതന്നെ ചെറുതല്ല. ഏതാനും വീടുകളും പാലങ്ങളും റോഡുകളും പുനര്‍നിര്‍മ്മിക്കുകയെന്ന ഉപരിപ്ലവമായൊരു ആശയത്തിലേക്ക് ഇതൊരിക്കലും ചുരുങ്ങിപ്പോകാന്‍ പാടില്ല.

മറിച്ച് പ്രളയക്കെടുതിയില്‍ അകപ്പെട്ട ജനതയെ ഒന്നടങ്കം പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും അതോടൊപ്പം രാജ്യാന്തര തലത്തില്‍ മാതൃകയാകുന്നൊരു വികസന പ്രക്രിയയും ജീവിതനിലവാര ശൈലിയും കേരളത്തില്‍ സാധ്യമാക്കുകയും ചെയ്യണം.

ലോകത്തിലെ ഏറ്റവും ആധുനികവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായൊരു സംസ്ഥാനമായി കേരളത്തെ മാറ്റണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ഇത്തരത്തില്‍ പ്രളയ ദുരന്തത്തെ വലിയൊരു അവസരമാക്കി മാറ്റാനാകുമോ എന്നതാണ് ഏറ്റവും കാതലായ ചോദ്യം. ഇതിലേക്കായി മലയാളികളുടെ ഒത്തൊരുമയും സഹകരണവും സ്‌നേഹവും വിശ്വാസവും ബുദ്ധിയും കരുത്തുമൊക്കെ പ്രകടിപ്പിക്കാനുള്ള ഒരു സുപ്രധാന അവസരമാക്കി ഇതിനെ മാറ്റുകയാണ് വേണ്ടത്.

പുതിയൊരു കേരളത്തിന്റെ നിര്‍മ്മിതിക്കായി ഇന്നേവരെ പിന്തുടര്‍ന്നുവന്ന നയങ്ങളും നിയമങ്ങളും വിശ്വാസങ്ങളും കാഴ്ചപ്പാടുകളുമൊക്കെ തിരുത്തിയേ മതിയാകൂ. അതിലേക്കായി വിവിധ മേഖലകളിലെ വിദഗ്ധര്‍ മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ തീര്‍ച്ചയായും ഗുണകരമായിരിക്കും.

സമ്പത്ത് സ്വരൂപിക്കല്‍

  • പുനര്‍നിര്‍മ്മാണത്തിനാവശ്യമായ ഭീമമായ തുക വിവിധ സ്രോതസുകളില്‍ നിന്നും കണ്ടെത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുകയാണ്.

ആസൂത്രണം

  • ഓരോ ജില്ലയിലും വിവിധ മേഖലകളിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുക.
  • നവകേരള സൃഷ്ടിക്കായി വിവിധ മേഖലകളില്‍ നടപ്പാക്കാവുന്ന നൂതന പദ്ധതികള്‍ പ്രത്യേകമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്.
  • ഓരോ പദ്ധതിക്കും വേണ്ടിവരുന്ന ചെലവ് കണക്കാക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ അവ നടപ്പാക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കുകയും വേണം.
  • ആഗോളതലത്തില്‍ വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്താന്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കുകയും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിക്കുകയും വേണം.

പദ്ധതി നടപ്പാക്കല്‍

  • നവകേരള നിര്‍മ്മിതിക്കായി സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി ചെയര്‍മാനായി സ്റ്റാറ്റിയൂട്ടറി അധികാരങ്ങളുള്ള ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കുക.
  • അതിവേഗത്തിലുള്ള തീരുമാനങ്ങളും കര്‍ക്കശമായ പദ്ധതി നിര്‍വ്വഹണവും സുതാര്യവുമായ പ്രവര്‍ത്തനവുമായിരിക്കണം അതോറിറ്റിയുടെ മുഖമുദ്ര

    ഓരോ ജില്ലയിലും അതേറിറ്റിയുടെ പ്രത്യേക ടീം രൂപീകരിക്കുക.

  • അതോറിറ്റിയുടെ പ്രത്യേക വെബ്‌സൈറ്റ് തുറന്ന് ഏറ്റെടുത്തിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ അതില്‍ പ്രസിദ്ധീകരിക്കുക.
  • ഓരോ പദ്ധതിയുടെയും സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് ടാര്‍ജറ്റ് നിശ്ഛയിക്കുക.
  • പദ്ധതി നിര്‍വ്വഹണത്തില്‍ ഓരോ മാസവും കൈവരിച്ച മുന്നേറ്റം എന്തൊക്കെയാണ് എന്നത് വെബ്്സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
  • നവകേരള സൃഷ്ടിക്കായി സമാഹരിച്ച തുകയുടെയും പ്രതിമാസ ചെലവിന്റെയും വിശദാംശങ്ങള്‍ സൈറ്റിലൂടെ വെളിപ്പെടുത്തി സുതാര്യത ഉറപ്പാക്കുക.

ഭാവികാല വികസനം

  • കേരളത്തിന്റെ ഭാവികാല വികസനത്തിന് വേണ്ട ശക്തമായൊരു അടിത്തറക്ക് രൂപംകൊടുക്കുക.
  • പ്രകൃതി സംരംക്ഷണവും വികസനവും ഉറപ്പാക്കുന്ന സന്തുലിതവും സുസ്ഥിരവുമായ വികസന പ്രക്രിയക്ക് രൂപംകൊടുക്കുക.
  • മാറിയ സാഹചര്യങ്ങള്‍ക്ക് അനുസരണമായി ഭൂവിനിയോഗത്തിന് വ്യക്തവും കൃത്യവുമായ മാര്‍ഗരേഖ തയ്യാറാക്കുക.
  • കൃഷിക്ക് പ്രമുഖ്യം നല്‍കുന്നതോടൊപ്പം സംസ്ഥാനത്ത് അവശേഷിക്കുന്ന നദികള്‍, തണ്ണീര്‍തടങ്ങള്‍ തുടങ്ങിയവയെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുക.
  • മലയോര മേഖലയിലെ ഭൂവിനിയോഗത്തിനും വികസനത്തിനും സുസ്ഥിര മാതൃകകള്‍ കണ്ടെത്തുക.
  • മാലിന്യ നിര്‍മ്മാര്‍ജ്ജനം മുഖ്യ അജണ്ടയായി ഏറ്റെടുത്ത് അതിനുള്ള ഏറ്റവും മികച്ച രാജ്യാന്തര മാതൃകകള്‍ കണ്ടെത്തുക.
  • വ്യാപാരം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളുടെ സത്വര മുന്നേറ്റത്തിന് ഏറ്റവും അനുയോജ്യമായ പ്ലാനുകള്‍ കണ്ടെത്തി നടപ്പാക്കുക.
  • കാലാവസ്ഥാ പ്രവചനം, ഡാം മാനേജ്‌മെന്റെ എന്നീ രംഗങ്ങളില്‍ വിദഗ്ധരുടെ സേവനത്തോടൊപ്പം ഏറ്റവും ആധുനിക സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിക്കുക.
  • പാര്‍പ്പിട നിര്‍മ്മാണ രംഗത്ത് പ്രകൃതി വിഭവങ്ങളുടെ ചൂഷണം പരമാവധി കുറക്കാനുള്ള നൂതന നിര്‍മ്മാണ രീതികള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക.

നിയമങ്ങളും ചട്ടങ്ങളും പരിഷ്‌ക്കരിക്കുക

  • പദ്ധതി നിര്‍മ്മാണത്തിലെ വന്‍കാലതാമസം ഒഴിവാക്കുന്നതിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും നിയമങ്ങളും ചട്ടങ്ങളും പരിഷ്‌ക്കരിക്കുക.
  • തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഇത്തരം ഭേദഗതികള്‍ ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
  • സര്‍ക്കാരിന്റെ അനാവശ്യ ചെലവുകള്‍ക്ക് കര്‍ക്കശമായ നിയന്ത്രണം നടപ്പാക്കുക.
  • ഇക്കാര്യത്തിലും നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
  • സര്‍ക്കാരിന്റെയും ബ്യൂറോക്രസിയുടെ വലിപ്പം കുറക്കുകയും പ്രവര്‍ത്തനക്ഷമത വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.
  • അഴിമതിരഹിത കേരളം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌ക്കരിച്ച് പ്രായോഗിക തലത്തിലെത്തിക്കുക.

Similar News