സ്‌ട്രെസ് കുറയ്ക്കാന്‍ ഇതാ എളുപ്പം ചെയ്യാം 5 യോഗാസനങ്ങള്‍

ആര്‍ക്കും സ്വയം പരിശീലിക്കാം ഇവ

Update:2022-06-21 12:37 IST

ജോലിയും ജീവിതവും പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ സ്‌ട്രെസ് സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. വീട്ടിലെ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ മാനസിക സമ്മര്‍ദ്ദത്തിന്റെ പലവിധ ലക്ഷണങ്ങളെ നേരിടുന്നവരാണ്. തൊഴില്‍പരമായും സാമ്പത്തികപരമായും ഉണ്ടാവുന്ന സമ്മര്‍ദ്ദങ്ങള്‍ നിങ്ങളുടെ മനസ്സിനെ പിടിച്ചുലയ്ക്കുമ്പോള്‍ അതില്‍നിന്നും രക്ഷനേടാന്‍ യോഗ സഹായിക്കും. യോഗയ്‌ക്കൊക്കെ എവിടെ സമയമെന്നു കരുതി ഓടി രക്ഷപ്പെടരുതേ. യോഗ പരിശീലിക്കൂ. ഇതാ രാജ്യാന്തര യോഗ ദിനത്തില്‍ നമുക്കും ചെയ്ത് തുടങ്ങാം ചില യോഗാസനങ്ങള്‍.

സുഖാസനം

പേര് പോലെ തന്നെ സുഖമായി ചെയ്യാവുന്ന യോഗ പോസാണ് ഇത്. ഈസി പോസ് എന്നറിയപ്പെടുന്ന ഈ യോഗാസനം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കു. ആന്തരികമായ ക്ഷീണം, മാനസിക സമ്മര്‍ദ്ദം എന്നിവ ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നതിനാല്‍ ദിനംപ്രതി ഊര്‍ജം സമ്മാനിക്കും.

എങ്ങനെ ചെയ്യണം?

വെറും നിലത്തോ മാറ്റിലോ കാലുകള്‍ ചമ്രം പിണച്ചിരിക്കാം. ഓരോ കാലും എതിര്‍ കാല്‍മുട്ടിന് കീഴിലായി മടക്കി വയ്ക്കണം. കഴുത്തിനും തലയ്ക്കും അനുസൃതമായി നട്ടെല്ല് നേരെയായി സൂക്ഷിക്കുക. താടി നേരെ പിടിച്ച് കൈകള്‍ രണ്ടും കാല്‍മുട്ടിനു മുകളിലാക്കി വയ്ക്കുക. നിങ്ങളുടെ കണ്ണുകള്‍ പതിയേ അടച്ച് ആഴത്തില്‍ ശ്വാസോച്ഛ്വാസം ചെയ്യുക. 2-3 മിനിറ്റ് ഇത് ചെയ്യാം. അതിനുശേഷം യഥാസ്ഥാനത്തേക്ക് മടങ്ങിവരാം. കൂടുതല്‍ സമയം ആവര്‍ത്തിച്ച് ഈ യോഗാസനം ചെയ്യുക. ദിവസവും ഇത് പരിശീലിക്കുക.

തഡാസനം

ഇതും (അധികം ശരീര ഭാരമില്ലാത്തവര്‍ക്ക്) പെട്ടെന്ന് പരിശീലിക്കാം. മൗണ്ടെയ്ന്‍ പോസ് അല്ലെങ്കില്‍ തഡാസാനം. ഇത് ശ്വസന നിയന്ത്രണം മെച്ചപ്പെടുത്തിക്കൊണ്ട് ശരീരത്തിലെ ഉത്കണ്ഠകള്‍ കുറയ്ക്കുന്നതിന് നിങ്ങളെ സഹായിക്കും.

എങ്ങനെ ചെയ്യണം?

കാലുകള്‍ ചെറുതായി അകത്തി നിലത്ത് ഉറച്ചു നില്‍ക്കുക, അടുത്തതായി നിങ്ങളുടെ തലയ്ക്ക് മുകളിലേക്ക് കൈകള്‍ ഉയര്‍ത്തുക, തുടര്‍ന്ന് കൈവിരലുകള്‍ തമ്മില്‍ ബന്ധിപ്പിക്കുക. ഇത് ചെയ്യുമ്പോള്‍, നിങ്ങളുടെ കാല്‍വിരലുകള്‍ സൗമ്യമായി ഉയര്‍ത്തുകയും ദീര്‍ഘമായി ശ്വാസമെടുക്കുകയും ചെയ്യുക. നിങ്ങളുടെ നെഞ്ചും തോളും ഉയര്‍ത്തി 3-4 സെക്കന്‍ഡ് ഈ ഭാവം പിടിച്ചു നിര്‍ത്താം. നിങ്ങളുടെ കൈകള്‍ ശരീരത്തിന്റെ വശങ്ങളിലേക്ക് കൊണ്ടുവന്ന് യഥാര്‍ത്ഥ പൊസിഷനിലേക്ക് മടങ്ങുമ്പോള്‍ തിരികേ ശ്വാസം വിടാം.

ഇത് ആദ്യദിവസങ്ങലില്‍ 5 , പിന്നീട് 10 എന്ന നിലയ്ക്ക് ആവര്‍ത്തിക്കുക.

സേതുബന്ധാസനം

ഇത് ഒട്ടുമിക്ക സ്‌ട്രെസ് സംബന്ധമായ പ്രശ്‌നങ്ങളെയും ഇല്ലാതാക്കും. ഉദാഹരണത്തിന് സ്ഥിരമായി ഈ യോഗാസനം ചെയ്താല്‍ ഉറക്കമില്ലായ്മ, ഉത്കണ്ഠ, മൈഗ്രെയ്ന്‍ തുടങ്ങിയ പ്രശ്‌നങ്ങളെ പരിഹരിക്കാം. സതുബന്ധാസനം ചെയ്യുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും നടുവേദന ഒഴിവാക്കുന്നതിനും സഹായിക്കും.

എങ്ങനെ ചെയ്യണം?

മലര്‍ന്ന് കിടക്കുക, അതിനുശേഷം ശരീരം നിവര്‍ത്തി വച്ച് രണ്ട് കൈകളും നിങ്ങളുടെ പുറകിലേക്ക് മടക്കാതെ വയ്ക്കുക. അടുത്തതായി കാല്‍മുട്ടുകള്‍ ഉയര്‍ത്തി വളച്ചു പിടിക്കാം. നിങ്ങളുടെ കാല്‍പാദങ്ങളും ഉള്ള കൈകളും തറയില്‍ ഉറപ്പിച്ച് വയ്ക്കുക. കാല്‍മുട്ടുകള്‍ അനക്കാതെ സൗമ്യമായി ശ്വാസം എടുത്തുകൊണ്ട് നിങ്ങളുടെ ഇടുപ്പ് ഉയര്‍ത്തുക. 5 സെക്കന്‍ഡ് നേരം ഈ പോസ് മുറുകെ പിടിക്കുക. നിങ്ങള്‍ ആരംഭ സ്ഥാനത്തേക്ക് മടങ്ങുന്നതുവരെ ശ്വാസം പിടിച്ചു നടത്തണം. പതുക്കെ ശ്വാസം വിട്ടുകൊണ്ട് തിരികേ വരിക. കുറച്ച് തവണ ആവര്‍ത്തിക്കുക.

ബാലാസനം

ബാലാസന നാഡീ, ലിംഫറ്റിക് സിസ്റ്റത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന ഒരു യോഗാസനമാണ്. ഈ യോഗാസനം ഏറ്റവും വേഗത്തില്‍ നിങ്ങളുടെ സമ്മര്‍ദ്ദവും ക്ഷീണവും ലഘൂകരിച്ചുകൊണ്ട് മനസ്സിനെ ശാന്തമാക്കി നിലനിര്‍ത്തുന്നു.

എങ്ങനെ ചെയ്യണം?

കാലുകള്‍ രണ്ടും ഒന്നിച്ച് മുട്ടുകുത്തിയതിനെ തുടര്‍ന്ന് നിങ്ങളുടെ അരക്കെട്ടിന് മുകളിലായി ഇരിപ്പുറപ്പിക്കുക. നിങ്ങളുടെ ഇടുപ്പ് ഉയര്‍ത്താതെ, സൗമ്യമായി മുന്നോട്ട് കുനിഞ്ഞ്, നിങ്ങളുടെ നെഞ്ച് തുടകളില്‍ വിശ്രമിക്കാന്‍ അനുവദിക്കുക. നിങ്ങളുടെ നെറ്റി തറയില്‍ സ്പര്‍ശിക്കുന്നതു വരെ താഴേണ്ടതുണ്ട്. ആദ്യമൊക്കെ ഒരു തലയിണ ഉപയോഗിച്ച് ചെയ്യാം.

ശവാസനം

എല്ലാവര്‍ക്കും ഇഷ്ടമുള്ളതും ഏറ്റവും റിലാക്‌സിംഗ് അനുഭവം പകരുന്നതുമായ ആസനമാണിത്. പല യോഗ സെഷനിലും അവസാനം ശവാസനം ചെയ്യിപ്പിക്കാറുണ്ട്. ശ്വസനത്തെയും സ്വാധീനിക്കുന്നതുകൊണ്ട് സമ്മര്‍ദ്ദവും രക്താതിമര്‍ദ്ദവും കുറയ്ക്കുകയും മെച്ചപ്പെട്ട ഏകാഗ്രതയും മാനസികാരോഗ്യവും ഉറപ്പാക്കുകയും ചെയ്യുന്നു. വിഷാദത്തിന്റെ പ്രശ്‌നങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാന്‍ ഈ പോസ് സഹായിക്കും.

എങ്ങനെ ചെയ്യണം?

നിവര്‍ന്ന് കിടക്കുക, കാലുകള്‍ അല്പം അകത്തുകയും ശരീരത്തില്‍ നിന്ന് 6 ഇഞ്ച് അകലെ കൈകള്‍ മുകളിലേക്ക് അഭിമുഖമാക്കിയും ആവണം കിടക്കേണ്ടത്. നിങ്ങളുടെ തല ഭാഗം വിശ്രമിക്കാനായി സുഖകരവും ശാന്തവുമായ സ്ഥാനം തിരഞ്ഞെടുക്കാം.

പൊസിഷന്‍ ഉറപ്പാക്കി കഴിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ അനങ്ങേണ്ടതില്ല. മറ്റു ചിന്തകളെ മനസ്സില്‍ നിന്നു മാറ്റി ആഴത്തിലുള്ള ശ്വാസം എടുത്തുകൊണ്ട് മനസ്സിനെ ശാന്തമാക്കി നിങ്ങളുടെ ശരീരത്തിന്റെ ഓരോ ഭാഗത്തെയും വിശ്രമിക്കാന്‍ അനുവദിക്കുക. ഉറങ്ങി പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മെല്ലെ കാലുകളും കൈകളും ചലിപ്പിച്ച് ശരീരം പതുക്കെ അനക്കി മെല്ലെനിവര്‍ന്ന് കാലുകള്‍ പിണച്ചു വെച്ചുകൊണ്ടുള്ള സിറ്റിംഗ് പൊസിഷനിലേക്ക് ഇരിക്കാം.

Tags:    

Similar News