ദോഹയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ
ഒക്ടോബര്‍ 23 മുതല്‍ പ്രതിദിനം നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിക്കും
പ്രവാസികള്‍ക്കായി കൊച്ചി-ദോഹ റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. കണക്ടിവിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചി-ദോഹ റൂട്ടില്‍ ഒക്ടോബര്‍ 23 മുതല്‍ പ്രതിദിന നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസ് നടത്തുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അറിയിച്ചു.
മികച്ച യാത്രാനുഭവം
കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30നു പുറപ്പെടുന്ന വിമാനം 3.45നു ദോഹയില്‍ എത്തും. തിരിച്ച് ദോഹയില്‍ നിന്നു പ്രാദേശിക സമയം 4.45നു പുറപ്പെട്ട് വിമാനം കൊച്ചിയില്‍ 11.35ന് എത്തും. 162 സീറ്റുകളുള്ള ഏ 320 നിയോ എയര്‍ക്രാഫ്റ്റാണ് ഈ യാത്രയ്ക്കായി ഉപയോഗിക്കുന്നത്. ഇക്കണോമിയില്‍ 150 സീറ്റുകളും ബിസിനസ് ക്ലാസില്‍ 12 സീറ്റുകളും.
കൊച്ചി-ദോഹ എന്നീ രണ്ടു നഗരങ്ങളെ തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പുതിയ സര്‍വീസ് കൂടുതല്‍ സൗകര്യപ്രദവും സുഖപ്രദവുമായ യാത്രാനുഭവം നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. നിലവില്‍ കൊച്ചിയില്‍ നിന്നു ദുബൈയിലേക്ക് എല്ലാ ദിവസവും നേരിട്ട് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്.