വന്‍ കയറ്റിറക്കങ്ങളില്‍ വിപണി; പുതിയ ഓര്‍ഡറുകളുടെ ബലത്തില്‍ റെയില്‍ടെല്‍, ഓല ഇന്നും താഴ്ന്നു
ക്ഷീണം വിട്ട് ഓട്ടോ, ഐ.ടിക്ക് വീഴ്ച
നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി ആദ്യ മണിക്കൂറില്‍ വലിയ ചാഞ്ചാട്ടം നടത്തി. സെന്‍സെക്‌സ് രാവിലെ 80,883 വരെ താഴുകയും 81,231 വരെ കയറുകയും ചെയ്തു. നിഫ്റ്റി 24,771 നും 24,859 നുമിടയില്‍ കയറിയിറങ്ങി.
ഇന്നലെ ക്ഷീണത്തിലായിരുന്ന വാഹന ഓഹരികള്‍ ഇന്നു നല്ല നേട്ടം ഉണ്ടാക്കി. ടി.വി.എസ് മോട്ടോഴ്‌സ് 3.5 ശതമാനവും ബജാജ് ഓട്ടോ 2.63 ശതമാനവും ടാറ്റാ മോട്ടോഴ്‌സ് 1.25 ശതമാനവും ഹീറോ മോട്ടോ കോര്‍പ് 1.5 ശതമാനവും ശതമാനം കയറി.
ഐ.ടി ഓഹരികള്‍ ഇന്നു താഴ്ചയിലാണ്. വിപ്രോ 1.05 ശതമാനവും ഇന്‍ഫോസിസ് 1.05 ശതമാനവും മൈന്‍ഡ് ട്രീ 1.45 ശതമാനവും പെര്‍സിസ്റ്റന്റ് 1.5 ശതമാനവും എംഫസിസ് 2.3 ശതമാനവും താഴ്ന്നു. ഐ.ടി സൂചികയില്‍ എച്ച്.സി.എല്‍ ടെക് മാത്രമാണു രാവിലെ ഉയര്‍ന്നത്.
വിദേശ ബ്രോക്കറേജുകളായ സി.എല്‍.എസ്.എയും ബേണ്‍സ്‌റ്റൈനും റിയോന്‍സിന്റെ വിലപ്രതീക്ഷ ഉയര്‍ത്തി. വാങ്ങാന്‍ ശിപാര്‍ശയും നല്‍കി.
ഓല ഇലക്ട്രിക് ഓഹരി ഇന്നും താഴ്ന്നു. രാവിലെ രണ്ടര ശതമാനം താഴ്ന്ന് 127 രൂപ വരെ എത്തി. ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരി 157 രൂപവരെ ഉയര്‍ന്നതാണ്. അവിടെ നിന്ന് 20 ശതമാനം താഴ്ചയിലാണ് ഓഹരി ഇന്ന്.
യു.പി സര്‍ക്കാരില്‍ നിന്നു പുതിയ ഓര്‍ഡറുകള്‍ ലഭിച്ചത് റെയില്‍ ടെല്‍ ഓഹരിയെ ഏഴു ശതമാനം ഉയര്‍ത്തി.
രൂപ, സ്വര്‍ണം, ക്രൂഡ്
രൂപ ഇന്നു രാവിലെ നേട്ടം ഉണ്ടാക്കി. ഡോളര്‍ മൂന്നു പൈസ നഷ്ടത്തില്‍ 83.92 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ സൂചിക താഴ്ന്നതാണു കാരണം. ഡോളര്‍ പിന്നീട് 83.87 രൂപയിലേക്കു താണു.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2493 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 53,280 രൂപയായി.
ക്രൂഡ് ഓയില്‍ വില താഴ്ചയില്‍ നിന്നു കയറി. ബ്രെന്റ് ഇനം 77.32 ഡോളറില്‍ എത്തി.