പ്രാദേശിക രുചികള്‍ക്ക് പ്രാധാന്യം; ബിസിനസ് മേഖല വ്യാപിപ്പിക്കാന്‍ ഈസ്റ്റേണ്‍

മധുര പലഹാരങ്ങള്‍ ഉള്‍പ്പടെയുള്ള പാക്കേജ്ഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കമ്പനി അവതരിപ്പിക്കും

Update:2022-06-28 11:45 IST

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുഗന്ധവ്യഞ്ജന, കറിപ്പൊടി, ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ  ഇസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് (Eastern Condiments) ബിസിനസ് മേഖല വ്യാപിപ്പിക്കുന്നു. പ്രഭാത ഭക്ഷണം, മധുര പലഹാരം തുടങ്ങിയവയിലൂടെ പൂര്‍ണമായും ഒരു ഭക്ഷ്യ ഉല്‍പ്പാദകരായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യം.

കോവിഡിന് ശേഷം പാക്കേജ്ഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് ഉയരുകയാണ്. പ്രാദേശിക രുചികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ദക്ഷിണേന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാവുമെന്ന് കമ്പനി സിഇഒ മനോജ് ലാല്‍വാനി അറിയിച്ചു. ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഇസ്റ്റേണ്‍  സേമിയ പുറത്തിറക്കിയിരുന്നു.

2021-22 സാമ്പത്തിക വര്‍ഷം 900 കോടി രൂപയുടെ വരുമാനം ആണ് കമ്പനി നേടിയത്. വരുമാനത്തിന്റെ 65-70 ശതമാനവും ഇന്ത്യയില്‍ നിന്നും നിന്നും ബാക്കി ഗള്‍ഫ് വിപണിയില്‍ നിന്നുമാണ്. കേരളം ഉല്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ വിപണിയില്‍ നിന്നാണ് വരുമാനത്തിന്റെ വലിയൊരു പങ്കും എത്തുന്നത്. കൂടുതല്‍ വില്‍പ്പന ലക്ഷ്യമിട്ട് വിതരണ ശൃംഖലയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ സാന്നിധ്യവും ഇസ്റ്റേണ്‍ വര്‍ധിപ്പിക്കും.

2020ല്‍ നോര്‍വീജിയന്‍ കമ്പനി ഓര്‍ക്‌ല ഗ്രൂപ്പ് ഇസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ 67.8 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഈസ്‌റ്റേണ്‍ സ്ഥാപകരായ മീരാല്‍ കുടുംബത്തിന് നിലവില്‍ 9.99 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. 1968ല്‍ അടിമാലിയില്‍ എം ഇ മീരാന്‍ ആരംഭിച്ച പലചരക്ക് വ്യാപാര ബിസിനസില്‍ നിന്നാണ് ഈസ്റ്റേണിന്റെ തുടക്കം. 1983ലാണ് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് രൂപീകരിക്കുന്നത്.

Tags:    

Similar News