'കള്ളി'യും പുത്തഞ്ചേരിയും; ഒരു ദീപ്തമായ ഓർമ്മ

Update:2020-07-22 10:35 IST

കള്ളിക്കാട് രാമചന്ദ്രനോടൊപ്പമാണ് ഞാന്‍  (കള്ളി എന്ന് വിളിക്കും) ഗിരീഷ് പുത്തഞ്ചേരിയെ ആദ്യം കാണുന്നത്. തൊണ്ണൂറുകളുടെ അവസാനം തൈക്കാട്ടെ ഹോട്ടല്‍ അമൃതയില്‍ വെച്ച്. വൈദ്യരുടെ ഹോട്ടല്‍ എന്നും പറയും. ഞാന്‍ തൊണ്ണൂറിന്റെ ആദ്യ വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോള്‍ വൈദ്യരുടെ മകന്‍, അമൃതയുടെ ഉടമസ്ഥന്‍ ഹരി മുരളി എന്റെ കമ്പനി Geoffrey Manners ന്റെ   വിതരണക്കാരന്‍.

ഹോട്ടലിന് പുറകിലാണ് ഹരിയുടെ ഓഫീസ്. ഒരു കാലത്തു രണ്ടാം നിര സിനിമാക്കാരുടെ ഇഷ്ട വാസസ്ഥലമായിരുന്നു അമൃത. സുരേഷ് ഗോപി വെളുത്ത പാന്റും ഷര്‍ട്ടും വെളുത്ത ഷൂസും ധരിച്ച് നടന്നു പോകുന്ന ഓര്‍മ്മയുണ്ട്.

കൂടാതെ  ജഗതി ശ്രീകുമാര്‍, സംഗീത സംവിധായകന്‍  എം.ജി.രാധാകൃഷണന്‍ തുടങ്ങിയ പ്രതിഭകളുടെ സായാഹ്ന താവളം. അവിടുത്തെ മയൂര ബാറില്‍ വൈകുന്നേരങ്ങളില്‍ അമൃത് നുണയാന്‍ വരുന്നവര്‍. ഹോട്ടലിന് പുറകിലുള്ള ഓഫീസിലേക്ക് പോകുന്ന വഴി ഇവരെയൊക്കെ പലപ്പോഴും കാണാറുണ്ടായിരുന്നു.

പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തിരുവനന്തപുരം സന്ദര്‍ശന വേള.
അന്നു വൈകുന്നേരം പങ്കജ് ഹോട്ടലില്‍ നിന്ന് ഞാനും കള്ളിക്കാടും  നടക്കാനിറങ്ങിയപ്പോള്‍ കള്ളി പറഞ്ഞു എന്റെ ഒരു ശിഷ്യന്‍ അമൃതയില്‍ താമസിക്കുന്നുണ്ട്. കാണണമെന്ന് പറയുന്നു. നടത്തത്തിനിടയില്‍ നമുക്കൊന്ന് കണ്ടാലോ? അതിനെന്താ? നമുക്ക് കാണാമല്ലോ. മുറിയില്‍ കണ്ട താടി വെച്ച മെലിഞ്ഞ ചെറുപ്പക്കാരന്‍ പെട്ടെന്നെഴുന്നേറ്റ് കള്ളിയുടെ കാലില്‍ കുനിഞ്ഞു തൊട്ടു. എന്നിട്ട് എന്നോട്  പറഞ്ഞു എന്റെ ഗുരുവാണ്. കള്ളി എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അടിമുടി നോക്കി.  'നമ്മുടെ അടുത്ത  സിനിമയില്‍ ഒരു നല്ല വേഷം കൊടുക്കാം. ഞാന്‍ അടുത്ത തിരക്കഥ  പ്ലാന്‍ ചെയ്യുന്നു.'' ഗിരീഷ് ഒരു സിനിമ തിരക്കഥ ചെയ്തു കഴിഞ്ഞ സമയം. എന്നെ സിനിമയിലഭിനയിപ്പിക്കണമെന്ന്!

ഞാന്‍ ഞെട്ടി. പഹയന്‍ ചതിക്കുമോ? വിഷയം മാറ്റാന്‍ ഞാന്‍ ഗിരീഷിന്റെ ചില പാട്ടുകളൊക്കെ മൂളി.
അയാള്‍ സന്തോഷത്തോടെ ചിലതൊക്കെ കൂടെപ്പാടി. എനിക്ക് ശരിക്കു കുളിര്‍ കോരിയെന്ന് പറയാം. അന്ന് തന്നെ പേരെടുത്ത ഇയാളുടെ വരികളും, പദസമ്പത്തും അസാധ്യമാണല്ലോ. വയലാറിന് ശേഷം  സിനിമാ ഗാന രംഗത്ത് ഏറ്റവും പ്രശസ്തന്‍. ഒരു സാധാരണക്കാരനായ എന്നെ ഇയാള്‍ ഒപ്പമായ് ഗണിക്കുന്നു!

പുസ്തകവായനയുണ്ടെന്നറിഞ്ഞപ്പോള്‍ ആള്‍ക്ക് ബഹു സന്തോഷം. മൂന്നു പേരും ചേര്‍ന്ന് കുറെ പുസ്തക,സിനിമാ, കഥാ വിചാരം നടന്നു.
ഗിരീഷ് അഭിമാനത്തോടെ പറഞ്ഞു. ''ഞാന്‍ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നുണ്ട്. അവതാരിക എഴുതാമെന്ന് പറഞ്ഞിരിക്കുന്നത് എം.ടി.യാണ്. പ്രകാശനം അടുത്ത മാസമുണ്ടാകും. അഭയനും കള്ളിച്ചേട്ടനും കൂടി കോഴിക്കോടിന്  വരുമോ?''

ഗ്ലാസിലുള്ള അമൃത് കുറെശ്ശെ സിപ് ചെയ്തു കൊണ്ടാണ് പറച്ചില്‍. രാവിലെ യോഗയും രാത്രി അമൃതും. ഗിരീഷ് സ്വയം കളിയാക്കുന്നു.
ഞങ്ങള്‍ക്ക് വന്നു കയറിയപ്പോഴേ അമൃത്  ഓഫര്‍ ചെയ്തു. കഴിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഉടനെ പൈനാപ്പിള്‍ ജ്യൂസ്. സ്‌നേഹം അനുഭവിപ്പിക്കുന്ന പെരുമാറ്റം. പദസമ്പത്തിന്റെ ചക്രവര്‍ത്തിയാണെന്ന ഭാവമൊന്നുമില്ല. കളിയും ചിരിയും തമാശയും  തന്നെ.

ഇയാള്‍ കലഹപ്രിയനെന്ന് കേട്ടത് വെറുതെയാണോ?
ഒരു നീണ്ട സൗഹൃദത്തിന്റെ തുടക്കമായിരുന്നെന്ന് ഞാനന്നറിഞ്ഞില്ല. ഇടയ്ക്ക് സിനിമാ ഗാനരചന ഉപജീവന മാര്‍ഗ്ഗമെന്ന ഏറ്റുപറച്ചില്‍. വേണ്ടത്ര കവിതയെഴുതാന്‍ പറ്റാത്ത വിഷമം. ഗിരീഷെഴുതുമ്പോള്‍ രണ്ടുമൊന്നെന്ന് ഞാന്‍ ആശ്വസിപ്പിച്ചു.
ശരിക്കും എനിക്കങ്ങനെയാണ് തോന്നിയിട്ടുള്ളതും.
ഞങ്ങളുടെ  പുറകെ  ഇറങ്ങി താഴെ വരെ വന്ന് യാത്രയാക്കി.

പുസ്തക പ്രകാശനത്തിന്റെ കാര്യം ഞാനും കള്ളിക്കാടും പിന്നെയൊട്ടോര്‍ത്തുമില്ല.
അതിന് ശേഷം പല തവണ എറണാകുളം - കോഴിക്കോട് ട്രെയിന്‍ യാത്രകളില്‍ ഗിരീഷിനെ കണ്ടു. ഒഴിവുള്ള അടുത്ത സീറ്റില്‍  വന്നിരുന്ന് സംസാരിക്കും. ഇടയ്ക്ക് മുറുക്കാന്‍ ചവയ്ക്കും. ഞങ്ങള്‍ ഒരുമിച്ച് പാട്ടുകള്‍ മൂളും. പുസ്തകങ്ങളെക്കുറിച്ച്, പോയ യാത്രകളെ കുറിച്ച് സംസാരിക്കും. കള്ളി പരിചയപ്പെടുത്തിയതു കൊണ്ടാണോ എന്തോ എന്നോട് ഒരിക്കല്‍ പോലും പലരും പറഞ്ഞിട്ടുള്ള മൂഡ് ഔട്ട് സ്വഭാവം കാണിച്ചില്ല. ഒരിക്കല്‍ ട്രെയിനിലെ ഒരു സെയില്‍സ്മാനോട്  വളരെ ദേഷ്യത്തില്‍ ഒച്ചയെടുക്കുന്നത് കണ്ടിട്ടുണ്ട്. മൂപ്പരെ വേണ്ട രീതിയില്‍ ബഹുമാനിച്ചില്ല എന്നതായിരുന്നത്രേ കാരണം!

കുറെ നാള്‍ കഴിഞ്ഞ് ഞാന്‍ ചെന്നൈയില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം ഗിരീഷ് വിളിച്ചു. ആള്‍ കോടമ്പാക്കത്തെ ഒരു റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലുണ്ട്. ജോലിത്തിരക്ക് കഴിഞ്ഞ്  ഒന്നു കാണാമോ എന്നു ചോദിച്ചു. കുറച്ചു ചെന്നൈക്കാരെ പരിചയപ്പെടുത്താമെന്ന്  തമാശ മട്ടില്‍ പറഞ്ഞു. സ്റ്റുഡിയോയില്‍ ആദ്യം പരിചയപ്പെടുത്തിയത് ഔസേപ്പച്ചനെ! അദ്ദേഹത്തിന് ഗിരീഷ് പറഞ്ഞ് എന്നെ അറിയാമത്രേ! എന്നെ  വലിയ സ്‌നേഹം, ഇഷ്ടം.

ആസ്വാദകനായി മാത്രമല്ല ഉറ്റ സ്‌നേഹിതനായിട്ടാണ് എന്നെ ഗിരിഷ് കാണുന്നത്! ചെന്നൈയില്‍ എന്താവശ്യത്തിനും എനിക്ക് ഇനി ഔസേപ്പച്ചനെ വിളിക്കാമെന്നാണ് ഗിരീഷ് പറഞ്ഞത്.
കാതോടു കാതോരം എപ്പോഴും കാതിലുണ്ടെന്ന് പറഞ്ഞപ്പോള്‍ പുതിയ സിനിമയായ 'എന്റെ വീട് അപ്പൂന്റേം' പാട്ടുകള്‍ കേള്‍ക്കണമെന്ന് സ്‌നേഹത്തോടെ ഔസേപ്പച്ചന്‍.

കുടുംബവുമൊത്ത് ഇടയ്ക്ക് കൂടണം എന്ന് ഔസേപ്പച്ചന്‍ പറഞ്ഞെങ്കിലും  നടന്നില്ല.
അവിടെയുണ്ടായിരുന്ന ചില വാദ്യകലാകാരന്മാരെയും എന്നെ ഗിരീഷ് പരിചയപ്പെടുത്തി. ഞാന്‍ പ്രിയസുഹൃത്താണെന്ന് പറഞ്ഞ്!
അടുത്ത വര്‍ഷം ഞാന്‍ ചെന്നൈ വിട്ടു.

വീണ്ടും എറണാകുളത്തെത്തി ജോലി തുടര്‍ന്നു .....
പിന്നെ ഒരിക്കല്‍, രാവണപ്രഭുവിലെ 'അറിയാതെ... അറിയാതെ...' എന്ന പാട്ടിന് ഗിരീഷിനു ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചു. ഭാര്യയാണെടുത്തത്. ആള്‍ ദൂരെയെവിടെയോ യാത്രയിലാണ്. ഞാന്‍
അഭിനന്ദനങ്ങള്‍ പറയാനേല്‍പ്പിച്ചു.

കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് മറ്റൊരു ദിവസം കള്ളിക്കാട്  ഇഹലോകം വിട്ട വിവരം പറയാന്‍ വിളിച്ചപ്പോള്‍ ഫോണിനറ്റത്ത് നിശബ്ദത. ഇടറിയ ശബ്ദത്തില്‍  തിരുവനന്തപുരത്ത് പോവാന്‍ പറ്റാത്തതിലെ വിഷമം പറഞ്ഞു. കൂട്ടത്തില്‍ എന്നോട് ക്ഷമ ചോദിച്ചു. അന്ന് അവാര്‍ഡ് അനുമോദനത്തില്‍  തിരിച്ചു വിളിക്കാന്‍ പറ്റാത്തതിന്. ഞാന്‍ അതു പ്രതീക്ഷിച്ചതുമല്ലല്ലോ? എത്രയോ പേര്‍ വിളിച്ചു കാണും അന്നത്തെ ദിവസം.

പിന്നെ ഏറെ നാള്‍  ഞങ്ങള്‍ നേരിട്ട് കാണാതെ കടന്നു പോയി....
ഗിരീഷിന് നല്ല സുഖമില്ല എന്ന് മറ്റൊരു കോഴിക്കോടന്‍ സുഹൃത്ത് ഗോപിയേട്ടന്‍ പറഞ്ഞറിഞ്ഞു. ഫോണില്‍ വിളിച്ചപ്പോള്‍, ചിരിച്ചു കൊണ്ട്, യോഗ യൊക്കെ മുടങ്ങാതെയുണ്ട്. ശരിയാകും. നമുക്ക് ഇടയ്ക്ക്  കാണണം, സംസാരിച്ചിരിക്കണം എന്ന് പറഞ്ഞു. ഇനി കള്ളിക്കാട് ഇല്ലല്ലോ നമുക്കൊപ്പം എന്ന ദുഃഖം രണ്ടു പേരും പങ്കുവെച്ചു....

പിന്നെ ഒരു ദിവസം ആ ചീത്ത വാര്‍ത്തയാണെത്തിയത്... എന്നും എന്നെ സന്തോഷിപ്പിച്ചിട്ടു മാത്രമുള്ള കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്‌റ്റേഷനില്‍ അന്നാദ്യമായി ഞാന്‍ സങ്കടത്തോടെ, ഉള്ളില്‍ തേങ്ങലോടെ ഇറങ്ങി.....

ചുണ്ടില്‍ ഒരു രാത്രി കൂടി വിട വാങ്ങവേ.. ഒരു പാട്ടു മൂളി വെയില്‍ വീഴവേ .... തത്തിക്കളിച്ചു.
ഇനിയിതു പോലെ ആരെഴുതും എന്നോര്‍ത്തു മനസ് പിടഞ്ഞു...

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News