1,470 രൂപയ്ക്ക് പറക്കാം, ആഭ്യന്തര-വിദേശ റൂട്ടുകളില്‍ പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ

ആഗസ്റ്റ് 20 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം

Update: 2023-08-17 12:49 GMT

airindia.com

ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലേക്കും വിദേശ റൂട്ടുകളിലേക്കും 96 മണിക്കൂര്‍ നേരത്തേക്കുള്ള പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലേക്കുള്ള ടിക്കറ്റുകളിലാണ് കിഴിവ് ലഭിക്കുക. ഓഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 20 രാത്രി 11.59 വരെ (96 മണിക്കൂര്‍) ടിക്കറ്റ് ബുക്ക് ചെയ്യാം.

വിദേശ യാത്രകള്‍ക്കും കിഴിവ്
ആഭ്യന്തര റൂട്ടുകളില്‍ വണ്‍വേ ട്രിപ്പിന് 1,470 രൂപ മുതലാണ് ഇക്കോണമി ക്ലാസ് ടിക്കറ്റ് വില തുടങ്ങുന്നത്. ബിസിനസ് ക്ലാസിന് 10,130 രൂപയും. തിരഞ്ഞെടുത്ത ഇന്റര്‍നാഷണല്‍ റൂട്ടുകളിലും സമാനമായ ഡിസ്‌കൗണ്ട് ലഭിക്കും. ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസും സൗജന്യമാണ്.
എയര്‍ ഇന്ത്യയുടെ ഫ്‌ളൈംഗ് റിട്ടേണ്‍സ് അംഗങ്ങള്‍ക്ക് ഇത്തരം ടിക്കറ്റുകള്‍ക്ക് ഇരട്ട ലോയല്‍റ്റി ബോണസ് പോയ്ന്റുകളും ലഭിക്കും. ട്രാവല്‍ ഏജന്റുമാര്‍ വഴിയുള്ള ബുക്കിംഗുകള്‍ക്കും ഡിസ്‌കൗണ്ട് ലഭിക്കുന്നതാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
സ്‌പൈസ് ജെറ്റിനോട് മുട്ടാന്‍
ചെലവ് കുറഞ്ഞ എയര്‍ലൈനായ സ്‌പൈസ് ജെറ്റ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഓഫര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നീക്കം. ഓഗസ്റ്റ് 15 മുതല്‍ 2024 മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ 1,515 രൂപ മുതലാണ് സ്‌പൈസ് ജെറ്റ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്.
കഴിഞ്ഞയാഴ്ചയാണ് എയര്‍ ഇന്ത്യ ലോഗോയും നിറവും ഉള്‍പ്പെടെ അടിമുടി പരിഷ്‌കാരം പ്രഖ്യാപിച്ചത്. ഡിസംബർ മുതല്‍ പുതിയ ബ്രാന്‍ഡിംഗിലാകും എയര്‍ ഇന്ത്യ വിമാനങ്ങള്‍ പ്രത്യക്ഷപ്പെടുക. ഒന്നര വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്.
Tags:    

Similar News