എണ്ണയ്ക്ക് പകരം രൂപ; ഇന്ത്യന്‍ പ്രതിരോധ ഉത്പന്നങ്ങള്‍ക്കായി ₹35,000 കോടി ചെലവിട്ട് റഷ്യ
800 കോടി ഡോളറാണ് റഷ്യന്‍ കമ്പനികളുടെ വോസ്‌ട്രോണ്‍ അക്കൗണ്ടില്‍ കിടക്കുന്നത്
റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ (ക്രൂഡോയില്‍) വാങ്ങുന്നതിന് പകരമായി ഇന്ത്യ നല്‍കിയ രൂപ ഉപയോഗിച്ച് 400 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 35,000 കോടി രൂപ) പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങി റഷ്യ.
ഇന്ത്യക്ക് എണ്ണ നല്‍കുന്നതു വഴി ലഭിക്കുന്ന വരുമാനം ഇന്ത്യന്‍ ബാങ്കുകളിലെ വോസ്‌ട്രോ അക്കൗണ്ടുകളിലാണ് (വിദേശ കറന്‍സില്‍ തുറക്കുന്ന അക്കൗണ്ട്) റഷ്യന്‍ കമ്പനികള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ നിന്നാണ് ഇപ്പോൾ പ്രതിരോധ ഉത്പന്നങ്ങൾക്കായി തുക ചിലവഴിച്ചത്. ഇന്ത്യന്‍ രൂപയില്‍ റഷ്യയുമായി വ്യാപാരം തുടങ്ങാനാണ് വോസ്‌ട്രോ അക്കൗണ്ട് ആരംഭിച്ചത്.
ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് റഷ്യന്‍ കയറ്റുമതി കമ്പനികള്‍ 800 കോടി ഡോളറാണ് വോസ്‌ട്രോ അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള കയറ്റമുതി കൂടുകയും ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി ഇതിനെ അപേക്ഷിച്ച് കുറഞ്ഞുനില്‍ക്കുന്നതിനാലും വോസ്‌ട്രോ അക്കൗണ്ടില്‍ രൂപ കുന്നുകൂടി. പക്ഷേ, ഇന്ത്യയിലധികം നിക്ഷേപ സാധ്യതകളില്ലാത്തതിനാല്‍ വോസ്‌ട്രോ അക്കൗണ്ടിലെ പണം ചെലവാക്കാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഫണ്ടിന്റെ 50 ശതമാനം മാത്രമാണ് അവര്‍ ചെലവഴിച്ചത്.
കയറ്റുമതിയും നിക്ഷേപവും
2023 ജൂലൈയിലാണ് റിസര്‍വ് ബാങ്ക് രൂപയില്‍ വ്യാപാരം നടത്താനായി രാജ്യത്തെ 20 ബാങ്കുകള്‍ക്ക് 22 വിദേശ രാജ്യങ്ങളിലെ ബാങ്കുകളുമായി ചേര്‍ന്ന് 92 സ്‌പെഷ്യല്‍ റുപ്പി വോസ്‌ട്രോ അക്കൗണ്ടുകള്‍ (SRVAs) തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇതിലൊന്നായിരുന്നു റഷ്യ. അക്കൗണ്ടില്‍ രൂപ കുന്നുകൂടുന്നതിനാല്‍, രൂപയിലുള്ള ഇടപാടിനോട് റഷ്യന്‍ കമ്പനികള്‍ വിമുഖത കാണിച്ചിരുന്നു. എന്നാലിപ്പോള്‍ റഷ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് സാധാനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും വിസ്‌ട്രോ അക്കൗണ്ടില്‍ നിന്നുള്ള പണം റഷ്യ ഉപയോഗിക്കുന്നുണ്ട്. മെഷിനറി, ഓട്ടോ പാര്‍ട്ടുകള്‍, എന്‍ജിനീയറിംഗ് ഉത്പന്നങ്ങള്‍ എന്നിവയാണ് ഇന്ത്യ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ റഷ്യയിലേക്കുള്ള കയറ്റുമതി 4,060 കോടി ഡോളറിന്റേതാണ്.
കൂടാതെ ഇന്ത്യന്‍ ഓഹരി വിപണി, സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുള്ള കടപ്പത്രങ്ങള്‍ എന്നിവയിലും റഷ്യന്‍ കമ്പനികള്‍ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കും വായ്പന നല്‍കാനും റഷ്യന്‍ കമ്പനികള്‍ ഒരുക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
റിസര്‍വ് ബാങ്ക് ഫെമ (FEMA/Foreign Exchange Management Act) ചട്ടങ്ങളില്‍ ഭേഗദതി വരുത്തുകയും റഷ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അവസരങ്ങള്‍ ഒരുക്കിയതുമാണ് ഇപ്പോള്‍ നേട്ടമായിരിക്കുന്നത്. റഷ്യന്‍ ക്രൂഡോയിലിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. അമേരിക്ക, യു.എ.ഇ എന്നിവയെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനം നേടിയത്.