യു.എസ് വിസക്ക് പുതിയ ഇളവുകള്‍; കാത്തിരിപ്പ് കുറക്കാം; ടെക്കികള്‍ക്ക് സുവര്‍ണാവസരം

നോണ്‍ എമിഗ്രന്റ് വിസ അപേക്ഷകളില്‍ ഇന്റര്‍വ്യൂ സമയം മാറ്റാന്‍ അനുമതി

Update:2024-12-18 20:56 IST
image credit : canva

യു.എസ് വിസ നടപടി ക്രമങ്ങളില്‍ ജനുവരി ഒന്നു മുതല്‍ പുതിയ ഇളവുകള്‍. അമേരിക്കന്‍ വിസക്കായി ശ്രമിക്കുന്ന ഇന്ത്യക്കാര്‍ക്ക് കാത്തിരിപ്പിന്റെ സമയം കുറയും. എച്ച് വണ്‍ ബി വിസകള്‍ക്കുള്ള ചട്ടങ്ങളില്‍ കൊണ്ടു വന്ന ഇളവുകള്‍ ഇന്ത്യക്കാരായ ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പടെയുള്ള വിദഗ്ധ  ജീവനക്കാര്‍ക്ക് പുതിയ അവസരം തുറക്കും. യു.എസിലേക്കുള്ള നോണ്‍ എമിഗ്രന്റ് വിസകളില്‍ക്കുള്ള ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കുന്ന സമയക്രമത്തിലാണ് ഇളവുകള്‍ വരുന്നത്. അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രൊഫഷണലുകളെ വേഗത്തില്‍ റിക്രൂട്ട്‌ചെയ്യുന്നതിനാണ് എച്ച വണ്‍ ബി വീസ ചടങ്ങളില്‍ ഇളവ് വരുത്തുന്നത്. സ്റ്റുഡന്റ് വീസയില്‍ നിന്ന് തൊഴില്‍ വീസയിലേക്ക് മാറുന്നതിനും ഇത് ഏറെ സഹായിക്കും.

ഇന്റര്‍വ്യൂ സമയങ്ങളില്‍ ഇളവ്

നോണ്‍ ഇമിഗ്രന്റ് വിസകള്‍ക്കുള്ള ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കാനുള്ള കാത്തിരിപ്പ് കുറക്കാന്‍ പുതിയ നിയമം കൊണ്ടു വരുന്നതായാണ് ഇന്ത്യയിലെ യു.എസ് എംബസി അറിയിച്ചത്. നിലവില്‍ അനുവദിക്കപ്പെട്ട ഇന്റര്‍വ്യൂ സമയത്തില്‍ അധിക ചാര്‍ജ് ഇല്ലാതെ മാറ്റം വരുത്താനാകും. ഇത്തരത്തില്‍ മാറ്റം വരുത്തിയാല്‍ നിര്‍ബന്ധമായും ആ സമയത്ത് ഹാജരാകണം. ഇല്ലെങ്കില്‍ പുതിയ ബുക്കിംഗ് എടുക്കേണ്ടി വരും. വിസക്കായുള്ള കാത്തിരിപ്പ് കുറക്കാനും എല്ലാവര്‍ക്കും അവസരം ലഭിക്കാനുമാണ് ഈ മാറ്റമെന്ന് എംബസി അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ നിന്ന്  വിസ ലഭിക്കുന്നതിന് വലിയ കാലതാമസമാണ് നേരിടുന്നത്. കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്നത് ചെന്നൈ യു.എസ് കോണ്‍സുലേറ്റിലാണ്. 479 ദിവസമാണ് ഇവിടെ കാത്തിരിപ്പ് സമയം. മുംബൈ (438 ദിവസം), ഡല്‍ഹി (441), കൊല്‍ക്കത്ത (436), ഹൈദരാബാദ് (429) എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിലെ കാത്തിരിപ്പ് സമയം. എന്നാല്‍, വിസിറ്റ് വിസക്കായി അപേക്ഷിക്കുന്നവര്‍ക്ക് കൊല്‍ക്കത്തയില്‍ രണ്ട് ദിവസം വരെ കാത്തിരുന്നാല്‍ മതി. ഡല്‍ഹിയില്‍ ഇത് 21 ദിവസമാണ്. മറ്റു രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് യു.എസ് വിസക്ക് വലിയ കാത്തിരിപ്പ് വേണ്ടി വരുന്നുണ്ട്. അബുദബിയിലുള്ള ഇന്ത്യക്കാര്‍ക്ക് 388 ദിവസവും ദുബായിലുള്ളവര്‍ക്ക് 351 ദിവസവും കാത്തിരിക്കണം. 2023 ല്‍ ഇന്ത്യയില്‍ നിന്ന് 14 ലക്ഷം വീസ അപേക്ഷകളാണ് യു.എസിന് ലഭിച്ചത്. അപേക്ഷകരുടെ എണ്ണം കൂടി വരികയാണ്.

ഐ.ടി പ്രൊഫണലുകള്‍ക്ക് വേഗത്തില്‍ വിസ

അധികാരമൊഴിയുന്ന ബൈഡന്‍ സര്‍ക്കാരിന്റെ പുതിയ നിയമമനുസരിച്ച് എച്ച് വണ്‍ ബി വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സ്റ്റുഡന്റ് എഫ് വണ്‍ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്ക് മാറ്റാനുള്ള ചട്ടങ്ങളിലാണ് പ്രധാനമായും ഇളവ്. യു.എസിലെ കമ്പനികള്‍ക്ക് വിദഗ്ധ  തൊഴിലാളികളെ എളുപ്പത്തില്‍ റിക്രൂട്ട് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇത് വഴി തുറക്കുന്നത്. ഇന്ത്യയിലെയും ചൈനയിലെയും ഐ.ടി പ്രൊഫണലുകള്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എച്ച് വണ്‍ ബി വിസക്ക് അംഗീകാരം ലഭിച്ചവരുടെ അപേക്ഷകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അധികാരമൊഴിയാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്‍ സര്‍ക്കാര്‍ വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്.

Tags:    

Similar News