സേവനം മുടങ്ങിയോ? ബാങ്ക് ഇങ്ങോട്ട് തരും പെനാല്‍റ്റി

Update: 2019-12-04 10:53 GMT

ഓരോ മാസവും മിനിമം ബാലന്‍സ് തുക എക്കൗണ്ടില്‍ ഇല്ലെങ്കില്‍ എക്കൗണ്ടുടമ ബാങ്കിന് പിഴയടക്കണം. എന്നാല്‍ നമുക്ക് ചെയ്തു തരുന്ന സേവനങ്ങളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയാലോ? ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നമുക്കും അവകാശമുണ്ടെന്ന് എത്രപേര്‍ക്കറിയാം.

ഇന്‍ഷുറന്‍സ്

പോളിസിയുടമ മരണപ്പെട്ടാല്‍ ക്ലെയിം സമയത്ത് കിട്ടിയില്ലെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥനാണ്. രേഖകളെല്ലാം സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ ക്ലെയിം സെറ്റില്‍ ചെയ്തിരിക്കണം. ആവശ്യമായ അവസാന രേഖ സമര്‍പ്പിച്ചതിനു ശേഷമുള്ള ദിവസങ്ങള്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമാണെങ്കില്‍ അത് 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായിരിക്കണമെന്നുണ്ട്. അതിനു ശേഷം 30 ദിവസത്തിനുള്ളില്‍ ക്ലെയിം സെറ്റില്‍ ചെയ്യണം. മെച്യൂരിറ്റി പീരീഡ് കഴിഞ്ഞതിനു ശേഷവും നിശ്ചിത ദിവസങ്ങള്‍ക്കകം തുക പോളിസിയുടമയ്ക്ക് നല്‍കിയിരിക്കണമെന്നുണ്ട്. ജനറല്‍ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും നിങ്ങള്‍ ഡോക്യുമെന്റ്‌സ് എല്ലാം നല്‍കി കഴിഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനം ആയിരിക്കണമെന്നുണ്ട്.

മ്യൂച്വല്‍ ഫണ്ട്

മ്യൂച്വല്‍ ഫണ്ടില്‍ ഡിവിഡന്റ് നല്‍കാന്‍ വൈകിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം. ഡിവിഡന്റ് പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളില്‍ നല്‍കിയിരിക്കണമെന്നാണ് നിയമം. അതല്ലെങ്കില്‍ വൈകുന്ന സമയത്ത് 15 ശതമാനം പലിശ എക്കൗണ്ട് ഉടമയ്ക്ക് കിട്ടും.

ബാങ്കുകള്‍

എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതാകുകയും എന്നാല്‍ എക്കൗണ്ടില്‍ നിന്ന് പണം കുറഞ്ഞതായും ബോധ്യപ്പെട്ടാല്‍ ഏഴു ദിവസത്തിനുള്ളില്‍ തിരികെ എക്കൗണ്ടില്‍ വന്നിരിക്കണമെന്നുണ്ട്. അതല്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം എക്കൗണ്ട് ഉടമയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
ഒരു എക്കൗണ്ടില്‍ നിന്ന് മറ്റൊരു എക്കൗണ്ടിലേക്ക് പണമയക്കുമ്പോള്‍ നമ്മുടെ എക്കൗണ്ടില്‍ നിന്ന് പണം പോകുകയും അതേസമയം അയച്ച എക്കൗണ്ടില്‍ ക്രെഡിറ്റ് ആകുകയും ചെയ്തില്ലെങ്കില്‍ രണ്ടു ദിവസത്തിനുള്ള പണം തിരികെ നല്‍കിയിരിക്കണം. അതല്ലെങ്കില്‍ തുടര്‍ന്നുള്ള ഓരോ ദിവസത്തിനും നൂറു രൂപ പിഴയുണ്ട്.
കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ പണം എക്കൗണ്ടില്‍ നിന്ന് കുറയുകയും ചാര്‍ജ് സ്ലിപ്പ് ജനറേറ്റ് ചെയ്യാതിരിക്കുകയും ചെയ്താല്‍ ആറു ദിവസത്തിനുള്ളില്‍ പണം തിരികെ എക്കൗണ്ടില്‍ എത്തിയിരിക്കണം. അല്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം ബാങ്ക് നഷ്ടപരിഹാരം നല്‍കണം. ഇ കൊമേഴ്‌സ് വഴിയുള്ള ഇടപാടിനും ഇതേ നിയമമാണ്.

യുപിഐ വഴിയുള്ള ഐഎംപിഎസ് ട്രാന്‍സ്ഫറില്‍ നമ്മുടെ എക്കൗണ്ടില്‍ നിന്ന് പണം പോകുകയും ബെനഫിഷ്യറി എക്കൗണ്ടില്‍ ക്രെഡിറ്റ് ആകുകയും ചെയ്തിട്ടില്ലെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ പണം എക്കൗണ്ടില്‍ തിരികെയെത്തണം. അതല്ലെങ്കില്‍ ഓരോ ദിവസത്തിനും നൂറു രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബാങ്കിന് ബാധ്യതയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News