എസ് ആര്‍ നായര്‍ പറയുന്നു; ദുരഭിമാനം വെടിയൂ, പഴയതിനെ മറന്ന് പുതിയ അവസരങ്ങള്‍ ചാടിപ്പിടിക്കൂ

Update:2020-04-11 18:53 IST

കോവിഡ് 19 മനുഷ്യരാശിയെ വെല്ലുവിളിക്കുന്ന വൈറസ് ബാധ മാത്രമല്ല. ലോകത്തിലെ എല്ലാത്തിനെയും കീഴ്‌മേല്‍ മറിക്കുന്ന ഒരു ഗെയിം ചെയ്ഞ്ചര്‍ കൂടിയാണ്. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ അതിനുമുമ്പുണ്ടായിരുന്നത് പോലെ ബിസിനസുകള്‍ തുടരാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. ഈ സാഹചര്യത്തില്‍ മാനേജ്‌മെന്റ് വിദഗ്ധനും മെന്ററും സീരിയല്‍ എന്റര്‍പ്രണറും ഗ്രന്ഥകാരനുമായ എസ് ആര്‍ നായര്‍ ചെറുകിട സംരംഭകര്‍ക്ക് നല്‍കുന്ന മാര്‍ഗനിര്‍ദേശം ഇതാ:

സാഹചര്യങ്ങള്‍ വളരെ പെട്ടെന്ന് സാധാരണ നിലയിലാകില്ല

ചെറുകിട ഇടത്തരം സംരംഭകരെ എസ്എംഇകള്‍ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഇതില്‍ 'എസ്' അഥവാ സ്‌മോള്‍ ബിസിനസുകളെ കാര്യം കഷ്ടത്തിലാണ്. നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍, അടുത്തടുത്ത വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, നിപ്പ പിന്നീട് ഇപ്പോഴുണ്ടായ കോവിഡ് എല്ലാം കൂടി അക്ഷരാര്‍ത്ഥത്തില്‍ സ്‌മോള്‍ ബിസിനസുകളെ ഞെരിച്ചമര്‍ത്തിയിരിക്കുകയാണ്.

കോവിഡ് വന്നതോടെ അവരുടെ വിപണി തന്നെ ഇല്ലാതായി. ഉല്‍പ്പാദനം നിലച്ചു. ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ പണമില്ല. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ജീവനക്കാര്‍ക്ക് വേതനം നല്‍കിയാല്‍ പിന്നെ മുന്നോട്ടുപോകാനാകില്ല. അന്നന്നത്തെ അന്നത്തിന് ബിസിനസ് ചെയ്ത് മുന്നോട്ടുപോയവരാണ് അവരെല്ലാം. ഈ പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കുക എന്നത് ബുദ്ധിമുട്ട് തന്നെയാണ്.

ലോക്ക്ഡൗണ്‍ തീരുമ്പോള്‍ എല്ലാം ശരിയാകുമെന്നും കരുതാനാകില്ല. പണം വന്നാലേ വിപണി ചലിക്കൂ. ജനങ്ങളുടെ കൈയില്‍ പണമില്ലെങ്കില്‍ വിപണിയിലേക്ക് അത് വരില്ല. ഡിമാന്റുണ്ടാവില്ല. പണം ചാക്രികമായി ചലിക്കാതെ എങ്ങനെ കാര്യങ്ങള്‍ സാധാരണനിലയിലേക്ക് എത്തും? ചില വിദഗ്ധര്‍ പറയുന്നത് 2020 എന്ന വര്‍ഷത്തെ തന്നെ എഴുതിതള്ളാമെന്നാണ്. ഈ വര്‍ഷം കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് ശുഭാപ്തി വിശ്വാസം വെറുതെ പുലര്‍ത്തിയിട്ട് കാര്യമില്ല. യാഥാര്‍ത്ഥ്യ ബോധത്തോടെ എല്ലാം ഉള്‍ക്കൊള്ളാം ശ്രമിക്കാം.

വെടിയൂ, ദുരഭിമാനം

കോവിഡ് കഴിയുമ്പോഴെക്കും മിക്കവാറും ചെറുബിസിനസുകള്‍ മുന്നോട്ടുപോകാനാകാത്ത വിധം തകര്‍ന്നിട്ടുണ്ടാവും. ബിസിനസ് സാരഥികള്‍ ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. എന്നിട്ട് തന്റേടത്തോടെ പറയണം; എന്റെ ബിസിനസ് തകര്‍ന്നു. ഞാനല്ല.

ബിസിനസുകള്‍ തകരുന്നത് പുതിയ കാര്യമല്ല. സംരംഭങ്ങളോട് അനാവശ്യമായി വെച്ചുപുലര്‍ത്തുന്ന ആത്മബന്ധം ഉപേക്ഷിക്കണം. ഒന്നുമാറി നിന്നുകൊണ്ട് കാര്യങ്ങളെ വിലയിരുത്തണം. നിങ്ങള്‍ക്ക് ഇതുവരെയുണ്ടായിരുന്ന വിപണി അവിടെയുണ്ടോ? അവിടെ നിന്ന് പണം ലഭിക്കാന്‍ സാധ്യതയുണ്ടോ? നിങ്ങള്‍ ഇതുവരെ ചെയ്ത ബിസിനസില്‍ ഇനി വളര്‍ച്ചാ സാധ്യതയുണ്ടോ? ഉത്തരം നിങ്ങള്‍ തന്നെ പരിശോധിക്കൂ.

ബിസിനസ് എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനമല്ല. നിങ്ങളുടെ നിക്ഷേപത്തിന് മതിയായ റിട്ടേണ്‍ ലഭിക്കണം. അതില്ലാത്തപക്ഷം ബിസിനസ് തുടരുന്നതില്‍ കാര്യമില്ല. ബിസിനസ് തകരുന്നത് നിങ്ങളുടെ മാത്രമല്ല. ഒട്ടനവധി പേരുടെ തകരുന്നുണ്ട്. ഒരു ബിസിനസ് തകര്‍ന്നുവെന്നുവെച്ച് നിങ്ങള്‍ ഒന്നുമില്ലാതെ ആകുന്നുമില്ല.

വിദേശ രാജ്യങ്ങളില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ പരാജയപ്പെട്ട പാരമ്പര്യമുള്ള സംരംഭകര്‍ക്കാണ് നല്ല രീതിയില്‍ ഫണ്ട് കൊടുക്കുന്നത്. പരാജയവും നല്ല പാഠമാണ്. നാട്ടുകാര്‍ എന്തുകരുതും? വീട്ടുകാര്‍ കളിയാക്കില്ലേ എന്നൊക്കെയുള്ള വിചാരം കളയണം. ദുരഭിമാനം വെടിയണം. എന്നിട്ട് തെളിഞ്ഞ മനസ്സോടെ ചിന്തിക്കൂ.

കണ്ടെത്തൂ, പുതിയ നോര്‍മല്‍

ഞാന്‍ നേരിട്ടറിയുന്ന ഒരു സംഭവം പറയാം. സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് രംഗത്തുള്ള ഒരു കമ്പനിയുണ്ടായിരുന്നു. കോവിഡ് വന്നതോടെ അവരുടെ സേവനം നേടിയിരുന്നവര്‍ അവരുമായുള്ള കരാറുകള്‍ മരവിപ്പിച്ചു. അവരുടെ മുന്നിലെ വഴി തല്‍ക്കാലത്തേക്ക് അടഞ്ഞു. അപ്പോള്‍ അവര്‍ മറ്റൊരു വഴി തുറന്നു. കോവിഡ് കാലത്ത് ജനങ്ങള്‍ പുറത്തിറങ്ങില്ല. അപ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലേക്ക് കൂടുതലായി ജനം അടുക്കും. സോഫ്റ്റ് വെയര്‍ കമ്പനി വളരെ പെട്ടെന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങി. അവരുടെ അതുവരെയുള്ള ക്ലൈയന്റുകളെയെല്ലാം ഇക്കാര്യം അറിയിച്ചു. പുതിയ ബിസിനസ് പിടിച്ചു.

ഔട്ട് ഓഫ് ഹോം രംഗത്തുണ്ടായ ഒരു കമ്പനി കോവിഡ് വന്നപ്പോള്‍ ബയറെയും സെല്ലറെയും ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ സേവനം നല്‍കാന്‍ തുടങ്ങി. അവരും പുതിയ ബിസിനസ് രംഗത്ത് പച്ചപിടിച്ചുവരുന്നു.

ഞാന്‍ താമസിക്കുന്നത് ഒരു ഗേറ്റഡ് കോളനിയിലാണ്. അവിടെയുള്ള ഓരോ വീട്ടിലും ഇന്ന് ദിവസവും രാവിലെ ഇതുവരെ കടയില്‍ പോയി വാങ്ങിയിരുന്ന സാധനങ്ങള്‍ ഡോര്‍ ഡെലിവറിയായി എത്തും. അതൊരു കമ്പനിയാണ് ചെയ്യുന്നത്. അതായത് അവരും ബിസിനസ് വ്യാപിപ്പിച്ചു.

സൂം പ്ലാറ്റ് ഫോമിലെ 40 മിനിട്ട് ഫ്രീ സേവനം ഉപയോഗപ്പെടുത്തി നൈപുണ്യ വികസന ക്ലാസുകള്‍ നടത്തുന്നവര്‍ വരെയുണ്ട്. അതുപോലെ ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ കൂടി.

കേരളത്തില്‍ വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം അധികം വ്യാപകമല്ലായിരുന്നു. കോവിഡ് വന്നതോടെ അത് പരിചിതമായി. അതായത് കോവിഡ് കുറേ പുതിയ കാര്യങ്ങള്‍ കൊണ്ടുവന്നു.അതിലാണ് ഇനി അവസരം.

ഈ ലോക്ക്ഡൗണ്‍ കാലം വെറുതെ കളയാനുള്ളതുമല്ല. നിങ്ങള്‍ പുതുതായി കണ്ടെത്തിയ അവസരത്തില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ നോക്കണം. വിപണി പഠിക്കണം. വിദഗ്ധരുടെ സഹായത്താല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കണമെങ്കില്‍ അത് ചെയ്യണം. സര്‍വെ നടത്തണം. നല്ല വഴി കണ്ടെത്തണം.

ഇനി പുറത്തുവരേണ്ടത് ഒരു പുതിയ നിങ്ങളാണ്. അതിന് സാധിക്കുകയും ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News