ഷോപ്പിംഗ് മാളുകളെ വെല്ലുന്ന സൗകര്യങ്ങള്‍! ദിവസങ്ങൾക്കുള്ളിൽ ഹിറ്റായി എറണാകുളത്തെ പുതിയ മാര്‍ക്കറ്റ്

72 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെയാണ് എറണാകുളം മാര്‍ക്കറ്റ് പണിതിരിക്കുന്നത്

Update:2024-12-18 20:22 IST

പുതുതായി നിർമിച്ച എറണാകുളം മാർക്കറ്റ് സമുച്ചയം

ഇത്രയും കാലം ചെളിയിലാണ് കച്ചവടം ചെയ്തത്, പുതിയ മാര്‍ക്കറ്റ് കെട്ടിടം വന്നതോടെ അതൊക്കെ മാറി. ഇപ്പോള്‍ അടിപൊളിയായി കച്ചവടം ചെയ്യാന്‍ കഴിയും. ഇവിടേക്ക് വരുന്ന ആളുകളും ഹാപ്പിയാണ് - രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത എറണാകുളം മാര്‍ക്കറ്റിലെ പുതിയ കെട്ടിടത്തിലേക്ക് മാറിയ വ്യാപാരികളില്‍ ഒരാളായ തജിക്കാണ് ഇങ്ങനെ പറയുന്നത്. ചെറുപ്പക്കാരനായ ഇദ്ദേഹം എറണാകുളം മാര്‍ക്കറ്റിലെ മൂന്നാം തലമുറ വ്യാപാരികളില്‍ പെട്ടവരാണ്. അപ്പൂപ്പനും അച്ഛനും ഇവിടുത്തെ വ്യാപാരികളായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പുതിയ മാർക്കറ്റിലെ വ്യാപാരികളെല്ലാം ആവേശത്തിലാണ്.
https://youtu.be/LaUMzntX-F0?si=cRuuSvxnRgbB5xu2
മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ മുഖത്താകട്ടെ കൗതുകമായിരുന്നു. ഇത്രയും സൗകര്യങ്ങളുള്ള മാർക്കറ്റ് കാണുന്നത് ആദ്യമായെന്നാണ് പലരുടെയും അഭിപ്രായം.  മാധ്യമങ്ങളിലൂടെ ഉദ്ഘാടന വാര്‍ത്തയറിഞ്ഞ് മാര്‍ക്കറ്റ് കാണാന്‍ മാത്രമെത്തുന്നവരും കുറവല്ല. സംഗതിയൊക്കെ കൊള്ളാം, പക്ഷേ ഇതേ രീതിയില്‍ പരിപാലിക്കണമെന്ന് അധികാരികളെ ഓര്‍മിപ്പിച്ചാണ് ആളുകള്‍ മടങ്ങുന്നത്. വിദേശികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളും മാര്‍ക്കറ്റ് കാണാനെത്തുന്നുണ്ട്. എറണാകുളത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ മറൈന്‍ ഡ്രൈവിന് സമീപത്തായതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടേക്കെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

ലോകോത്തര നിലവാരം

കൊച്ചി മുന്‍സിപ്പല്‍ കോര്‍പറേഷന് വേണ്ടി കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ് ആധുനിക നിലവാരത്തില്‍ 72 കോടി രൂപ ചെലവിട്ട് 19,990 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 4 നിലകളിലായി പുതിയ മാര്‍ക്കറ്റ് സമുച്ചയം നിര്‍മിച്ചത്. ലോകോത്തര മാര്‍ക്കറ്റിന് ഉതകുന്ന രീതിയില്‍, സാധനങ്ങള്‍ കയറ്റുന്നതിനും ഇറക്കുന്നതിനു വേണ്ടി പ്രത്യേക സ്ഥലം, ശൗച്യാലയങ്ങള്‍, സോളാര്‍ ലൈറ്റുകള്‍, അഗ്‌നിസുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍, സുരക്ഷാ ക്യാമറകള്‍, മഴവെള്ള സംഭരണി, ജല വിതരണത്തിനു വേണ്ടി 30,000 ലിറ്റര്‍ ശേഷിയുള്ള ജല ടാങ്ക്,കാര്‍ പാര്‍ക്കിംഗ്, റാംപ് സൗകര്യം, മാലിന്യ സംസ്‌കരണ സംവിധാനം, കൃത്യതയോടെ രൂപം നല്‍കിയ ഡ്രയിനേജ് സിസ്റ്റം, ലിഫ്റ്റുകള്‍ തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
Tags:    

Similar News