ചാഞ്ചാട്ടം കഴിഞ്ഞു താഴോട്ട്! മുഖ്യ സൂചികകളും നഷ്ടത്തില്‍, സാംഘി ഇന്‍ഡസ്ട്രീസിന് 11 ശതമാനം ഇടിവ്
ഒരു മണിക്കൂറിനുള്ളില്‍ നിഫ്റ്റി 24,231 വരെ താഴുകയും 24,395 വരെ കയറുകയും ചെയ്തു
വിപണി ചാഞ്ചാടുകയാണ്. താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം മുഖ്യ സൂചികകള്‍ ഉയരുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ നിഫ്റ്റി 24,231 വരെ താഴുകയും 24,395 വരെ കയറുകയും ചെയ്തു. സെന്‍സെക്‌സ് 80,500 നു താഴെയായി. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ മുഖ്യ സൂചികകള്‍ 0.40 ശതമാനം നഷ്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 0.80 ശതമാനം താഴ്ന്നു.
ബാങ്ക്, ധനകാര്യ, ഓട്ടോ, മീഡിയ, മെറ്റല്‍, റിയല്‍റ്റി, ഓയില്‍ -ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകള്‍ നഷ്ടത്തിലായി. ഹെല്‍ത്ത്‌കെയറും ഫാര്‍മയും നല്ല നേട്ടം ഉണ്ടാക്കി.
വിശാല്‍ മെഗാ മാര്‍ട്ട്, സായ് ലൈഫ്, മോബി ക്വിക്ക് എന്നിവ ഇന്നു മികച്ച നേട്ടത്തില്‍ ലിസ്റ്റ് ചെയ്തു.
സൗദി അറേബ്യന്‍ ജലവകുപ്പില്‍ നിന്നുള്ള 2700 കോടി രൂപയുടെ കോണ്‍ട്രാക്ട് റദ്ദായതിനെ തുടര്‍ന്ന് വിഎ ടെക് വാബര്‍ഗ് ഓഹരി 18 ശതമാനം ഇടിഞ്ഞു.
അംബുജ സിമന്റ്‌സിലേക്കു ലയിപ്പിക്കാനുള്ള തീരുമാനം വന്നതോടെ സാംഘി ഇന്‍ഡസ്ട്രീസ് ഓഹരി 11 ശതമാനം ഇടിഞ്ഞു.
ഇന്നലെ തുടക്കത്തില്‍ എട്ടു ശതമാനം വരെ കയറിയ സിഎസ്ബി ബാങ്ക് ഇന്നു രാവിലെ രണ്ടര ശതമാനം ഉയര്‍ന്നു. ഫെഡറല്‍, സൗത്ത് ഇന്ത്യന്‍, ധനലക്ഷ്മി ബാങ്കുകള്‍ ഓരോ ശതമാനം താഴ്ന്നു.
രൂപ ഇന്ന് വീണ്ടും താഴ്ന്നു. ഡോളര്‍ ഒരു പൈസ കയറി 84.91 രൂപ എന്ന റെക്കോര്‍ഡ് വിലയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.93 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ 2643 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 57,080 രൂപയില്‍ എത്തി.
ക്രൂഡ് ഓയില്‍ അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം 73.22 ഡോളറിലേക്കു കുറഞ്ഞു