ഫെഡ് തീരുമാനം ചോരപ്പുഴ ഒഴുക്കുന്നു; 2025-ൽ പലിശ കുറക്കൽ രണ്ടു തവണ മാത്രം; വിപണികൾ കുത്തനെ ഇടിഞ്ഞു
സ്വർണം താഴ്ന്നു; ഡോളർ കുതിക്കുന്നു; രൂപക്ക് ക്ഷീണം
അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ പലിശ തീരുമാനവും പലിശഗതി സംബന്ധിച്ച നിഗമനവും വിപണികളെ ചോരപ്പുഴയിലാക്കി. തുടർച്ചയായ മൂന്നാമത്തെ നിരക്ക് കുറയ്ക്കൽ (25 ബേസിസ് പോയിൻ്റ് അഥവാ കാൽ ശതമാനം) ഇന്നലെ പ്രഖ്യാപിച്ചു. അതു പ്രതീക്ഷിച്ചതായിരുന്നു. യുഎസ് അടിസ്ഥാന പലിശ നാലു മാസം കൊണ്ട് ഒരു ശതമാനം കുറഞ്ഞു. പക്ഷേ വിപണികളെ വീഴ്ത്തിയത് അടുത്ത വർഷം രണ്ടു തവണയേ പലിശ കുറയ്ക്കൂ എന്ന സൂചനയാണ്. വിപണി നാലു തവണ പ്രതീക്ഷിച്ചിരുന്നു. ഉയർന്ന പലിശ ദീർഘകാലം തുടരും എന്നു വന്നതു കമ്പനികളുടെ ലാഭ വർധനയ്ക്കു തടസമാണ്. യുഎസ് സാമ്പത്തിക വളർച്ചയും കുറഞ്ഞു നിൽക്കും.
ഫെഡ് തീരുമാനം യുഎസ് ഓഹരികളെ ഇന്നലെ മൂന്നു ശതമാനത്തിലധികം താഴ്ത്തി. ഡോളറിൻ്റെ വില കൂട്ടി. സ്വർണവില താഴ്ത്തി. യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ വില ഇടിഞ്ഞു. ഇന്നു മറ്റു വിപണികളിലും ചോരപ്പുഴ ഉണ്ടാകും. ഇന്നലത്തെ പതനം വഴി ട്രംപിൻ്റെ വിജയത്തെ തുടർന്നുള്ള വിപണിക്കുതിപ്പ് അപ്പാടെ ഇല്ലാതായി. സാന്താ റാലിക്കും അവസരം ഇല്ലെന്നായി
ഇന്ത്യൻ വിപണി ഇങ്ങനെയൊരു തീരുമാനവും നിഗമനവും പ്രതീക്ഷിച്ചതാണെങ്കിലും വിപണിയുടെ പ്രതികരണം ഇത്രയും കടുത്തതാകും എന്നു കരുതിയിരുന്നില്ല. ഇന്നു ഗണ്യമായ ഇടിവാണു വിപണിയെ കാത്തിരിക്കുന്നത്. എന്നാൽ വിപണിയെ വൻതകർച്ചയിൽ നിന്നു രക്ഷിക്കാൻ ധനകാര്യസ്ഥാപനങ്ങൾ രംഗത്തു വരാം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,871 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,940 ആയി. വിപണി ഇന്നു വലിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യുഎസ് ഫെഡിൻ്റെ പലിശ തീരുമാനത്തെ തുടർന്ന് യുഎസ് വിപണിയിൽ ചോരപ്പുഴ ഒഴുകി. സൂചികകൾ നാലര ശതമാനം വരെ ഇടിഞ്ഞു. ഡൗ ജോൺസ് തുടർച്ചയായ പത്താം ദിവസം ഇടിവിലായി. 1974 നു ശേഷം ആദ്യമാണ് ഡൗ ഇത്ര ദിവസം തുടർച്ചയായി തഴുന്നത്. ട്രംപിൻ്റെ വിജയത്തെ തുടർന്നു ഡൗവിനുണ്ടായ നേട്ടം ഇതോടെ ഇല്ലാതായി. എസ് ആൻഡ് പിയും 'ട്രംപ് നേട്ടം' ഇല്ലാതാക്കി. ഇലോൺ മസ്കിൻ്റെ ടെസ്‌ല 8.28 ശതമാനം ഇടിഞ്ഞു. മസ്കിൻ്റെ സമ്പത്തിൽ 12.4 ശതമാനം (2840 കോടി ഡോളർ) കുറഞ്ഞു. എങ്കിലും 45,600 കോടി ഡോളറുമായി സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്നു.
ഡൗ ജോൺസ് സൂചിക ബുധനാഴ്ച 1123.03 പോയിൻ്റ് (2.58%) ഇടിഞ്ഞ് 42,326.87ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 178.45 പോയിൻ്റ് (2.95%) നഷ്ടത്തോടെ 5872.16 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 716.37 പോയിൻ്റ് (3.56%) പതനത്തോടെ 19,392.69 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു സമ്മിശ്രമാണ്. ഡൗ 0.16 ഉം എസ് ആൻഡ് പി 0.11 ഉം ശതമാനം ഉയർന്നു നിൽക്കുന്നു. നാസ്ഡാക് 0.12 ശതമാനം താഴ്ന്നു.
നിക്ഷേപനേട്ടം 4.52 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില ഇടിഞ്ഞു.
യൂറോപ്യൻ സൂചികകൾ ഇന്നലെ നേരിയ നേട്ടത്തിൽ അവസാനിച്ചു. യുകെയിൽ ചില്ലറ വിലക്കയറ്റം പ്രതീക്ഷ പോലെ 2.6 ശതമാനമായി വർധിച്ചു. ഇന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറയ്ക്കാൻ തീരുമാനിക്കും എന്നാണു നിഗമനം.
ജാപ്പനീസ് വാഹന കമ്പനികളായ ഹോണ്ടയും നിസാനും ലയന ചർച്ചകൾ തുടങ്ങിയതായി സ്ഥിരീകരിക്കപ്പെട്ടു. നിസാൻ ഓഹരി 24 ശതമാനം കയറി. നിസാനിൽ ന്യൂനപക്ഷ ഓഹരി ഉള്ള ഫ്രഞ്ച് കാർ കമ്പനി റെനോയുടെ ഓഹരി 5.2 ശതമാനം ഉയർന്നു. ഹോണ്ടയുടെ ഓഹരി മൂന്നു ശതമാനം താഴ്ന്നു. ഇതിനിടെ തായ്‌വാനീസ് കോൺട്രാക്ട് മനുഫാക്ചറിംഗ് കമ്പനിയായ ഫോക്സ്കോൺ, നിസാനെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങി. ജപ്പാനിൽ നിക്കൈ ആദ്യം രണ്ടു ശതമാനം ഇടിഞ്ഞിട്ടു പിന്നീടു നഷ്ടം ഒരു ശതമാനത്തിൽ താഴെയാക്കി. ബാങ്ക് ഓഫ് ജപ്പാൻ ഇന്നു പലിശനിരക്ക് മാറ്റാതെ പണനയം പ്രഖ്യാപിക്കും എന്നു വിപണി കരുതുന്നു. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും വിപണിസൂചിക രണ്ടു ശതമാനത്താേളം ഇടിഞ്ഞു. ചൈനീസ് വിപണി ഒരു ശതമാനം താഴ്ന്നു.
ഇന്ത്യൻ വിപണി താഴോട്ടു തന്നെ
ബുധനാഴ്ച ഇന്ത്യൻ വിപണി തുടർച്ചയായ മൂന്നാം ദിവസവും താഴ്ന്നു. ആഗോള അനിശ്ചിതത്വവും വിദേശികളുടെ പിന്മാറ്റവും എല്ലാം വിപണിയെ താഴ്ത്തുന്ന ഘടകങ്ങളാണ്.
നിഫ്റ്റി ബുധനാഴ്ച 137.20 പോയിൻ്റ് (0.56%) ഇടിഞ്ഞ് 24,198.80 ൽ അവസാനിച്ചു. സെൻസെക്സ് 502.25 പോയിൻ്റ് (0.62%) നഷ്ടത്തിൽ 80,182.20 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 695.25 പോയിൻ്റ് (1.32%) കുറഞ്ഞ് 52,139.55 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.64 ശതമാനം താഴ്ന്ന് 58,723.25 ലും സ്മോൾ ക്യാപ് സൂചിക 0.87 ശതമാനം ഇടിഞ്ഞ് 19,230.35 ലും ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ ഇന്നലെയും വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 1316.81 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 4084.08 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1391 ഓഹരികൾ ഉയർന്നപ്പോൾ 2614 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 881 എണ്ണം ഉയർന്നു, താഴ്ന്നത് 1932 എണ്ണം.
നിഫ്റ്റി എല്ലാ മൂവിംഗ് ആവരേജുകൾക്കും താഴെയാണ്. ഇനി 23,900 - 24,150 മേഖലയിൽ പിന്തുണ കണ്ടെത്തണം. നിഫ്റ്റിക്ക് ഇന്ന് 24,150 ലും 24,005 ലും പിന്തുണ കിട്ടാം. 24,340 ഉം 24,400 ഉം തടസങ്ങൾ ആകാം.
സ്വർണം ഇടിഞ്ഞു, തിരിച്ചു കയറുന്നു
യുഎസ് ഫെഡിൻ്റെ പലിശ തീരുമാനം സ്വർണത്തിനു തിരിച്ചടിയായി. സ്വർണവില 2.3 ശതമാനം ഇടിഞ്ഞു.
ഇന്നലെ സ്വർണം ഔൺസിന് 2584.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1.12 ശതമാനം കയറി 2614 ഡോളർ ആയി.
കേരളത്തിൽ ബുധനാഴ്ച സ്വർണവില പവന് 120 രൂപ കുറഞ്ഞ് 57,080 രൂപയിൽ എത്തി. ഇന്നു സ്വർണവില കുറയും.
വെള്ളിവില ഔൺസിന് 29.45 ഡോളറിലേക്ക് താഴ്ന്നു.
ഡോളർ കുതിക്കുന്നു, രൂപ കിതക്കുന്നു
കറൻസി വിപണിയിൽ ഡോളർ ഇന്നലെ കൂടുതൽ ഉയരത്തിലേക്കു കുതിച്ചു കയറി. ഇന്നലെ ഡോളർ സൂചിക കുത്തനേ ഉയർന്ന് 108.03 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 108.10 ലേക്കു കയറി.
രൂപ ഇന്നലെ വീണ്ടും ഇടിഞ്ഞു. ഡോളർ അഞ്ചു പൈസ നേട്ടത്തോടെ 84.95 രൂപ എന്ന റെക്കോർഡ് നിലയിൽ ക്ലാേസ് ചെയ്തു. വ്യാപാരത്തിനിടെ ഡോളർ 84.96 രൂപവരെ കയറി. അവധി വിപണിയിൽ ഡോളർ 85.00 രൂപയിലാണ്. ഇന്നു ഡോളർ 85 രൂപയ്ക്കു മുകളിൽ ഓപ്പൺ ചെയ്യാൻ സാധ്യത ഉണ്ട്. ചൈനീസ് യുവാനും ഇന്നു രാവിലെ ഇടിഞ്ഞു.
ഫെഡ് തീരുമാനത്തെ തുടർന്ന് ക്രൂഡ് ഓയിൽ വീണ്ടും താഴ്ചയിലായി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രാവിലെ 72.98 ഡോളർ ആയി . ഡബ്ല്യുടിഐ ഇനം 70.11 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.59 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ ഇടിയുന്നു
കയറ്റങ്ങൾക്കു ശേഷം ക്രിപ്റ്റോകൾ ഇന്നലെ ഇടിഞ്ഞു. ക്രിപ്റ്റോ കറൻസി റിസർവ് ഉണ്ടാക്കാൻ നിയമം അനുവദിക്കുന്നിലെന്നു ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞതും അവയെ താഴ്ത്തി. ക്രിപ്റ്റോകൾക്കു വേണ്ടി നിയമം മാറ്റാൻ ഫെഡ് ആവശ്യപ്പെടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡോളറിൻ്റെ കയറ്റവും ക്രിപ്റ്റോകളെ ക്ഷീണിപ്പിച്ചു.
ബിറ്റ് കോയിൻ ഇന്നു രാവിലെ 1,00,650 ഡോളറിനടുത്തു നിൽക്കുന്നു. ഈഥർ വില ഇടിഞ്ഞ് 3640 ഡോളർ വരെ താണു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായി. പലിശ തീരുമാനത്തിൻ്റെ പ്രതികരണം ഇന്നേ ഉണ്ടാകൂ.
ചെമ്പ് 0.66 ശതമാനം കയറി ടണ്ണിന് 8909.37 ഡോളറിൽ എത്തി. അലൂമിനിയം 0.33 ശതമാനം താഴ്ന്നു ടണ്ണിന് 2532.61 ഡോളർ ആയി. സിങ്ക് 1.06 ഉം ലെഡ് 0.55 ഉം നിക്കൽ 0.39 ഉം ശതമാനം താഴ്ന്നു. ടിൻ 0.22 ശതമാനം ഉയർന്നു.
വിപണി സൂചനകൾ
(2024 ഡിസംബർ 18, ബുധൻ)
സെൻസെക്സ് 30 80,182.20 -0.62%
നിഫ്റ്റി50 24,198.80 -0.56%
ബാങ്ക് നിഫ്റ്റി 52,139.55 -1.32%
മിഡ് ക്യാപ് 100 58,723.25 -0.64%
സ്മോൾ ക്യാപ് 100 19,230.35 -0.87%
ഡൗ ജോൺസ് 42,326.87 -2.58%
എസ് ആൻഡ് പി 5872.16 -2.95%
നാസ്ഡാക് 19,392.69 -3.56%
ഡോളർ($) ₹84.95 +₹0.05
ഡോളർ സൂചിക 108.03 +1.07
സ്വർണം (ഔൺസ്) $2584.60 -$62.70
സ്വർണം(പവൻ) ₹57,080 -₹120.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.99 -$00.20