50% ബിസിനസുകള്‍ക്കും ആയുസ് 5 വര്‍ഷം എന്തുകൊണ്ട്?
എല്ലാവരും പോകുന്ന വഴി അന്ധമായി പിന്തുടരുകയല്ല, ചോദ്യങ്ങളുന്നയിക്കാന്‍ കഴിഞ്ഞാലേ സംരംഭകര്‍ക്ക് നിലനില്‍പ്പുള്ളൂ
അറിയാതെയാണെങ്കിലും ബിസിനസില്‍ പരാജയപ്പെടാനാണ് മിക്ക സംരംഭകരും ആസൂത്രണം ചെയ്യുന്നതെന്നാണ് എന്റെ അഭിപ്രായം. വിവാദപരമായ ഇത്തരമൊരു പ്രസ്താവന എന്തുകൊണ്ടാണെന്ന് ഈ ലേഖനത്തിലൂടെ ഞാന്‍ വിശദമാക്കാം. എന്റെ ഭാഗം വിശദീകരിക്കുന്നതിനായി ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ വ്യത്യസ്ത ഇന്‍പുട്ടുകള്‍ സ്വീകരിച്ച് 'പ്രോഡക്റ്റ് എ' എന്ന ഉല്‍പ്പന്നം സ്ഥിരമായി ഉല്‍പ്പാദിപ്പിക്കുന്ന ഒരു മെഷീനിന്റെ (Constsient Machine) കാര്യമെടുക്കാം.
എന്തുകൊണ്ടാണ് ഇതിനെ സ്ഥിരമായി ഉല്‍പ്പാദിപ്പിക്കുന്ന ഒരു മെഷീന്‍ എന്നു വിളിക്കുന്നത്?
ഈ മെഷീന്‍ ഓരോ മാസവും അഞ്ച് ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുവെന്ന് കരുതുക. 21 മാസങ്ങള്‍ക്കുള്ളില്‍ 80 ശതമാനം പ്രോഡക്റ്റ് എയും സ്ഥിരമായി കേടാകുന്നു. അതായത് 20 ശതമാനം പ്രോഡക്റ്റ് എ മാത്രമാണ് 21 മാസങ്ങള്‍ക്ക് ശേഷവും പ്രവര്‍ത്തിക്കുന്നത്.
സത്യത്തില്‍ സ്ഥിരതാ നിരക്ക് വളരെ കൂടുതല്‍ ആയതുകൊണ്ടു തന്നെ 5 മാസം, 10 മാസം, 15 മാസം, 21 മാസം തുടങ്ങി ഏത് അനുപാതത്തില്‍ പ്രോഡക്റ്റ് എ പ്രവര്‍ത്തനരഹിതമാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകും. ഏകദേശം 50 ശതമാനം പ്രോഡക്റ്റ് എ 5 മാസത്തിനു ശേഷവും 66 ശതമാനം 10 മാസങ്ങള്‍ക്ക് ശേഷവും 75 ശതമാനം 15 മാസങ്ങള്‍ക്ക് ശേഷവും 80 ശതമാനം ഉല്‍പ്പന്നങ്ങള്‍ 21 മാസങ്ങള്‍ക്ക് ശേഷവും പ്രവര്‍ത്തനരഹിതമാകുന്നു.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 50 ശതമാനം പ്രോഡക്റ്റ് എ ആണ് 5 മാസത്തിനു ശേഷം പ്രവര്‍ത്തന സജ്ജമായിരിക്കുക. 33 ശതമാനം 10 മാസങ്ങള്‍ക്ക് ശേഷവും 25 ശതമാനം 15 മാസങ്ങള്‍ക്ക് ശേഷവും 20 ശതമാനം 21 മാസങ്ങള്‍ക്ക് ശേഷവും പ്രവര്‍ത്തിക്കുന്നു. പ്രോഡക്റ്റ് എ വാങ്ങുന്നവര്‍, ആ ഉല്‍പ്പന്നം 100 മാസത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കണമെന്ന് അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ മെഷീന്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കണം. മറിച്ച് മെച്ചപ്പെട്ട മറ്റൊരു മെഷീന്‍ നിര്‍മിച്ച പ്രോഡക്റ്റ് എ വാങ്ങാന്‍ ശ്രമിക്കണം.
മിക്ക സംരംഭകരും അറിയാതെയാണെങ്കിലും പരാജയപ്പെടുന്നതിനായാണ് പദ്ധതികള്‍ തയാറാക്കുന്നതെന്ന വിവാദപരമായ എന്റെ പ്രസ്താവനയ്ക്ക് ഇതുമായി എന്തു ബന്ധമെന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. യു.എസ്.എയില്‍ തുടങ്ങിയ ബിസിനസുകള്‍ നമുക്ക് പരിശോധിക്കാം. ചിത്രം രണ്ടില്‍ കാണുന്നതു പോലെ 1994നും 2022നും ഇടയില്‍ ഓരോ വര്‍ഷവും യു.എസ്.എയില്‍ 5 ലക്ഷത്തിലേറെ സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
അവയുടെ മൊത്തത്തിലുള്ള അതിജീവന നിരക്ക് ചിത്രം മൂന്നില്‍ പട്ടിക രൂപത്തില്‍ നല്‍കിയിരിക്കുന്നു.
അവയുടെ മൊത്തത്തിലുള്ള അതിജീവന നിരക്ക് ചിത്രം നാലില്‍ ചാര്‍ട്ട് രൂപത്തില്‍ നല്‍കിയിരിക്കുന്നു.
ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന മെഷീന്‍ ഡാറ്റയുമായി ഏറെ സാമ്യമുണ്ട്. മാസം എന്നതിന് പകരം വര്‍ഷം എന്നാക്കണമെന്ന് മാത്രം.
ഓരോ വര്‍ഷവും യു.എസ്.എയില്‍ 5 ലക്ഷത്തിലേറെ ബിസിനസുകള്‍ തുടങ്ങുകയും അവയില്‍ 80 ശതമാനവും 21 വര്‍ഷത്തിനിടയില്‍ സ്ഥിരമായി പരാജയപ്പെട്ടുപോകുകയും ചെയ്യുന്നു. അതായത്, 21 വര്‍ഷങ്ങള്‍ക്ക് ശേഷം അതിജീവിക്കുന്നത് കേവലം 20 ശതമാനം ബിസിനസുകള്‍ മാത്രമാണ്.
വാസ്തവത്തില്‍, സ്ഥിരതാ നിരക്ക് വളരെ കൂടുതല്‍ ആയതുകൊണ്ടു തന്നെ 5 വര്‍ഷം, 10 വര്‍ഷം, 15 വര്‍ഷം, 21 വര്‍ഷം തുടങ്ങി ഏത് അനുപാതത്തില്‍ ബിസിനസുകള്‍ പരാജയപ്പെടുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകും. ഏകദേശം 50 ശതമാനം ബിസിനസുകള്‍ 5 വര്‍ഷത്തിനു ശേഷവും 66 ശതമാനം 10 വര്‍ഷങ്ങള്‍ക്ക് ശേഷവും 75 ശതമാനം 15 വര്‍ഷങ്ങള്‍ക്ക് ശേഷവും 80 ശതമാനം സംരംഭങ്ങള്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രവര്‍ത്തനം നിലയ്ക്കുന്നു.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 50 ശതമാനം സംരംഭങ്ങള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും 33 ശതമാനം 10 വര്‍ഷങ്ങള്‍ക്ക് ശേഷവും 25 ശതമാനം 15 വര്‍ഷങ്ങള്‍ക്ക് ശേഷവും 20 ശതമാനം സംരംഭങ്ങള്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രവര്‍ത്തിക്കുന്നു.
വാസ്തവത്തില്‍ ഇത് ചിത്രം അഞ്ചില്‍ കാണിച്ചിരിക്കുന്നത് പോലെ Constsient Machine പോലെയാണ്കാണാനാകുക. മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുമാര്‍, വിജയികളെന്ന് കരുതപ്പെടുന്ന സംരംഭകര്‍, എം.ബി.എ കോളെജുകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവ മുന്നോട്ടുവെയ്ക്കുന്ന പിഴവുകളുള്ള, എന്നാല്‍ ജനപ്രീതി നേടിയ സമീപനങ്ങള്‍ പിന്തുടരുന്നത് കൊണ്ടാണിതെന്നാണ് എന്റെ വിശ്വാസം.
ഏതാണ്ടെല്ലാ സംരംഭകരും അവരുടെ സംരംഭം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കണമെന്നും അതുകഴിഞ്ഞ് മക്കളിലേക്കും അവരില്‍ നിന്ന് ചെറുമക്കളിലേക്കും കൈമാറണമെന്നും ആഗ്രഹിക്കുന്നവരാണ്. ഒരു സംരംഭം നൂറിലേറെ വര്‍ഷമെങ്കിലും നിലനില്‍ക്കേണ്ടതുണ്ട്.
സംരംഭകര്‍ അന്ധമായി പിന്തുടരുന്ന ജനപ്രിയ സിദ്ധാന്തങ്ങളെയും സമീപനങ്ങളെയും ചോദ്യം ചെയ്യലിന് വിധേയമാക്കാന്‍ സംരംഭകര്‍ക്കാകണമെന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന എലികളെന്ന പോലെ സംരംഭകര്‍ ഇല്ലാതാകും. ചിത്രം ആറില്‍ കാണിച്ചിരിക്കുന്നതു പോലെ ചോദ്യങ്ങളുന്നയിക്കുന്നവരായിരിക്കണം സംരംഭകര്‍.
ബിസിനസിന്റെ പരാജയം ഒഴിവാക്കാന്‍ സംരംഭകര്‍ ബദല്‍ സമീപനം (Alternative Approach) കൂടി കണ്ടുവെയ്ക്കേണ്ടതുണ്ട്.