ബജറ്റിനൊപ്പം ഓഹരി വ്യാപാരം; ശനിയാഴ്ചയും വിപണി തുറക്കും

ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കേട്ട് ട്രേഡ് ചെയ്യാം

Update:2024-12-18 20:58 IST

Image Created with Meta AI

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ 2025 ഫെബ്രുവരി 1 ശനിയാഴ്ച പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഓഹരി വിപണിക്ക് അവധിയുണ്ടാകില്ല. ശനിയാഴ്ചകളിലെ സാധാരണ അവധി ബജറ്റ് ദിവസത്തില്‍ വേണ്ടെന്ന് വെക്കാനാണ് ബി.എസ്.ഇയുടെയും എന്‍.എസ്.ഇയുടെയും തീരുമാനം. ഇതുസംബന്ധിച്ച് നടപടി ക്രമങ്ങള്‍ ഇരു എക്‌സ്‌ചേഞ്ചുകളും ആരംഭിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളിലെ സമയക്രമത്തില്‍ വിപണിയില്‍ ട്രേഡിംഗ് അനുവദിക്കാനാണ് ആലോചിക്കുന്നത്.

ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കൊപ്പം ട്രേഡിംഗ്

ധനകാര്യ മന്ത്രി നടത്തുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കനുസരിച്ച് നിക്ഷേപകര്‍ക്ക് വിപണിയില്‍ ട്രേഡിംഗ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കാനാണ് ഇതുവഴി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ലക്ഷ്യമിടുന്നത്. സാധാരണത്തെ പോലെ ശനിയാഴ്ച അവധി നല്‍കിയാല്‍ ബജറ്റ് പ്രഖ്യാപനങ്ങളുടെ ഗുണദോഷങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കണമെങ്കില്‍ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. ഇത് ഒഴിവാക്കി ബജറ്റിനൊപ്പം തന്നെ വ്യാപാരം നടത്തുന്നതിനാണ് അവസരമൊരുങ്ങുന്നത്. സുപ്രധാന സാമ്പത്തിക തീരുമാനങ്ങളാണ് ബജറ്റില്‍ ഉണ്ടാകുക. ഇത് വിപണിയില്‍ വലിയ ചലനങ്ങള്‍ക്കും കാരണമാകാം.

ഇത് മൂന്നാം തവണ

ഇത് മൂന്നാം തവണയാകും ബജറ്റ് അവതരിപ്പിക്കുന്ന ശനിയാഴ്ച വിപണി തുറന്നു പ്രവര്‍ത്തിക്കുന്നത്. ഇതിന് മുമ്പ് 2015 ഫെബ്രുവരി 28 നും 2020 ഫെബ്രുവരി ഒന്നിനും ശനിയാഴ്ചകളില്‍ ബജറ്റ് അവതരിപ്പിച്ചപ്പോഴും എക്‌സ്‌ചേഞ്ചുകളില്‍ ട്രേഡിംഗ് അനുവദിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ എല്ലാ വശങ്ങളെയും പരാമര്‍ശിക്കുന്ന ബജറ്റ് ഓഹരി വിലകളെ വലിയ തോതില്‍ സ്വാധീനിക്കാറുണ്ട്. സ്വകാര്യ നിക്ഷേപകര്‍ക്കൊപ്പം സാമ്പത്തിക സ്ഥാപനങ്ങളും മ്യൂച്വല്‍ ഫണ്ടുകളും പോര്‍ട്ട്‌ഫോളിയോകള്‍ പുനക്രമീകരിക്കുന്നതിന് ബജറ്റ് പ്രഖ്യാപനങ്ങള്‍ കാരണമാകാറുണ്ട്.

Tags:    

Similar News