'അഡിഡാസ്' ഇനി ചെന്നൈയിലും നിര്‍മിക്കും; ഒപ്പം മറ്റു പ്രമുഖ ബ്രാന്റുകളും; 1,500 കോടിയുടെ പദ്ധതി

ഉല്‍പ്പാദനം 2026 മുതല്‍; 25,000 പേര്‍ക്ക് തൊഴില്‍

Update:2024-12-19 13:54 IST

പ്രശസ്ത സ്‌പോര്‍ട്‌സ് ഷൂ ബ്രാന്റുകളായ അഡിഡാസ്, നൈക്ക് എന്നിവയുടെ നിര്‍മാണം ഇനി ചെന്നൈയിലെ ഫാക്ടറിയിലും. പ്രമുഖ നോണ്‍ ലെതര്‍ ഫൂട്‌വെയര്‍ ഉല്‍പ്പന്നങ്ങളുടെ ആഗോള നിര്‍മാതാക്കളായ തായ് വാനിലെ ഹോംഗ് ഫു ഇന്‍ഡസ്ട്രിയല്‍ ഗ്രൂപ്പിന്റെ പുതിയ ഫാക്ടറി ചെന്നൈക്കടുത്ത് സിപ്‌കോട്ടില്‍ നിര്‍മാണത്തിനൊരുങ്ങുന്നു.ഫാക്ടറിയുടെ ശിലാസ്ഥാപനം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിര്‍വ്വഹിച്ചു. 2026 ല്‍ ഉല്‍പ്പാദനം തുടങ്ങും. സ്‌പോര്‍ട്‌സ് ഫുട്‌വെയര്‍ നിര്‍മാണ രംഗത്ത് ലോകത്തിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് ഹോംഗ് ഫു ഇന്‍ഡസ്ട്രിയല്‍ ഗ്രൂപ്പ്. പ്രമുഖ ബ്രാന്റുകളായ കോണ്‍വേഴ്‌സ്, വാന്‍സ്, യുജിജി, പ്യൂമ, റീബോക്ക്, ഹോക്ക, അണ്ടര്‍ ആര്‍മര്‍, ഒഎന്‍ തുടങ്ങിയവയുടെയും നിര്‍മാതാക്കളാണ്.

1,500 കോടിയുടെ ഫാക്ടറി

തമിഴ്‌നാട്ടില്‍ 1,500 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള ധാരണപത്രമാണ് സംസ്ഥാന സര്‍ക്കാരുമായി ഹോംഗ് ഫു ഗ്രൂപ്പ് ഒപ്പ് വെച്ചത്. 2022 ലാണ് 1,000 കോടിയുടെ ആദ്യ കരാറിന് ധാരണയായത്. ഈ വര്‍ഷം ജനുവരിയില്‍ 500 കോടിയുടെ ധാരണാ പത്രവും ഒപ്പുവെച്ചു. ചെന്നൈയിലെ ഫ്‌ളോറന്‍സ് ഷൂ കമ്പനി ലിമിറ്റഡ് ചെയര്‍മാനും ഹോംഗ് ഫൂ ഫാക്ടറിയിലെ നിക്ഷേപകനുമായ അഖീല്‍ പനരുണ(Aqeel Panaruna) മുഖേനയാണ് ഈ പദ്ധതി തമിഴ്‌നാട്ടില്‍ എത്തിയത്. തമിഴ്‌നാടിനെ ഇന്ത്യയുടെ ഫൂട്‌വെയര്‍ തലസ്ഥാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. ഈ മേഖലയില്‍ ഇതുവരെ 6,550 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതുവഴി 86,150 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

25,000 തൊഴില്‍ അവസരങ്ങള്‍

ഹോംഗ് ഫു പ്ലാന്റില്‍ 25,000 പേര്‍ക്ക് ജോലി ലഭിക്കും. ഇതില്‍ 85 ശതമാനം സ്ത്രീകളാണ്. നിലവില്‍ ഹോങ്കോംഗ്, തായ് വാന്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹോംഗ് ഫു ഗ്രൂപ്പിന് ഫാക്ടറികളുണ്ട്. 20 കോടി സ്‌പോര്‍ട്‌സ് ഷൂകളാണ് ഒരു വര്‍ഷത്തില്‍ നിര്‍മിക്കുന്നത്. 300 കോടി ഡോളറാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം. സാമ്പത്തിക രംഗത്തെ മുന്നേറ്റവും ആഗോള സ്വാധീനവുമാണ് ഇന്ത്യയെ പുതിയ ഫാക്ടറിക്കായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കമ്പനി ചെയര്‍മാന്‍ ടിവൈ ചാംഗ് പറഞ്ഞു.

Tags:    

Similar News