അടിയന്തരാനുമതി നല്‍കി: ഇന്ത്യയിലെ നാലാമത്തെ കോവിഡ് വാക്‌സിനായി മൊഡേണ

മുംബൈ ആസ്ഥാനമായുള്ള മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് മൊഡേണയുടെ ഉപയോഗത്തിനായി അനുമതി തേടിയിരുന്നത്

Update: 2021-06-30 10:27 GMT

അമേരിക്കന്‍ നിര്‍മിത കോവിഡ് വാക്‌സിനായ മൊഡേണക്ക് ഇന്ത്യയില്‍ അടിയന്തരാനുമതി നല്‍കി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ. ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിച്ച കോവിഡ് വാക്‌സിനുകളുടെ എണ്ണം നാലായി. കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് എന്നിവയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് അനുമതി കിട്ടിയ മറ്റ് വാക്‌സിനുകള്‍. 18 വയസിന് മുകളിലുള്ളവരില്‍ ഉപയോഗിക്കുന്നതിന് മുംബൈ ആസ്ഥാനമായുള്ള മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് അനുമതി തേടിയിരുന്നത്.

അതേസമയം വാക്‌സിന്‍ എപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നോ, എത്ര ഡോസുകള്‍ ലഭ്യമാകുമെന്നതിനെ കുറിച്ചോ കമ്പനി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമേരിക്കന്‍ വാക്‌സിനായ മൊഡേണ ഇന്ത്യയില്‍ റെഗുലേറ്ററി അംഗീകാരത്തോടെ ഇറക്കുമതി ചെയ്യുന്നതിനെ സിപ്ല പിന്തുണക്കുമെന്നും എന്നാല്‍ വാക്‌സിന്റെ വാണിജ്യാവശ്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ ധാരണയായില്ലെന്നും സിപ്ല പ്രസ്താവനയില്‍ വ്യക്തമാക്കി.

നിലവില്‍ ഇന്ത്യയില്‍ അനുമതി നല്‍കിയ കോവിഡ് വാക്‌സിനുകളില്‍ മൊഡേണയ്ക്കാണ് ഉയര്‍ന്ന ഫലപ്രാപ്തി കണക്കാക്കുന്നത്. സ്പുട്‌നിക് (91 ശതമാനം), കോവാക്‌സിന്‍ (77.8 ശതമാനം), കോവിഷീല്‍ഡ് (74 ശതമാനം) എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ മൊഡേണയ്ക്ക് 94 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വിദേശ വാക്‌സിനുകള്‍ ഇന്ത്യയില്‍ അനുമതി നല്‍കുന്നതിനുള്ള നയം പരിഷ്‌കരിച്ചതിന് പിന്നാലെയാണ് മൊഡേണയ്ക്ക് 24 മണിക്കൂറിനകം അടിയന്തരാനുമതി ലഭിച്ചത്. സ്പുട്‌നികിന് അടിയന്തരാനുമതി ലഭിക്കാന്‍ രണ്ട് മാസത്തോളമാണ് കാത്തിരിക്കേണ്ടിവന്നത്.

Tags:    

Similar News