മാനസിക സമ്മര്‍ദ്ദംമറികടക്കാന്‍ എളുപ്പവിദ്യ

Update: 2020-09-27 08:39 GMT

ഉത്കണ്ഠയോ മാനസിക സമ്മര്‍ദ്ദമോ ഉണ്ടായാലുടനെ അതു മറികടക്കാന്‍ സങ്കീര്‍ണമായ വഴികളെ കുറിച്ച് ആലോചിക്കുകയാണ് നമ്മുടെ പതിവ്. എളുപ്പത്തില്‍ എപ്പോഴും ലഭ്യമായൊരു വഴിയെ നമ്മള്‍ പരിഗണിക്കാറേയില്ല. അത് നമ്മുടെ ശ്വസനമാണ്.ശ്വസനം നമ്മുടെ ശരീരത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നു. ശ്വാസമെടുക്കാതെ മൂന്നു മിനുട്ടിലധികം ഒരാള്‍ക്കും പിടിച്ചു നില്‍ക്കാന്‍ ആകില്ലെന്നതിലൂടെ തന്നെ അറിയാമല്ലോ ശ്വസനത്തിന് നമ്മുടെ ജീവിതത്തിലുള്ള പങ്ക് എന്താണെന്ന്.

ശ്വസനം എങ്ങനെ സഹായിക്കുന്നു?

സഹസ്രാബ്ദങ്ങളായി നമ്മുടെ യോഗാപാരമ്പര്യത്തിന് അറിയാവുന്നൊരു കാര്യം ശാസ്ത്രത്തിന് കണ്ടെത്താനായത് ഈയടുത്താണ്. നമ്മള്‍ ശ്വസിക്കുന്ന രീതി നമ്മുടെ മാനസിക-ശാരീരിക നിലയെ നേരിട്ട് സ്വാധീനിക്കുന്നു എന്നതാണത്.നമ്മള്‍ മാനസിക സമ്മര്‍ദ്ദത്തിലാകുമ്പോള്‍ നമ്മുടെ ശരീരത്തിന് വേഗത്തില്‍ ശ്വാസമെടുക്കാനുള്ള പ്രവണതയുണ്ടാകുകയും അത് ഹൃദയമിടിപ്പിന്റെ വേഗവും രക്തസമ്മര്‍ദ്ദവും കൂടാന്‍ കാരണമാകുകയും ചെയ്യുന്നു.നേരേ മറിച്ച്, മന്ദഗതിയില്‍ ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ നമ്മുടെ പാരസിംപതറ്റിക് നെര്‍വസ് സിസ്റ്റം ഉത്തേജിതമാകുകയും അതിലൂടെ ഹൃദയമിടിപ്പിന്റെ വേഗതയും രക്തസമ്മര്‍ദ്ദവും കുറഞ്ഞ് മനസ്സ് ശാന്തമാകുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ദീര്‍ഘ ശ്വാസം എടുത്തു കൊണ്ടുള്ള വ്യായാമ മുറകള്‍ നിരന്തരം ചെയ്യുന്നത് പലതരത്തിലുള്ള ഗുണം ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അവയില്‍ ചിലത് ഇവയാണ്

  • എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കുന്നു
  • ഉല്‍കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുന്നു
  • വേദനയില്‍ നിന്ന് ആശ്വാസം
  • ഹൃദയമിടിപ്പിന്റെ വേഗതയും രക്തസമ്മര്‍ദ്ദവും കുറയ്ക്കുന്നു
  • മസില്‍ അയവിന് സഹായിക്കുന്നു

സമ്മര്‍ദ്ദം ഏറി വരുന്ന സമയങ്ങളില്‍ മനസ്സ് ശാന്തമാക്കാന്‍ യുഎസ് സ്‌പെഷ്യല്‍ ഓപറേഷന്‍ ഫോഴ്‌സും, നേവി സീലു(SEALs) കളും പോലും ദീര്‍ഘശ്വാസമെടുത്തുള്ള ഇത്തരം വ്യായാമങ്ങളിലേര്‍പ്പെടാറുണ്ട്.

മനസ്സ് ശാന്തമാക്കാന്‍ എവിടെയും എപ്പോഴും ഉപയോഗിക്കാവുന്ന ഒരു വിദ്യയിതാ

4-7-8 ശ്വസന വിദ്യ

നിങ്ങള്‍ക്ക് ഇരുന്നോ കിടന്നോ ചെയ്യാവുന്ന വ്യായാമമാണിത്. ഇപ്പോള്‍ തന്നെ ഒന്നു പരീക്ഷിച്ച് നോക്കിക്കൊള്ളൂ.

  1. മനസ്സില്‍ നാലു വരെ എണ്ണുന്ന സമയം മൂക്കിലൂടെ ശ്വാസം പതുക്കെ ഉള്ളിലേക്കെടുക്കുക
  2. ഏഴു വരെ എണ്ണുന്ന സമയം ശ്വാസം പിടിച്ച് നിര്‍ത്തുക
  3. എട്ട് വരെ എണ്ണുന്ന സമയം ശ്വാസം വായിലൂടെ ശബ്ദത്തോടെ പുറത്തേക്ക് വിടുക
  4. ഈ പ്രക്രിയ പത്തു തവണ ആവര്‍ത്തിക്കുക. അതിനു ശേഷം നിങ്ങള്‍ എത്രമാത്രം റിലാക്‌സ്ഡ് ആണെന്ന് വിലയിരുത്തുക.

നിത്യജീവിതത്തില്‍ നമ്മളെല്ലാം എപ്പോഴും മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിക്കണം എന്നൊന്നുമില്ല. അടുത്ത തവണ ഉല്‍കണ്ഠയോ സമ്മര്‍ദ്ദമോ മറ്റു പ്രയാസങ്ങളോ ഉണ്ടാകുമ്പോള്‍ അഞ്ചോ പത്തോ മിനുട്ട് നേരം, എളുപ്പത്തില്‍ ചെയ്യാവുന്ന ഈ വിദ്യ പ്രയോഗിക്കുക. അത് നിങ്ങളുടെ മനസ്സിനെ ശാന്തവും ഏകാഗ്രവുമാക്കി മാറ്റുന്നത് കാണാം.

Read the original article in English

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News