വിഷമില്ലാത്ത ഭക്ഷണം, ആരോഗ്യകരമായ ജീവിതം; വ്യത്യസ്തമാണ് 'പുഞ്ച'

കഴിക്കുന്ന ഭക്ഷണം തന്നെ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇക്കാലത്ത് വേറിട്ടൊരു ഭക്ഷണ സംസ്‌കാരം കെട്ടിപ്പടുക്കാനുള്ള തയാറെടുപ്പിലാണ് ഈ സംരംഭം

Update:2023-12-21 11:41 IST

മുഹമ്മദ് അബ്ദു റഹ്‌മാന്‍, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

മേല്‍ത്തരം പച്ചരി നെല്ലും കല്ലും മാറ്റി നന്നായി കഴുകി പൊടിച്ച്, വിറകടുപ്പിലെ ഓട്ടുരുളിയില്‍ വറുത്തെടുത്ത അരിപ്പൊടിയും പുട്ടുപൊടിയും നേരെ കൈകളിലേക്ക് കിട്ടിയാലോ?

ഇത് കഴിഞ്ഞുപോയ ഏതോ കാലത്തെ കാര്യമല്ല. മലപ്പുറത്തെ വട്ടപ്പറമ്പിലെ ഗ്രീന്‍ഹോപ്സ്  കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ് വിപണിയിലിറക്കുന്ന പുഞ്ച ബ്രാന്‍ഡിലെ അരിപ്പൊടിയും പുട്ടുപൊടിയും തയാറാക്കുന്നത് ഇങ്ങനെയാണ്. ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പുഞ്ച തന്നെ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു. അരിപ്പൊടിയും പുട്ടുപൊടിയും കൊണ്ട് ഭക്ഷ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനാകുമോയെന്ന സംശയം തോന്നാം. ''ഇതൊരു തുടക്കമാണ്. വിഷരഹിത ഭക്ഷണ സംസ്‌കാരത്തിലേക്കുള്ള ചുവടുവെയ്പ്പ്.

ആരോഗ്യപൂര്‍ണവും വിഷരഹിതവുമായ ഭക്ഷണ സംസ്‌കാരമെന്ന ആശയവും പകൃതിയോടിണങ്ങുന്ന ഒരു വ്യവസായ സംരംഭമെന്ന സ്വപ്നവും എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള ഒരു ജനകീയ മുന്നേറ്റവും എല്ലാം ഒരുമിച്ച് ചേര്‍ന്നുള്ള യാത്രയാണിത്,'' ഗ്രീന്‍ഹോപ്സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സിന്റെ മാതൃ കമ്പനിയായ ഗ്രീന്‍ഹോപ്പര്‍ ഫാം ലിവിംഗിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ മുഹമ്മദ് അബ്ദുറഹ്‌മാന്‍ പറയുന്നു.


പ്രകൃതിയെ അറിഞ്ഞൊരു യാത്ര

പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന ഒരു വ്യവസായപദ്ധതിയെന്ന ഒരുകൂട്ടം ആളുകളുടെ സ്വപ്ന സാക്ഷാത്കാരമാണ് ഗ്രീന്‍ഹോപ്പര്‍ ഫാം ലിവിംഗ്. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ് ഈ സംരംഭത്തിന്റെ ചെയര്‍മാന്‍. ''കാടും മലകളും പച്ചപ്പും പുഴകളും കാണാനും അനുഭവിച്ചറിയാനും ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ട്. ഭക്ഷണം തന്നെ ഔഷധമായിരുന്ന പഴയകാലം നമുക്കുണ്ടായി. പക്ഷേ ഇപ്പോള്‍ കൃഷിക്ക് കൂലി മരണം പോലെയാണ്. എത്രയോ കര്‍ഷകരാണ് കൃഷിയിടത്തില്‍ തന്നെ കുഴഞ്ഞുവീണ് മരിക്കുന്നത്.

ഇത് ഹൃദയാഘാതമെന്ന പേരില്‍ എഴുതിച്ചേര്‍ക്കുമെങ്കിലും അവര്‍ കാലങ്ങളായി ഉപയോഗിക്കുന്ന വളത്തിന്റെയും കീടനാശിനിയുടെയുമെല്ലാം പ്രത്യാഘാതമാണ്. വിഷരഹിത ഭക്ഷണം ഉറപ്പാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ആരോഗ്യത്തോടെ ഓരോ വ്യക്തിയും ഇരുന്നാല്‍ മാത്രമേ മറ്റെന്തും സാധ്യമാകു. തീര്‍ത്തും അടിസ്ഥാനപരമായ ആ ആവശ്യത്തിനു വേണ്ടിയുള്ള ശ്രമമാണ് ഗ്രീന്‍ഹോപ്പര്‍ ഫാം ലിവിംഗും ഗ്രീന്‍ഹോപ്സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സും'', മുഹമ്മദ് അബ്ദുറഹ്‌മാന്‍ വ്യക്തമാക്കുന്നു.

2019ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഗ്രീന്‍ഹോപ്പര്‍ ഫാം ലിവിംഗ് സമീപകാലത്ത് ഭക്ഷ്യോല്‍പ്പന്ന രംഗത്തേക്ക് ചുവടുവെയ്ക്കുകയായിരുന്നു. ''ഗ്രീന്‍ ഹോപ്പര്‍ ഫാം ലിവിംഗിന്റെ വിഷരഹിത ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'പുഞ്ച' എന്ന പേരില്‍ വിപണിയിലെത്തിയ പുഞ്ച അരിപ്പൊടിയും പുട്ടു പൊടിയും. പഴയ കാലത്തിന്റെ തനിമയുള്ള രുചിയുടെ വീണ്ടെടുപ്പാണ് ഗ്രീന്‍ഹോപ്സ് കണ്‍സ്യൂമര്‍ പ്രോഡക്ടിന്റെ പുട്ട്, പത്തിരി, ഇടിയപ്പം പൊടികള്‍,'' പുഞ്ച സാരഥികള്‍ പറയുന്നു.

വിഷരഹിത ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവിലനല്‍കേണ്ടി വരുമെന്ന ധാരണയും ഇവര്‍ പൊളിച്ചെഴുതുന്നു. ഗുണമേന്മയുള്ള അരി അത്യാധുനിക സോര്‍ട്ടെക്സ് മെഷീനിലൂടെ സ്‌കാന്‍ ചെയ്ത് മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കംചെയ്ത ശേഷം പരമ്പരാഗത രീതിയിലാണ് കഴുകിയെടുക്കുന്നത്. ഓട്ടുരുളിയില്‍ വറുത്തെടുക്കുന്നതിനാല്‍ പുഞ്ച അരിപ്പൊടിക്കും പുട്ടുപൊടിക്കും ഗുണവും രുചിയും ഏറെയാണെന്ന് പുഞ്ച സാരഥികള്‍ വ്യക്തമാക്കുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രതിദിന ഉല്‍പ്പാദനം നിലവിലുള്ളതിന്റെ അഞ്ച് മടങ്ങാക്കി ഉയര്‍ത്താനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

''നിലവില്‍ ഡിമാന്റിന് അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ട സ്ഥിതിയാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഘട്ടം ഘട്ടമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുഞ്ച ബ്രാന്‍ഡിലെ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എത്തിക്കും,'' മുഹമ്മദ് അബ്ദുറഹ്‌മാന്‍ പറയുന്നു. അധികം വൈകാതെ പുഞ്ച ബ്രാന്‍ഡില്‍ മസാലപ്പൊടികളും വിപണിയിലെത്തിക്കും. ആറു മാസത്തിനുള്ളില്‍ ഗ്രീന്‍ഹോപ്പര്‍ ഫാം ലിവിംഗിന്റെ സ്വന്തം ഫാമില്‍ നിന്നുള്ള പാലും പാലുല്‍പ്പന്നങ്ങളും കൂടി വരും.

കര്‍ഷകരില്‍ നിന്ന് ജനങ്ങളിലേക്ക്

പച്ചക്കറികളും പഴവര്‍ഗങ്ങളും പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ നാട്ടിലെ സംരംഭകര്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും ന്യായവില അവര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുഹമ്മദ് അബ്ദുറഹ്‌മാന്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ന്യായവില നല്‍കി സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ നല്‍കാനുള്ള പദ്ധതിയും ഇവര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി റീറ്റെയ്ല്‍ ഔട്ട്ലെറ്റുകള്‍ സജ്ജമാക്കുകയാണ് കമ്പനി. ''നമ്മുടെ അടുക്കളകളിലേക്ക് ആരോഗ്യപൂര്‍ണമായ പരമ്പരാഗത രുചികളെ തിരിച്ചുകൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മള്‍ ആരോഗ്യത്തോടെ ജീവിച്ചിരുന്നാല്‍ മാത്രമെ എന്തും നടക്കൂ. അതിനായി നമുക്ക് ഒരുമിച്ച് നടക്കാം,'' മുഹമ്മദ് അബ്ദുറഹ്‌മാന്‍ പറയുന്നു.

അഭിമുഖം 

ആരോഗ്യപൂര്‍ണവും വിഷരഹിതവുമായ ഒരു ഭക്ഷണ സംസ്‌കാരം എങ്ങനെയാണ് ഗ്രീന്‍ഹോപ്പര്‍ ഫാം ലിവിംഗ് മുന്നോട്ട് വെയ്ക്കുന്നത്? എന്താണ് ഈ വ്യവസായ സംരംഭത്തിന്റെ പ്രസക്തി? ഗ്രീന്‍ഹോപ്പര്‍ ഫാം ലിവിംഗ് സി.ഇ.ഒ മുഹമ്മദ് അബ്ദു റഹ്‌മാന്‍ വിശദമാക്കുന്നു.

പുഞ്ച എന്ന ബ്രാന്‍ഡിലൂടെ ഒരു ബദല്‍ ഭക്ഷണ സംസ്‌കാരം കൊണ്ടുവരാന്‍ സാധിക്കുമോ?

ഇതൊരു തുടക്കമാണ്. ഒരു സമൂഹത്തെ ചേര്‍ത്തു നിര്‍ത്തി പ്രകൃതിയോടിണങ്ങിയ ഒരു വ്യവസായ സംരംഭത്തില്‍ നിന്നുള്ള ആദ്യ ചുവടുവെയ്പ്പുകളില്‍ ഒന്നുമാത്രം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപണി വിപുലമാക്കും. പുതിയ ഉല്‍പ്പന്നങ്ങള്‍ വരും.

പുഞ്ച എങ്ങനെയാണ് വിപണി ഉറപ്പാക്കുന്നത്?

ഗ്രീന്‍ഹോപ്പര്‍ ഫാം ലിവിംഗ് ഒരു ജനതയുടെ കൂട്ടായ്മയുടെ നേര്‍പതിപ്പാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂവായിരത്തിലേറെ കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ ഈ പ്രസ്ഥാനത്തിന്റെ പങ്കാളികളായി കഴിഞ്ഞു. ഭക്ഷണം രോഗത്തിന് കാരണമാകുന്നുണ്ടെന്ന് നമുക്കറിയാം. ചര്‍ച്ചയോ സംവാദമോ കൊണ്ട് അത് പരിഹരിക്കാനാവില്ല. മറിച്ച് ബദല്‍ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കണം. അതും താങ്ങാവുന്ന വിലയ്ക്ക്. നിലവില്‍ ഗ്രീന്‍ഹോപ്പര്‍ ഫാം ലിവിംഗിന്റെ ഭാഗമായ കുടുംബങ്ങളിലേക്കെല്ലാം പുഞ്ച ഉല്‍പ്പന്നങ്ങള്‍ എത്തുന്നു. ഉല്‍പ്പാദനവും ഉല്‍പ്പന്ന ശ്രേണിയും വിപുലമാകുന്നതോടെ സംസ്ഥാനത്തുടനീളവും രാജ്യത്തിന് പുറത്തും പുഞ്ച ബ്രാന്‍ഡിലെ ഭക്ഷ്യോല്‍പ്പന്നങ്ങളെത്തും.

ചെറിയ ചെറിയ ചുവടുകള്‍ വെച്ചാണ് ഞങ്ങളുടെ മുന്നേറ്റം. മലപ്പുറം ജില്ലയില്‍ മുഴുവനും ഞാന്‍ തന്നെ നേരില്‍ പോയി ഈ ബദല്‍ ഭക്ഷണ സംസ്‌കാരത്തെ കുറിച്ച് ക്ലാസുകള്‍ എടുത്തിട്ടുണ്ട്.

ഗ്രീന്‍ഹോപ്പര്‍ ഫാം ലിവിംഗിന്റെ കീഴില്‍ എന്തൊക്കെയാണുള്ളത്?

ഇത് വളരെ വിപുലമായ ബിസിനസ് പ്രസ്ഥാനമാണ്. പ്രകൃതിയോടിണങ്ങിയുള്ള, സുസ്ഥിരമായൊരു കാഴ്ചപ്പാടാണ് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്. കൃഷി, ക്ഷീരോല്‍പ്പാദനം, വെല്‍നെസ് & ഹെല്‍ത്ത് കെയര്‍, ടൂറിസം, വിദ്യാഭ്യാസം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിപണന ശൃംഖല, കയറ്റുമതി, നിര്‍മാണ മേഖല തുടങ്ങി വ്യത്യസ്തവും വിപുലവുമായ നിരവധി മേഖലകളില്‍ ഗ്രീന്‍ഹോപ്പര്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഇതുപോലൊരു പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്താണ്?

നമ്മുടെ ഉയര്‍ന്ന സാമൂഹ്യസൂചകങ്ങളുടെ ഭാഗമായി ഉയര്‍ത്തിക്കാട്ടുന്ന ഒന്നാണ് നാട്ടില്‍ മുഴുവന്‍ പൊതു-സ്വകാര്യ മേഖലകളിലെ ഹൈടെക്, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ ശൃംഖല. ഇതിനൊരു മറുപുറമില്ലേ? എത്രമാത്രം ആശുപത്രികള്‍ വന്നാലും കിടക്കകളുടെ എണ്ണം കൂടിയാലും രോഗികളെ കിട്ടാത്ത സ്ഥിതി വരുന്നില്ല. അതായത് കേരളം രോഗാതുരമായ സമൂഹമായി മാറുന്നു.

ആശുപത്രിയില്‍ പതിനായിരങ്ങളും ലക്ഷങ്ങളും ചെലവിടുന്നതിന് പകരം നല്ല ഭക്ഷണം ലഭ്യമാക്കി ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാനല്ലേ ശ്രമിക്കേണ്ടത്. അതിനുള്ള ചുവടുവെയ്പ്പാണ് ഞങ്ങള്‍ നടത്തുന്നത്. ഇത് സമാനമനസ്‌കരായ ഒരുകൂട്ടം ആളുകളുടെ പ്രസ്ഥാനമാണ്. ഏറ്റവും ചുരുങ്ങിയത് രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ആര്‍ക്കും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകാം. ബദല്‍ ഭക്ഷണസംസ്‌കാരത്തിന്റെ, പ്രകൃതിയോടിണങ്ങിയ ബിസിനസ് ശൃംഖലയ്ക്കൊപ്പം സഞ്ചരിക്കാം.

അതുപോലെ പുഞ്ചയുടെ ഉല്‍പ്പന്നങ്ങളുടെ വിപണന, വിതരണ രംഗത്തും പങ്കാളികളാ കാനുള്ള അവസരമുണ്ട്. നമ്മുടെ നാട്ടിലെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വില്‍പ്പന നടത്തുന്ന റീറ്റെയ്ല്‍ സ്റ്റോറുകള്‍ വ്യാപകമാകുന്നതിലൂടെ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും അതിന്റെ ഭാഗമായി നിന്ന് നേട്ടമുണ്ടാക്കാനാകും. അതായത് സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന, നേട്ടം ഉറപ്പാക്കുന്ന പ്രസ്ഥാനമായാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.

(This focus feature is originally appeared in the first issue of Dhanam Business Magazine December 2023)

Tags:    

Similar News