കരടിപ്പിടിയിൽ അമർന്ന് മൂന്നാം ദിനവും വിപണി; എൻ.എം.ഡി.സി, ഫെഡറല്‍ ബാങ്ക്, പോപ്പീസ് ഓഹരികള്‍ നഷ്ടത്തില്‍, വെസ്റ്റേണ്‍ ഇന്ത്യക്ക് ഇന്നും മുന്നേറ്റം

നിഫ്റ്റി സ്മാള്‍ക്യാപ് 0.87 ശതമാനത്തിന്റെയും മിഡ്ക്യാപ് 0.64 ശതമാനത്തിന്റെയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Update:2024-12-18 18:22 IST
വിപണിയില്‍ ബുധനാഴ്ചയും പിടി മുറുക്കി കരടികള്‍. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. യു.എസ് ഫെഡറൽ റിസർവിൻ്റെ പലിശ നിരക്ക് തീരുമാനത്തിനായി നിക്ഷേപകർ കാത്തിരിക്കുന്നതാണ് വിപണി നഷ്ടത്തിലേക്ക് വീഴാനുളള കാരണം.
കഴിഞ്ഞ മൂന്ന് സെഷനുകളിലായി നിഫ്റ്റി 2.3 ശതമാനത്തിന്റെയും സെൻസെക്സ് 2.5 ശതമാനത്തിന്റെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഓട്ടോ, എനർജി, പിഎസ്‌യു ബാങ്ക്, മെറ്റൽ, മീഡിയ, റിയല്‍റ്റി എന്നിവ 0.5-2 ശതമാനം ഇടിവ് രേഖപ്പെടുത്തി.
സെൻസെക്‌സ് 0.62 ശതമാനം താഴ്ന്ന് 80,182.20 ലും നിഫ്റ്റി 0.56 ശതമാനം താഴ്ന്ന് 24,198.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 502.25 പോയിൻ്റിന്റെയും നിഫ്റ്റി 137.15 പോയിൻ്റിന്റെയും ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റി സ്മാള്‍ക്യാപ് 0.87 ശതമാനത്തിന്റെയും മിഡ്ക്യാപ് 0.64 ശതമാനത്തിന്റെയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വിശാല വിപണിയില്‍ ഇന്ന് ഭൂരിഭാഗം സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
വിവിധ സൂചികകളുടെ പ്രകടനം

 

നിഫ്റ്റി മീഡിയ 2.24 ശതമാനത്തിന്റെ ഇടിവുമായി നഷ്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. പി.എസ്.യു ബാങ്ക് 1.92 ശതമാനത്തിന്റെയും മെറ്റല്‍ 1.36 ശതമാനത്തിന്റെയും നിഫ്റ്റി ബാങ്ക് 1.32 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റി ഫാര്‍മ 1.09 ശതമാനത്തിന്റെയും ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്സ് 0.62 ശതമാനത്തിന്റെയും നേട്ടത്തിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ഭാരതി ഹെക്സകോം ഓഹരി 6 ശതമാനത്തിലധികം ഉയർന്നു. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് ഓഹരി നേട്ടത്തിലേക്ക് വരുന്നത്. കമ്പനിയുടെ ഒരു മാസത്തെ പ്രതിദിന വ്യാപാര ശരാശരിയേക്കാൾ കൂടിയ ഇടപാടുകളാണ് ഇന്ന് നടന്നത്. ഓഹരി 1,545 രൂപയിലാണ് ക്ലോസ് ചെയ്തത്.
നേട്ടത്തിലായവര്‍

 

എൻഎസ്ഇഎൽ ഇൻവെസ്റ്റേഴ്സ് ഫോറം നിർദ്ദേശിച്ച 1,950 കോടി രൂപയുടെ ഒറ്റത്തവണ തീർപ്പാക്കലിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയതിനെ തുടര്‍ന്ന് തുടർച്ചയായ മൂന്നാം ദിവസവും 63 മൂൺസ് ടെക്നോളജീസ് ഓഹരി 5 ശതമാനം അപ്പർ സർക്യൂട്ടിലെത്തി. എൻഎസ്ഇഎൽ വ്യാപാരികളുടെ എല്ലാ ക്ലെയിമുകളും അവകാശങ്ങളും കമ്പനിക്ക് കൈമാറുന്നതിന് സഹായകരമാണ് നടപടി. ഒറ്റത്തവണ തീർപ്പാക്കല്‍ കമ്പനിയുടെ ചില നിയമനടപടികൾ പരിഹരിക്കുന്നത് എളുപ്പമാക്കും.
വീഴ്ച വരുത്തിയവരിൽ നിന്നടക്കം മറ്റുള്ളവരിൽ നിന്ന് കോടതി ഉത്തരവുകളിലൂടെയോ അറ്റാച്ച് ചെയ്ത ആസ്തികള്‍ വിറ്റഴിച്ചോ വീണ്ടെടുക്കൽ തുടരാൻ കമ്പനിയെ പ്രാപ്തമാക്കുന്നതാണ് നടപടി. ഓഹരി 982 രൂപയിലാണ് ക്ലോസ് ചെയ്തത്.
സമീപകാല ബുൾ റണ്ണിൽ നിന്ന് ലാഭം നേടാന്‍ നിക്ഷേപകർ തിരക്കിട്ടതിനാൽ സ്വിഗ്ഗി ഓഹരികൾ ഒരു ശതമാനത്തിലധികം താഴ്ന്നു. നവംബർ പകുതിയോടെ ലിസ്റ്റിംഗ് ആരംഭിച്ചതുമുതൽ നിക്ഷേപകര്‍ വലിയ തോതിലാണ് ഓഹരി വാങ്ങിക്കൂട്ടുന്നത്. ദ്രുത വാണിജ്യ മേഖലയില്‍ ഇന്ത്യയ്ക്ക് ശക്തമായ വളർച്ചാ സാധ്യതകളുളളതാണ് ഓഹരിക്ക് ഗുണമാകുന്നത്. വിപണിയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ഓഹരികൾ 
33 ശതമാനത്തിലേറെ ഉയർച്ചയാണ്
 കാഴ്ചവെച്ചത്. ഓഹരി 577 രൂപയിലാണ് ക്ലോസ് ചെയ്തത്.
നഷ്ടത്തിലായവര്‍

 

ഖനികൾക്കും ഖനന ഭൂമിക്കും നികുതി ചുമത്താനുള്ള ബിൽ കർണാടക സർക്കാർ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സ്റ്റീൽ ഓഹരികള്‍ വിൽപന സമ്മർദ്ദത്തിലായി. എൻഎംഡിസി, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, സെയിൽ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കർണാടക സർക്കാർ ഇരുമ്പയിരിൻ്റെ തീരുവ ഉയർത്തിയേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എൻഎംഡിസി ഓഹരി 5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഓഹരി 213.95 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഫെഡറല്‍ ബാങ്ക് ഇടിവില്‍

കേരളാ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് തുടര്‍ച്ചയായ രണ്ടാം ദിവസവും മികച്ച മുന്നേറ്റം നടത്തി. ഓഹരി 7.19 ശതമാനം ഉയര്‍ന്ന് 252 രൂപയിലാണ് ക്ലോസ് ചെയ്തത്.
സ്കൂബി ഡേ ഗാര്‍മെന്റ്സ് 5 ശതമാനത്തിന്റെയും കേരളാ ആയുര്‍വേദ 4.36 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
കേരളാ കമ്പനികളുടെ പ്രകടനം

 

കൊച്ചിൻ ഷിപ്പ്‌യാർഡ് 2.29 ശതമാനം നഷ്ടത്തില്‍ 1580 രൂപയിലും ഫാക്ട് 1.46 ശതമാനം നഷ്ടത്തില്‍ 1000 രൂപയിലും ക്ലോസ് ചെയ്തു.
ഫെഡറല്‍ ബാങ്ക് 5.09 ശതമാനം നഷ്ടത്തില്‍ 199 രൂപയിലെത്തി. പോപ്പീസ് കെയര്‍ 4.99 ശതമാനത്തിന്റെയും കിറ്റെക്സ് ഗാര്‍മെന്റ്സ് 3.52 ശതമാനത്തിന്റെയും നഷ്ടത്തിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
പോപ്പുലര്‍ വെഹിക്കിള്‍സ്, ടോളിന്‍സ് ടയേഴ്സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Tags:    

Similar News