ഏകാന്തതയുടെ അപാര ശക്തി

Update: 2020-09-13 02:30 GMT

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള ഒരു ശീലം എന്നെ സ്വയം അവബോധമുള്ള ഒരു വ്യക്തിയായി മാറ്റുന്നതില്‍  വളരെയേറെ സഹായിച്ചിട്ടുണ്ട്.  അത്ര എടുത്തുപറയത്തക്ക ഒന്നും തന്നെ ആ ശീലത്തിലില്ല. മാത്രമല്ല, വളരെ സാധാരണമാണ് താനും.

അതേ, ഒന്നും ചെയ്യാതെ ഒറ്റയ്ക്കിരിക്കുക. കൂട്ടിന് നിശബ്ദത മാത്രം!

ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് ഇത് തുടങ്ങിയത്. പതുക്കെ ഒരു ശീലമായപ്പോള്‍ എനിക്ക് വളരെ സംതൃപ്തിയും സമാധാനവും നല്‍കുന്ന ഒന്നായി അത് മാറി.

തുടക്കത്തില്‍, എന്റെ ഈ ശീലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് വിചിത്രമായി തോന്നിയിരുന്നു, കാരണം നിശബ്ദമായും ഏകാന്തമായും സമയം ചെലവഴിക്കുന്നത് ആസ്വാദ്യകരമാണെന്ന് എനിക്കറിയാവുന്ന ആരും പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ലായിരുന്നു.

മാത്രമല്ല, നമ്മുടെ സമൂഹത്തില്‍, ആളുകള്‍ കൂട്ടമായിരുന്ന്‌ സമയം ചെലവഴിക്കുന്നതും   ഒരു ജോലിക്കു പുറകെ മറ്റൊന്നിലേക്ക് കടന്ന് നിരന്തരം തിരക്കിലാകുന്നതുമൊക്കെ വളരെ സാധാരണമാണ്. ആരും തന്നെ നിശബ്ദതയും ഏകാന്തതയും തേടാനായി അവരുടെ സമയം മനപൂര്‍വ്വം ചെലവഴിക്കാറില്ല.

ആളുകള്‍ ചുറ്റുമുള്ളത് എനിക്ക് ഇഷ്ടമാണ്. പക്ഷേ ഇടയ്‌ക്കൊക്കെ എനിക്ക് ഒറ്റയ്ക്ക് കുറച്ച് സമയം ആവശ്യമാണ്, കാരണം ശബ്ദമുഖരിതമായ  ഒരു അന്തരീക്ഷത്തില്‍ വ്യക്തമായി ചിന്തിക്കാനും ശ്രദ്ധകേന്ദ്രീകരിക്കാനും എനിക്ക് ബുദ്ധിമുട്ടാണ്.
എല്ലാവര്‍ക്കും അങ്ങനെയാകണമെന്നില്ലെന്ന് എനിക്കറിയാം, എന്നിരുന്നാലും എല്ലാവരും തന്നെ ഒരു ദിവസത്തില്‍ കുറച്ച് നേരമെങ്കിലും  നിശബ്ദ്മായി, ഏകാന്തമായി ഇരുന്നാല്‍ അതിന്റെ ഗുണം ലഭിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഒന്നും ചെയ്യാതെ ഇരിക്കുക എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത് നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എല്ലാം മാറ്റിവച്ച് മറ്റ് ജോലികള്‍ ഒന്നും ചെയ്യാതെ കുറച്ചു സമയം നിങ്ങള്‍ക്ക് മാത്രമായി നീക്കി വയ്ക്കുക എന്നതാണ്. എന്തെങ്കിലും പ്രത്യേക കാര്യം ചിന്തിക്കാന്‍ ഈ സമയം നീക്കിവെക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നില്ല. കാരണം നിങ്ങളുടെ ചിന്തകള്‍ ആദ്യം അലഞ്ഞു തിരിയുമെങ്കിലും പിന്നീട് എന്തെങ്കിലും കാര്യത്തില്‍ സ്വാഭാവികമായും കേന്ദ്രീകരിക്കും.
ദിവസവും തണുത്ത കാറ്റേറ്റ്, പുറത്തെ നല്ല കാഴ്കള്‍ ആസ്വദിച്ച് ബാല്‍ക്കണിയിലൂടെ ഞാന്‍ നടക്കാറുണ്ട്. ആ സമയം ഞാന്‍ എന്റെ മനസിനെ അലയാന്‍ വിടും.  ചില ദിവസങ്ങളില്‍ ഞാന്‍ ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് 10-15 മിനുട്ട് ഏകാന്തതയില്‍ ചെലവഴിക്കും.

വളരെ ശാന്തതയും സമാധാനവും തോന്നുമെന്നതിനപ്പുറം ഞാന്‍ ഇത് ഇഷ്ടപ്പെടുന്നതിനു പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. ഈ സമയത്ത് എന്നില്‍ വരുന്ന ചിന്തകള്‍ വളരെ ഉള്‍ക്കാഴ്ച നല്‍കുന്നവയാണ്.  പ്രത്യേകിച്ച് ഒന്നിനെ കുറിച്ചും ചിന്തിക്കുക പോലും ചെയ്യാത്തപ്പോഴാണ് ഇത് സംഭവിക്കുന്നത്.

എല്ലായ്പ്പോഴും ഈ ഉള്‍ക്കാഴ്ചയുള്ള ചിന്തകള്‍ ഉയര്‍ന്നു വരുമെന്നല്ല ഞാന്‍ പറയുന്നത്.  നിശബ്ദതയിലും ഏകാന്തതയിലും നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയോടെ ചിന്തിക്കാന്‍ കഴിയും.

നമ്മള്‍ സാധാരണയായി വാക്കുകള്‍ കൊണ്ടും അല്ലാതെയും ആളുകളുമായി ആശയവിനിമയം നടത്താറുണ്ട്. അതേ പോലെ നമുക്ക് നമ്മോട് തന്നെ ആശയവിനിമയം നടത്താന്‍ മൗനത്തിലൂടെയും ഏകാന്തതയിലൂടെയും സാധിക്കും.

നിശബ്ദതയിലും ഏകാന്തതയിലുമാണ് നിങ്ങളുടെ ചിന്തകളെ ശ്രദ്ധയോടെ കേള്‍ക്കാനും നിങ്ങളുടെ ഹൃദയത്തിന്റെ മര്‍മ്മരം അറിയാനും അനുഭവിക്കാനും കഴിയുന്നത്.

ഇത് ഒരു ശീലമായി മാറുമ്പോള്‍, നിങ്ങള്‍ക്ക് എന്താണ് കൂടുതല്‍ പ്രധാന്യമുള്ളതെന്നതിനെയും നിങ്ങളുടെ സമയം എവിടെ ചെലവഴിക്കുന്നതാണ് കൂടുതല്‍ നേട്ടമെന്നിനെയും കുറിച്ച് സ്വാഭാവികമായും നിങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകും.

ഒന്നും ചെയ്യാതെ സമയം ചെലവഴിക്കുന്നതിലൂടെ, വിശ്രമിക്കാനും  ശാന്തമാകാനും ആവശ്യമായ സമയം നമ്മുടെ തലച്ചോറിന്  ലഭിക്കുന്നു.  സാധാരണ നമ്മള്‍ ഇടവേളകള്‍ എടുക്കുന്നത് വേറെന്തെങ്കിലും ഒക്കെ ചെയ്യാന്‍ വേണ്ടിയായിരിക്കും.

ജീവിതം വല്ലാത്ത വേഗതത്തിലാണ് മുന്നോട്ടു പോകുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍,  വേഗത കുറയ്ക്കുന്നതിന് എല്ലാ ദിവസവും ഒന്നും ചെയ്യാതെ അല്‍പ്പ സമയം ചെലവിടുന്നത് നല്ല കാര്യമാണ്.

ഞാന്‍ നിര്‍ദ്ദേശിക്കുന്നഈ കാര്യം  വളരെ ആവേശം പകരുന്ന ഒന്നല്ല എന്നെനിക്കറിയാം, അതിനാല്‍ ഇത് ചെയ്യുന്നതിനോട് നിങ്ങള്‍ക്ക് സ്വാഭാവികമായും ഒരു പ്രതിരോധമുണ്ടാകാം.

ഒന്നും ചെയ്യാതെ ഏകാന്തമായി, നിശ്ബദമായി ഇരിക്കുന്നത് എത്ര ശക്തമായ കാര്യമാണെന്ന് എനിക്ക് മനസിലാകുന്നത് ഞാന്‍ അത് ചെയ്ത് തുടങ്ങിയപ്പോള്‍ മാത്രമാണ്. അതാണ് ദിവസവും 5 മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യാന്‍ ഞാന്‍ നിര്‍ദേശിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News