പ്രമേഹം നിയന്ത്രിക്കാം, ഈ 5 പ്രായോഗിക വഴികളിലൂടെ
പ്രമേഹം എങ്ങനെ നിയന്ത്രിക്കാമെന്നതിനെ കുറിച്ച് പ്രശസ്ത ഡയബറ്റോളജിസ്റ്റും എന്‍ഡോക്രൈനോളജിസ്റ്റുമായ ഡോ. ടോം ബാബു വിശദീകരിക്കുന്നു;
നിശബ്ദമായി ഒപ്പം കൂടും, പിന്നെ പരിഹാരം കാണാന്‍ കഴിയാത്ത വിധം സങ്കീര്‍ണതകളില്‍ കൊണ്ടെത്തിക്കും. ഇങ്ങനെ വളരെ ഗൗരവമുള്ളൊരു രോഗാവസ്ഥയാണ് പ്രമേഹം. ശ്രദ്ധിക്കാതിരുന്നാല്‍ അത് അപകടകാരിയാവും. പ്രമേഹവും അമിത രക്തസമ്മര്‍ദ്ദവും (ബി.പി)അമിത കൊളസ്ട്രോളും ഒരാളില്‍ ഒരുമിച്ചു വന്നാല്‍ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പ്രമേഹം വരാതിരിക്കാനുംവന്നാല്‍ തന്നെ നിയന്ത്രിച്ച് നിര്‍ത്താനുംശ്രമിക്കണം. ഇന്ത്യയിലെ ഡയബറ്റിക് തലസ്ഥാനം എന്ന പേരാണ് കേരളത്തിനുള്ളത്. ദേശീയതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം ശരാശരി എട്ട് ശതമാനമാണെങ്കില്‍, കേരളത്തില്‍ അത് 20 ശതമാനമാണ്. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും മറ്റും നമുക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താനാകും. പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താനുള്ള അഞ്ച് വഴികള്‍ നോക്കാം.
1.ഫൈബര്‍ അടങ്ങിയ ഭക്ഷണം
നിങ്ങള്‍ എന്തു കഴിക്കുന്നു എന്നതാണ് പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഏറ്റവും പ്രധാനം. പച്ചക്കറികള്‍, തവിടുള്ള ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഫൈബര്‍ അടങ്ങിയ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. വിവിധ പച്ചക്കറികളും തവിടോടു കൂടിയ ധാന്യങ്ങളും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഫൈബറും ലഭ്യമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
2.വ്യായാമം
ആഴ്ചയില്‍ ആറ് ദിവസം 30 മുതല്‍ 45 മിനുട്ട് വരെ പതിവായി ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് ശീലമാക്കുക. വ്യായാമത്തിലൂടെ ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കാനും അതുവഴി കോശങ്ങള്‍ കൂടുതല്‍ നന്നായി ഗ്ലൂക്കോസ് ആഗിരണം ചെയ്യാനുംസഹായിക്കും. ശരീര ഭാരം കുറയ്ക്കാനും വ്യായാമം നല്ലതാണ്. മരുന്ന് കൃത്യസമയത്ത് കഴിക്കുക എന്നതും പ്രമേഹ നിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
3.വെള്ളം കുടിക്കുക
ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് മാത്രമല്ല, ശരീരത്തിന്റെ മുഴുവനായുള്ള ആരോഗ്യത്തിനും നല്ലതാണ്. കിഡ്‌നിയുടെ ശരിയായ പ്രവര്‍ത്തനത്തിനും രക്തത്തില്‍ അധികമുള്ള ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കണം. രക്തയോട്ടത്തിനും കോശങ്ങള്‍ക്ക് ആവശ്യമായ ഗ്ലൂക്കോസ് എത്തിക്കുന്നതിനും വെള്ളത്തിന് വലിയ പങ്കുണ്ട്.
4.ഉറക്കം
പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഉറക്കത്തിനുള്ള പ്രാധാന്യം വലുതാണ്. ദിവസവും എട്ടു മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഉറക്കമൊഴിക്കുന്നതിലൂടെ കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ആഗീരണം ചെയ്യാനുള്ള ശേഷി കുറയും.
5. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഫലമായി വിട്ടുമാറാത്ത സമ്മര്‍ദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കുകയാണ് പോംവഴി. ഇതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യും.
ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ ശീലമാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതോടൊപ്പം ഡോക്ടറുടെ ഉപദേശം തേടുകയും ആവശ്യമായ മരുന്നുകള്‍ കഴിക്കുകയും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ശരീര പ്രകൃതത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും.
(കൊച്ചി സില്‍വര്‍ലൈന്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്റ്ററും കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍)
(Originally published in Dhanam Business Magazine October 15, 2023 Issue)