എന്‍ട്രപ്രണര്‍ ഫറ്റീഗ് എന്ന് കേട്ടിട്ടുണ്ടോ? ബിസിനസിന് ഭീഷണിയായ ഈ അവസ്ഥയെ എങ്ങനെ മറികടക്കാം
എന്‍ട്രപ്രണര്‍ ഫറ്റീഗ് വലിയ നിരാശയിലേക്കും തളര്‍ച്ചയിലേക്കും നയിക്കുന്നു. ശാരീരിക ആരോഗ്യത്തെ പോലും പലതരത്തില്‍ പ്രതികൂലമായി ബാധിക്കുന്നു
ബിസിനസിന്റെ വിജയം, സംരംഭകര്‍ നേരിടുന്ന പരാജയം എന്നിവയെകുറിച്ചെല്ലാം നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ എന്‍ട്രപ്രണര്‍ ഫറ്റീഗ് (Entrepreneur fatigue) എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ. സംരംഭകത്വം വെല്ലുവിളി നിറഞ്ഞതാണ്. ബിസിനസ്സ് ഉടമകളെയും സിഇഒമാരെയും മറ്റ് സംരംഭകരെയും ബാധിക്കുന്ന ഒരു സാധാരണവും ചിലപ്പോള്‍ ദുര്‍ബലപ്പെടുത്തുന്നതുമായ ഒരവസ്ഥയാണ് എന്‍ട്രപ്രണര്‍ ഫറ്റീഗ്. ക്ഷീണം, ഉദാസീനത, ജോലി സംബന്ധമായ പ്രവര്‍ത്തനങ്ങളോടുള്ള ഉത്സാഹം കുറവ് എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
എന്താണ് ഈ ക്ഷീണം
ബിസിനസ് എന്നത് ഒരു പാഷന്‍ പ്രോജക്ടാണ്. ഒരു സംരംഭകന്റെ ജീവിതം കൂടുതലും തന്റെ ബിസിനസിനെ ചുറ്റിപ്പറ്റിയാണ്. ബിസിനസിന്റെ ഓരോ ഭാഗത്തും പൂര്‍ണ്ണമായും സംരംഭകന്റെ പങ്കാളിത്തം ഇതിന് ആവശ്യമാണ്. ഇതില്‍ സമ്മര്‍ദ്ദമുണ്ടാകുക സാധാരണമാണ്. അതിനൊപ്പം സ്വകാര്യ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും സ്വാഭാവികം. രണ്ട് സാഹചര്യങ്ങും നല്ല രീതിയില്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ പലപ്പോഴും പ്രയാസം നേരിടുന്നവര്‍ ഉണ്ട്. അത്‌കൊണ്ട് തന്നെ ഇത് ശാരീരികമായും മാനസികമായും ആ വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. പിന്നീട് ബിസിനസിനേയും. വ്യവസായിയെ അല്ലെങ്കില്‍ സംരംഭകരെ ഇത് മാനസികാമായി എത്തിക്കുന്ന ഒരു അവസ്ഥയാണ് എന്‍ട്രപ്രണര്‍ ഫറ്റീഗ്.
എങ്ങനെ ഉണ്ടാകുന്നു
വ്യവസായികളിലും അല്ലെങ്കില്‍ സംരംഭകരിലും സമ്മര്‍ദ്ദം, തിരക്കുള്ള ജീവിതശൈലി എന്നിവ എന്‍ട്രപ്രണര്‍ ഫറ്റീഗിന്റെ അടിസ്ഥാന കാരണങ്ങളായി കണക്കാക്കാം. ഇടവേളയില്ലാതെ കൂടുതല്‍ സമയം ജോലി ചെയ്യുന്നത്, ദൈര്‍ഘ്യമേറിയ മീറ്റിംഗുകള്‍, ഇടപാടുകാരില്‍ നിന്നും ഓഹരി ഉടമകളില്‍ നിന്നുമുള്ള അനന്തമായ ആവശ്യങ്ങള്‍, ബിസിനസ്സ് സംരംഭത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അനിശ്ചിതത്വം അല്ലെങ്കില്‍ അമിതമായ ഉത്തരവാദിത്തത്തില്‍ മുഴുകിയിരിക്കുക എന്നിവയും മൂലം എന്‍ട്രപ്രണര്‍ ഫറ്റീഗ് ഉണ്ടാകാം.
ബിസിനസിന് ഭീഷണി
എന്‍ട്രപ്രണര്‍ ഫറ്റീഗ് എന്നത് ബിസിനസിനെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്. ഒരു ബിസിനസ് നടത്തുമ്പോള്‍ ആ വ്യക്തി വളരെയധികം തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ എന്‍ട്രപ്രണര്‍ ഫറ്റീഗ് പിടിമുറുക്കുന്നേതാടെ ധൃതിയില്‍ ശ്രദ്ധയില്ലാതെ പല പ്രധാന തീരുമാനങ്ങളും അവര്‍ എടുക്കുന്നു. ബിസിനസില്‍ ഇത് അപകടസാധ്യതകള്‍ വരുത്തുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്. ചില സംരംഭകര്‍ ബിസിനസ് അകാലത്തില്‍ ഉപേക്ഷിക്കുന്നതിന് ഈ പ്രശ്‌നം കാരണമാകുന്നു. പലപ്പോഴും ലക്ഷങ്ങള്‍ മുടക്കി ചെയ്യുന്ന ബിസിനസുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ അത് ആ വ്യക്തിക്ക് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം ചെറുതല്ല. മാത്രമല്ല, ഇത് വലിയ നിരാശയിലേക്കും തളര്‍ച്ചയിലേക്കും അയാളെ നയിക്കുന്നു. ശാരീരിക ആരോഗ്യത്തെ പോലും പലതരത്തില്‍ പ്രതികൂലമായി ബാധിക്കുന്നു.
ചെറുക്കാം ഈ ക്ഷീണം
ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ എന്‍ട്രപ്രണര്‍ ഫറ്റീഗ് എന്ന പ്രശ്‌നത്തെ നമുക്ക് പറിച്ചെറിയാനാകും. അവയെന്തൊക്കെയാണെന്ന് നോക്കാം. ജോലിയും വീട്ടൂജീവിതവും തമ്മില്‍ അതിരുകള്‍ നിശ്ചയിക്കുക എന്നത് വളരെ പ്രധാനമാണ്. സംരംഭകരാണെങ്കിലും നിങ്ങള്‍ക്ക് കുടുംബം, സുഹൃത്തുക്കള്‍, ഹോബികള്‍, സ്വയം പരിചരണം എന്നിങ്ങനെ ശ്രദ്ധിക്കേണ്ട മറ്റ് ഘടകങ്ങളും ജീവിതത്തില്‍ ഉണ്ടെന്ന് ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. ജോലിയും വീടും, മറ്റ് സാമൂഹിക കാര്യങ്ങള്‍ക്കുള്ള സമയവും തമ്മില്‍ അതിരുകള്‍ നിശ്ചയിക്കുന്നത് നല്ല മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ബിസിനസിലെ ദീര്‍ഘകാല ലക്ഷ്യങ്ങളെ ചെറിയ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ചെറിയ ഘട്ടങ്ങളായി വിഭജിച്ചുകൊണ്ട് മുന്നോട്ട് പോകുക. ബിസിനസില്‍ പ്രചോദിതരായി തുടരാന്‍ ഇത് നിങ്ങളെ സഹായിക്കും. സ്ഥാപനത്തിനുള്ളില്‍ സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതും സഹപ്രവര്‍ത്തകരുമായി ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കുന്നതും ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കും. ഈ അന്തരീക്ഷം കാലക്രമേണ എന്‍ട്രപ്രണര്‍ ഫറ്റീഗ് ഒഴിവാക്കുന്നതിന് സഹായിക്കും.
ബിസിനസ് നടത്തുമ്പോള്‍ സമ്മര്‍ദ്ദങ്ങളുണ്ടാകുന്നത് സ്വഭാവികമാണെന്നും അതുകൊണ്ട് ഈ സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ നമ്മള്‍ തയ്യാറായിരിക്കണമെന്നും പ്രമുഖ മാനസികാരോഗ്യ വിദഗ്ദന്‍ ഡോ. സി ജെ ജോണ്‍ പറഞ്ഞു. ബിസിനസിലെ വിജയം പോലെ തന്നെ ബിസിനസിലുണ്ടാകുന്ന പാരാജയങ്ങളും, പ്രതിസന്ധി ഘട്ടങ്ങളും നേരിടാനും കൈകാര്യം ചെയ്യാനും അവ തരണം ചെയ്യാനുമെല്ലാം നിങ്ങള്‍ പ്രാപ്തരാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് ഒരു ബിസിനസ്സ് നടത്തുമ്പോള്‍ നിങ്ങള്‍ക്ക് അമിതഭാരം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിശ്വസ്തരുമായോ വീട്ടുകാരുമായോ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുണമെനന്നും ഡോ. സി ജെ ജോണ്‍ പറയുന്നു.
തളര്‍ച്ചയ്ക്ക് കാരണമായേക്കാവുന്ന ഏതെങ്കിലും നിരാശകളും ഉത്കണ്ഠകളും ഇത്തരത്തില്‍ പങ്കുവയ്ക്കുക. ഇത് സമ്മര്‍ദ്ദം കുറയ്ക്കുന്നു. ചില സമയം മറ്റൊരാളില്‍ നിന്ന് വൈകാരിക പിന്തുണ ലഭിക്കുന്നത് പ്രശ്‌നങ്ങള്‍ നേരിടാന്‍ നിങ്ങളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടെ ഒരു ഡിജിറ്റല്‍ ഡിറ്റോക്സ് എടുക്കുന്നതും വളരെ നല്ലതാണ്. അതായത് അതായത് സ്മാര്‍ട്ട്ഫോണുകള്‍, ടെലിവിഷനുകള്‍, കമ്പ്യൂട്ടറുകള്‍, ടാബ്ലെറ്റുകള്‍, സോഷ്യല്‍ മീഡിയ സൈറ്റുകള്‍ തുടങ്ങി സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ചൊറിയൊരു കാലഘട്ടത്തേക്ക് വിട്ടുനില്‍ക്കുക.
എന്നാല്‍ എന്‍ട്രപ്രണര്‍ ഫറ്റീഗ് ദീര്‍ഘകാലം നിലനില്‍ക്കുകയും നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഹാനികരമാകാന്‍ തുടങ്ങുകയും ചെയ്താല്‍ തീര്‍ച്ചയായും നിങ്ങള്‍ ഡോക്ടറെ കാണേണ്ടതുണ്ട്. സംരംഭകര്‍ക്ക് ഈ പ്രശ്‌നത്തെ മറികടക്കാന്‍ മാത്രമല്ല, അവരുടെ സംരംഭങ്ങളില്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമവും വിജയകരവുമാകാനും കഴിയും. ഉത്കണ്ഠ ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനും ഇവയെല്ലാം നിങ്ങളെ സഹായിക്കും. അങ്ങനെ നിങ്ങള്‍ക്ക് എന്‍ട്രപ്രണര്‍ ഫറ്റീഗിനെ വേരോടെ തുരത്തി നിങ്ങളുടെ ബിസിനസ് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും.