[Live Update] : ബിസിനസ് വാർത്തകൾ
ധനം ബിസിനസ് വാർത്തകളും തത്സമയ അപ്ഡേറ്റുകളും അറിയാം
2024-10-04 11:40 GMT
ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 45 ശതമാനം വരെ നികുതി ചുമത്താന്‍ ഒരുങ്ങുന്നു. 10 ഇ.യു അംഗ രാജ്യങ്ങള്‍ ഇതിനെ അനുകൂലിച്ചു. ജര്‍മനിയും മറ്റു നാലു രാജ്യങ്ങളും എതിര്‍ത്തു. 12 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇതോടെ യൂറോപ്യന്‍ കമീഷന് അഞ്ചു വര്‍ഷത്തേക്ക് നികുതി ചുമത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകാം. യൂറോപ്യന്‍ ക്ഷീര, മദ്യ, ഓട്ടോ മേഖലകള്‍ക്ക് തങ്ങള്‍ കൂടിയ നികുതി ചുമത്തുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.
2024-10-04 11:18 GMT
സെന്‍സെക്‌സ്: 81,688.45 (-0.98%)
നിഫ്റ്റി 50: 25,049.85 (-0.79%)
2024-10-04 10:39 GMT
ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ നാലു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. 83.9725 ആണ് വെള്ളിയാഴ്ചത്തെ വിനിമയ നിരക്ക്. അസംസ്‌കൃത എണ്ണവിലക്കയറ്റം, ഓഹരി വിപണിയില്‍ നിന്നുള്ള നിക്ഷേപം തിരിച്ചെടുക്കല്‍, മിഡില്‍ ഈസ്റ്റ് സാഹചര്യം എന്നിവയാണ് മൂല്യത്തകര്‍ച്ചക്ക് കാരണം.
2024-10-04 10:34 GMT
ഇടുക്കി ജില്ലയിലെ ആദ്യത്തെ ടോള്‍ പ്ലാസ പ്രവര്‍ത്തനം തുടങ്ങി. ദേവികുളത്തിനടുത്ത് ളാക്കാടാണിത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് ടോള്‍ പ്ലാസ. ജനുവരിയില്‍ പണി തീര്‍ന്നെങ്കിലും പ്രതിഷേധവും മറ്റും മൂലം ടോള്‍പിരിവ് നീട്ടിവെക്കേണ്ടി വന്നു. കാറിനും മറ്റു ചെറുവാഹനങ്ങള്‍ക്കും ഒരു ദിശയില്‍ 35 രൂപയാണ് ചാര്‍ജ്. രണ്ടു ദിശയിലേക്കും 55 രൂപ.
2024-10-04 10:19 GMT
ഹിമാചല്‍ പ്രദേശിലെ നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഓരോ ടോയ്‌ലറ്റ് സീറ്റിനും 25 രൂപ നികുതി ചുമത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വിവാദത്തില്‍. ഇത്തരമൊരു വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇപ്പോള്‍ നിഷേധിക്കുകയാണ് മുഖ്യമന്ത്രി.
2024-10-04 08:39 GMT
വെജിറ്റേറിയന്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് ഒരു വര്‍ഷം കൊണ്ട് 11 ശതമാനം വില കൂടിയതായി ക്രിസില്‍ പഠന റിപ്പോര്‍ട്ട്. സവാള, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വിലയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. 2023ല്‍ ഒരു വെജിറ്റേറിയന്‍ ഭക്ഷണത്തിന് 28.1 രൂപയായിരുന്നത് ഇപ്പോള്‍ 31.3 രൂപയിലെത്തി.
2024-10-04 08:19 GMT
ബേക്കറി കേക്കുകളില്‍ അര്‍ബുദത്തിന് കാരണമാക്കുന്ന നിറങ്ങള്‍ ഉപയോഗിക്കുന്നതായി കര്‍ണാടകത്തിലെ പരിശോധനകളില്‍ കണ്ടെത്തി. റെഡ് വെല്‍വെറ്റ്, ബ്ലാക് ഫോറസ്റ്റ് കേക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം നിറങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സംസ്ഥാന ഭക്ഷ്യസുരക്ഷ ഗുണനിലവാര വിഭാഗം.
2024-10-04 08:08 GMT
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി. ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സഭ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു.
2024-10-04 07:20 GMT
മസ്‌കത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ പുകയും ദുര്‍ഗന്ധവും കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച വിമാനക്കമ്പനി യാത്രക്കാര്‍ക്ക് പകരം വിമാനം ഏര്‍പ്പാടാക്കുമെന്നും അറിയിച്ചു.
2024-10-04 05:32 GMT
ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ മറികടന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനായി. മെറ്റ പ്ലാറ്റ്‌ഫോമുകളുടെ ഓഹരിയിലുണ്ടായ കുതിപ്പാണ് നേട്ടത്തിന് കാരണം. ബ്ലൂംബര്‍ഗ് സൂചിക പ്രകാരം 20,620 കോടി ഡോളറാണ് സുക്കര്‍ബര്‍ഗിന്റെ ആസ്തി. 25,600 കോടി ഡോളര്‍ ആസ്തിയുള്ള ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ഒന്നാമന്‍.