ടാറ്റ, പെരുമയിലേക്കുള്ള ദീർഘയാത്ര
ടാറ്റ ഗ്രൂപ്പിന്റെ അസൂയാർഹമായ വളർച്ചയെ വിമർശനാത്മകമായി വിലയിരുത്താനാണ് മിർസിയ റെയാനുവിന്റെ കൃതി സഹായിക്കുന്നത്
മാധ്യമ ലോകം ബഹുമാനപൂർവം കാണുകയും സാമൂഹിക, സാമ്പത്തിക ശ്രേണിയിലുള്ളവർ ഉടനീളം താരാരാധനയോടെ കാണുകയും ചെയ്യുന്നൊരു ഇന്ത്യൻ കോർപറേറ്റ് സ്ഥാപനം ടാറ്റയല്ലാതെ മറ്റൊന്നില്ല. എന്നാൽ കോർപറേറ്റ് ലോകത്ത് കെട്ടിപ്പൊക്കിയ പൊള്ള പ്രതിഛായയുള്ള ചില അസ്ഥികൂടങ്ങൾ 2010ലെ റാഡിയ ടേപ്പുകളിലൂടെ പുറത്തു ചാടി. പേരു കളഞ്ഞ അന്നത്തെ ചെയർമാനെ പുറത്താക്കുന്നതിലേക്ക് എത്തിയ ഉൾപ്പോരാണ് പിന്നെ നടന്നത്. ഈ വ്യവസായ സ്ഥാപനം ദീർഘകാലമായി നിലകൊണ്ട, പോരാടിയ മൂല്യങ്ങൾക്കു തന്നെ ഈ വിവാദങ്ങളുടെ നിഴൽ ദീർഘകാലം വെല്ലുവിളിയായി. എന്നാൽ ഇച്ഛാശക്തിയുടെ പതിവു രീതിയിലൂടെ അതിനെയെല്ലാം ഒടുവിൽ അതിജയിക്കുക തന്നെ ചെയ്തു.
ഈ പുസ്തകത്തിൽ, വിധി നിർണയത്തിനു തുനിയാതെ തന്നെ ഗ്രന്ഥകർത്താവ് മിർസിയ ഈ സംഭവങ്ങളിലൂടെയെല്ലാം കടന്നു പോകുന്നുണ്ട്. എന്നിരുന്നാലും, ടാറ്റ കുടുംബത്തെക്കുറിച്ച് പുറത്തു വന്നിട്ടുള്ള പുണ്യാത്മാ വർണനകളായ മറ്റു രചനകളിൽ നിന്ന് വ്യത്യസ്തമായി, സ്ഥാപകനായ ജംഷേദ്ജി നുസർവാൻജി ടാറ്റ (1839-1904) വിഭാവനം ചെയ്ത മൂല്യങ്ങളിൽ വെള്ളം ചേർക്കാതെ, എതിരൊഴുക്കുകൾ ധീരതയോടെ നേരിട്ട് ആഗോള കമ്പനിയായി മാറിയ ഒരു വ്യവസായ കുടുംബത്തെക്കുറിച്ച കൃത്യമായ പഠനമാണ് ഈ പുസ്തകം.
നിരവധി ഉപകഥകളിലൂടെ നെയ്തെടുത്ത രചന
ടാറ്റ കുടുംബത്തിന്റെ മാത്രമല്ല, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെയും ഇടനാഴികളിലൂടെ വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. ഒട്ടേറെ ഉപകഥകളിലൂടെയാണ് അത് നെയ്തെടുത്തിരിക്കുന്നത്. ബോംബെ പ്ലാൻ എന്ന പ്രഥമ വികസന രേഖ, ഈഗോ നിറഞ്ഞ കോർപറേറ്റ് ലോകത്തെ കൗതുകകരമായ ശത്രുതകൾ, ചില വ്യവസായ കുടുംബങ്ങളുടെ ചെറുതും വലുതുമായ സ്വപ്നങ്ങൾ -അതെല്ലാം നിറഞ്ഞ വിവരണം ആരുടെയും മനം കവരും.
കോർപറേറ്റ് പിരമിഡിന്റെ തലപ്പത്ത് ടാറ്റയെപ്പോലെ ദീർഘകാലം നിലകെണ്ട അധികം കമ്പനികളില്ലെന്നു തന്നെ പറയാം. പഴയകാല അതികായന്മാർ പലരും വഴിയിൽ വീണുപോയി. അതല്ലെങ്കിൽ യുവനിരയോ, പുതുതായി കടന്നു വന്നവരോ അവരെ തള്ളിമാറ്റി. ഇവിടെയും, അംബാനി-അദാനിമാർ അതിവേഗം അടുത്തടുത്തു വരുകയാണ്. വിപണി മൂല്യത്തിൽ ടാറ്റയേക്കാൾ ഇതിനകം അദാനി മുന്നിലാണെന്നാണ് സമീപകാല പഠനം. എറ്റവും മുന്നിലെത്താൻ മത്സരിച്ചുവെന്നും വരാം. എന്നാൽ ആദരവ് നേടുന്നതിൽ അവർ പിന്നിലാണ്. അതിന്റെ കാരണങ്ങൾ എല്ലാവർക്കും അറിയുന്നതുമാണ്.
ടാറ്റയുടെ കോർപറേറ്റ് നയത്തിന്റെ കാതൽ
ഇന്ത്യൻ വ്യവസായികൾക്കിടയിൽ ടാറ്റക്ക് തലപ്പൊക്കം കിട്ടുന്നത് എന്തുകൊണ്ടാണ്? മിർസിയ അക്കാര്യം സംക്ഷിപ്തമായി പറയുന്നുണ്ട്: ‘‘തുടക്കം മുതൽ തന്നെ, പ്രഫഷണലായ എക്സിക്യൂട്ടീവുകളെയും ബന്ധുക്കളല്ലാത്ത പ്രതിഭകളെയുമാണ് അവർ ജോലിക്കു വെക്കുന്നത്. തങ്ങളോട് മത്സരിക്കുന്നവരേക്കാൾ സുതാര്യമായ ധനകാര്യ രീതികളാണ് അവർക്കുള്ളത്. സമസ്ത മേഖലകളിലുള്ളവരുമായി വിപുലമായ സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്നു. ജാതി, മത, വർണ, വംശീയതകളാൽ വേർതിരിക്കപ്പെട്ട ഒരു വ്യവസായ സാഹചര്യത്തിനിടയിൽ ഈ മൂല്യങ്ങൾ പ്രധാനപ്പെട്ടതാണ്.’’ ടാറ്റയുടെ കോർപറേറ്റ് നയത്തിന്റെ കാതൽ തീർച്ചയായും ഇന്നും ഇതു തന്നെ.
2012 വരെ മുതലാളിത്ത സ്വഭാവമായിരുന്നു ടാറ്റ കുടുംബത്തിന്. അതുപോലും പിന്നീട് മാറ്റിയെടുത്തു. കമ്പനിയെ നയിക്കാൻ പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്നത് ധീരമായ നടപടിയായി വിശേഷിപ്പിക്കപ്പെടുന്നു. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മുകളിൽ നിന്നുള്ള ഇടപെടലുകളില്ല. അതേസമയം നേതൃത്വം, പ്രതിബദ്ധത എന്നിവ കൃത്യമായി ഉറപ്പാക്കുന്നുമുണ്ട്. ഉപ്പു മുതൽ സോഫ്റ്റ് വെയർ വരെ നീളുന്ന ഉൽപന്ന വൈവിധ്യം സമ്മാനിക്കുന്ന വിവിധ യൂനിറ്റുകൾക്ക് ആവശ്യം കണ്ടറിഞ്ഞ് ആളും അർഥവും സാമഗ്രികളും ലഭ്യമാക്കുന്നതിന് സംവിധാനമുണ്ട്.
രക്തരഹിതമായൊരു അട്ടിമറിയെക്കുറിച്ച്
എന്നാൽ ഇത്തരമൊരു ഘടനാ നിർമിതിക്കിടയിൽ ബോധപൂർവമല്ലാത്തൊരു പോരായ്മ കാലാന്തരത്തിൽ സംഭവിച്ചത് ഗ്രന്ഥകർത്താവ് ചൂണ്ടിക്കാട്ടുന്നുണ്ട്. ടിസ്കോയുടെ റുസി മൂഡി, ടാറ്റ കെമിക്കൽസിന്റെ ദർബാരി സേഥി തുടങ്ങിയവർ ബോംബെയുടെ കാര്യക്ഷമമല്ലാത്ത മേൽനോട്ടത്തിൽ പ്രവർത്തിച്ചു. ഇതിഹാസ തുല്യനായ ജെ.ആർ.ഡി ടാറ്റയുടെ സൗമ്യസാന്നിധ്യത്തിനു കീഴിൽ തന്നെയായിരുന്നു ഇത്. അദ്ദേഹത്തിന്റെ പിൻഗാമി രത്തൻ ടാറ്റ അതിൽ അമ്പരന്നു നിന്നില്ല. വഴിവിട്ട പോക്ക് അവസാനിപ്പിച്ച് ഇത്തരക്കാരെ ബോംബെ ഹൗസിന്റെ മേൽനാട്ടത്തിൽ കൊണ്ടുവന്നു. ഓഹരി തിരിച്ചു വാങ്ങിയും ഏകീകൃത ബ്രാൻഡ് തനിമ, ഗുണമേന്മ നിയന്ത്രണം, പെരുമാറ്റ ചട്ടം തുടങ്ങിയ കേന്ദ്രീകൃത സംരംഭങ്ങളിലൂടെയുമായിരുന്നു ഇത് - തികഞ്ഞ നിപുണതയോടെ, രക്തരഹിതമായി നടപ്പാക്കിയ അട്ടിമറി.
വാസ്തവത്തിൽ, മുൻകാല ഭരണസംവിധാനത്തിന് നേർവിപരീതമായിരുന്നു രത്തൻ ടാറ്റക്കു കീഴിലെ ടാറ്റ കുടുംബം. നഷ്ടം വരുത്തുന്നവ മനംനീറ്റൽ ഇല്ലാതെ അടച്ചു പൂട്ടി. പണം ഉണ്ടാക്കുന്നവയെ ശേഷി വർധന, ഏറ്റെടുക്കൽ എന്നിവ വഴി ശക്തിപ്പെടുത്തി. ഉദാരീകരിച്ച സമ്പദ്‍വ്യവസ്ഥയുടെ ആവശ്യങ്ങൾക്ക് ഇണങ്ങുന്ന വിധത്തിൽ സാങ്കേതിക വിദ്യ, സമ്പദ്സ്ഥിതി, ഭരണ നിർവഹണം, പൊതുജന സമ്പർക്കം തുടങ്ങിയ കാര്യങ്ങളിൽ ടാറ്റ ഗ്രൂപ്പിന്റെ അടിസ്ഥാന ശേഷി വിപുലപ്പെടുത്തി. ഒക്കെയും കഴമ്പുള്ള മാറ്റങ്ങൾ.
ടാറ്റ: ഇന്ത്യൻ മുതലാളിത്ത വ്യവസ്ഥ കെട്ടിപ്പടുത്ത ആഗോള നായകർ
ഗ്രന്ഥകർത്താവ്: മിർസിയ റെയാനു
പ്രസാധകർ: ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്, മസാച്ചുസെറ്റ്സ്, യു.എസ്
പേജ്: 291, വില: 699 രൂപ.
(മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ. എം.കെ ദാസ്, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് മുൻ റസിഡന്റ് എഡിറ്ററാണ്)