ഒരു കുടുംബത്തിലെ 70 കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ: അമാന്തിച്ച് കേരളം, മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാതെ കേന്ദ്രം

ചികിത്സാപ്പട്ടികയിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടുള്ള ആശുപത്രികൾക്ക് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ നിർദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല

Update:2024-11-01 10:45 IST

Image Courtesy: Canva

70 വയസ് കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സാപദ്ധതി ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജനയെന്ന പേരിൽ സെപ്റ്റംബർ 11 നാണ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനവും ചെയ്തു. തൊട്ടുപിന്നാലെ രാജ്യവ്യാപകമായി രജിസ്ട്രേഷനും ആരംഭിച്ചു.
നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ (എൻ.എച്ച്.എ.) വെബ്സൈറ്റ്, ആയുഷ്‌മാൻ ആപ്പ് എന്നിവ വഴിയാണ് കേന്ദ്രസർക്കാർ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.

ചികിത്സ വൈകും

www.beneficiary.nha.gov.in എന്ന വെബ്സൈറ്റില്‍ സിറ്റിസൺ ലോഗിൻ വഴിയും പ്രാദേശീകമായി വിവിധ സ്വകാര്യ കംപ്യൂട്ടർ ഷോപ്പുകള്‍ വഴിയും കേരളത്തിലും ആളുകൾ പദ്ധതിയില്‍ രജിസ്റ്റർ ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ പദ്ധതി സംബന്ധിച്ച് ഇപ്പോഴും കേരളത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. കേരളത്തിലെ ആശുപത്രികളിൽ നിന്ന് ഇപ്പോൾ സൗജന്യ ചികിത്സകള്‍ ലഭിക്കാത്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
ചികിത്സാപ്പട്ടികയിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടുള്ള ആശുപത്രികൾക്ക് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ നിർദേശങ്ങള്‍ ഒന്നും ലഭിക്കാത്തതാണ് കാരണം.
പദ്ധതിയില്‍ സൗജന്യ ചികിത്സ കിട്ടണമെങ്കിൽ കേരളത്തിലുള്ളവർ കാത്തിരിക്കേണ്ടിവരുമെന്ന അവസ്ഥയാണ് ഉളളത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് മാർഗനിര്‍ദേശം ലഭിച്ചാലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകുക എന്ന നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നത്.

കോടിക്കണക്കിനു രൂപ കുടിശ്ശിക

സംസ്ഥാനത്തെ അക്ഷയ, ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ ഔദ്യോഗികമായി രജിസ്ട്രേഷനും ആരംഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനു കീഴിലുളള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി(എസ്.എച്ച്.എ.)യുടെ നിർദേശം ലഭിക്കണമെന്നാണ് ഇവര്‍ പറയുന്നത്.
പദ്ധതി പ്രകാരം കേന്ദ്രവിഹിതം 60 ശതമാനവും സംസ്ഥാന വിഹിതം 40 ശതമാനവുമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഈ തുക സംസ്ഥാനം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയുമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രത്തിൽ നിന്ന് മാർഗനിർദേശം ലഭിക്കുന്നതിന് അനുസരിച്ച് തീരുമാനമെടുക്കാനാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്.
അതേസമയം, കാരുണ്യ പദ്ധതി വഴി സൗജന്യ ചികിത്സ നൽകിയ വകയിൽ സ്വകാര്യ ആശുപത്രികൾക്കടക്കം കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്തിന് കുടിശ്ശികയുളളത്. ഇത് ലഭിച്ചില്ലെങ്കില്‍ സൗജന്യ ചികിത്സയിൽ നിന്നു പിന്മാറുമെന്നാണ് ആശുപത്രികളുടെ നിലപാടുളളത്. ഈ സാഹചര്യത്തിൽ പുതിയ ബാധ്യതയേറ്റെടുക്കാൻ സംസ്ഥാനത്തിന് വൈമനസ്യവുമുണ്ട്.
Tags:    

Similar News