റീറ്റെയ്ല്‍ വിപണിയില്‍ വന്‍കുതിപ്പ്: വായ്പാ ഉപഭോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞു

Update:2018-09-28 10:37 IST

ഇന്ത്യയിലെ മൊത്തം റീറ്റെയ്ല്‍ വായ്പാ എക്കൗണ്ടുകളുടെ എണ്ണം 2018 സെപ്തംബര്‍ അവസാനത്തോടെ 10 കോടി കവിഞ്ഞതായി ട്രാന്‍സ്‌യൂണിയന്‍ സിബിലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തെ അപേക്ഷിച്ച് 2018-19ലെ രണ്ടാംപാദത്തില്‍ രാജ്യത്തെ മൊത്തം റീറ്റെയ്ല്‍ വായ്പാ എക്കൗണ്ടുകളില്‍ 26.2 ശതമാനം വര്‍ദ്ധനവാണ്് ഉണ്ടായിരിക്കുന്നത്.

ഇക്കാലയളവില്‍ രാജ്യത്തെ മൊത്തം റീറ്റെയ്ല്‍ വായ്പകളില്‍ 27.3 ശതമാനം വര്‍ദ്ധനവ് ഉണ്ടായതോടെ മൊത്തം വായ്പാ തുക 27.9 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു. റീറ്റെയ്ല്‍ എക്കൗണ്ടുകളിലുണ്ടായ വര്‍ദ്ധനവാണ് ഇതിനൊരു പ്രധാന കാരണം. റീറ്റെയ്ല്‍ വായ്പാ രംഗത്ത് തുടര്‍ന്നും ശക്തവും സുസ്ഥിരവുമായ വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

റീറ്റെയ്ല്‍ വായ്പകള്‍ക്ക് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും കൂടുതല്‍ ഊന്നല്‍ കൊടുത്തതാണ് ഈ മേഖലയുടെ കുതിപ്പിന് കളമൊരുക്കിയത്. നിലവിലുള്ള ഉപഭോക്താക്കളുടെ വായ്പാ തുക ഉയര്‍ത്തിയതിന് പുറമേ റീറ്റെയ്ല്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുയുമാണ് ഇവര്‍ ചെയ്തത്. 20 മുതല്‍ 49 വയസ് വരെയുള്ള ഉപഭോക്താക്കളാണ് ഇന്ത്യയിലെ റീറ്റെയ്ല്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും. ഇവരാണ് ഈ ഇന്‍ഡസ്ട്രിയെ നയിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സമ്പാദ്യത്തില്‍ നിന്നും ഉപഭോഗത്തിലേക്ക്

സമ്പാദ്യത്തിന് പ്രമുഖ്യം, കുറഞ്ഞ കടം എന്നതില്‍ നിന്നും ഉപഭോഗത്തിലൂന്നിയുള്ള ഒരു സമ്പദ്ഘടനയായി ഇന്ത്യ മാറുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ജനസംഖ്യാ നിരക്കിലെ വര്‍ദ്ധനവ്, നഗരവല്‍ക്കരണം, ഡിജിറ്റലൈസേഷനിലെ മുന്നേറ്റം, ഇ-കൊമേഴ്‌സിന്റെ വര്‍ദ്ധനവ്, റീറ്റെയ്ല്‍ വായ്പകളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളാണ് രാജ്യത്തെ റീറ്റെയ്ല്‍ വിപണിയുടെ ശക്തമായ മുന്നേറ്റത്തിന് വഴിയൊരുക്കുന്നത്.

ഭവന വായ്പ, വാഹന വായ്പ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, വസ്തു ഈടിലെ വായ്പ, യൂസ്ഡ് കാര്‍ വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവക്ക് പുറമേ വിവാഹം, ജൂവലറി, യാത്ര എന്നിവക്കായുള്ള വായ്പകളും റീറ്റെയ്ല്‍ വായ്പകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 2018 ജൂണില്‍ റീറ്റെയ്ല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 23.9 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

റീറ്റെയ്ല്‍ വായ്പ നേടിയിട്ടില്ലാത്തവരും എന്നാല്‍ അതിന് യോഗ്യരായിട്ടുള്ളവരുമായ ഉപഭോക്താക്കള്‍ ഇനിയും ഏകദേശം 12 കോടിയോളം വരുമെന്നാണ് കണക്ക്. ഇത് രാജ്യത്തെ റീറ്റെയ്ല്‍ വിപണ മേഖലക്ക് മാത്രമല്ല റീറ്റെയ്ല്‍ വായ്പാ രംഗത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക്് മുന്നിലും വലിയൊരു അവസരമാണ് തുറന്നിട്ടിരിക്കുന്നത്.

Similar News