ബിസിനസ് മേഖലയിലേക്കുള്ള വായ്പാ പ്രവാഹം കുറഞ്ഞു

Update: 2019-09-05 10:32 GMT

രാജ്യത്തെ ബിസിനസ് രംഗത്തേക്കുള്ള വായ്പാ പ്രവാഹം തീര്‍ത്തും മന്ദഗതിയിലായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ബാങ്കുകളും നോണ്‍ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും (എന്‍ബിഎഫ്സി) ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ നല്‍കിയ വായ്പ നാമമാത്രം. ഇതുമൂലം ഈ കാലയളവില്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള ഫണ്ടുകളുടെ ഒഴുക്ക് 74% കുറഞ്ഞു.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഭക്ഷ്യേതര വായ്പയില്‍ 1.7 ട്രില്യണ്‍ രൂപയുടെ വന്‍ ഇടിവാണുണ്ടായതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലൊന്നും ഇതേ പാദങ്ങളില്‍ ഇത്രത്തോളം പ്രകടമായ വീഴ്ചയുണ്ടായിട്ടില്ല.മുമ്പത്തേതിനേക്കാള്‍ കുറച്ച് വായ്പയെടുക്കാനേ ഇന്ത്യന്‍ കമ്പനികള്‍ മുന്നോട്ട് വരുന്നുള്ളൂവെന്നതിനു കാരണം തളര്‍ച്ച ബാധിച്ച സമ്പദ്‌വ്യവസ്ഥ തന്നെയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കുറഞ്ഞ മൂലധനവും മോശം വായ്പകളുമായുള്ള പോരാട്ടത്തിനിടെ റിസര്‍വ് ബാങ്ക് പണലഭ്യത ഉറപ്പാക്കിയപ്പോഴും ബാങ്കുകള്‍ കലവറ തുറന്നുവയ്ക്കാന്‍ മടി കാണിക്കുന്നുവെന്നതും മറ്റൊരു കാര്യം. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാക്കിയുള്ള മാസങ്ങളിലും, ആഭ്യന്തര വായ്പ നല്‍കുന്നവരില്‍ നിന്നുള്ള വായ്പാ വളര്‍ച്ച ഏറെയൊന്നും ഉയരാന്‍ സാധ്യതയില്ല എന്നാണ് സൂചനകള്‍. മിക്ക കമ്പനികള്‍ക്കും ഭാവിയെക്കുറിച്ച് ഉറപ്പില്ലാത്തതിനാല്‍ തന്നെ ഫണ്ടുകള്‍ക്കായുള്ള ആവശ്യം മുമ്പത്തേതിനേക്കാള്‍ കുറഞ്ഞുനില്‍ക്കുന്നു.

പകുതിയിലധികം വായ്പാ പ്രവാഹത്തിന്റെയും സ്രോതസായിരുന്ന പൊതുമേഖലാ ബാങ്കുകള്‍ ലയനത്തിന്റെ തിരക്കിലേക്ക് കടന്നുകഴിഞ്ഞു. എന്‍ബിഎഫ്സികളാകട്ടെ ദ്രവ്യതാ പ്രതിസന്ധിയില്‍ നിന്നു കര കയറിയിട്ടുമില്ല. വമ്പന്‍ ബാലന്‍സ് ഷീറ്റുകളുടെ തിളക്കം സ്വന്തമായുള്ള വലിയ എന്‍ബിഎഫ്സികള്‍ പോലും ജൂണ്‍ പാദത്തില്‍ വായ്പാ വളര്‍ച്ചയില്‍ മാന്ദ്യമാണു രേഖപ്പെടുത്തിയത്. ജൂണ്‍ പാദത്തില്‍ ഭവന ധനകാര്യ കമ്പനികള്‍ക്കും 65 ശതമാനം വായ്പാ ഇടിവുണ്ടായി.

ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ വിദേശ സ്രോതസ്സുകളില്‍ നിന്നുള്ള ധനസഹായം 77 ശതമാനം വര്‍ധിച്ചിരുന്നു. ആഗോളതലത്തില്‍ പലിശനിരക്ക് വളരെ കുറഞ്ഞതിനൊപ്പം ബോണ്ട് വരുമാനവും ഇടിയുന്നതിനാല്‍ ഇന്ത്യന്‍ ധനകാര്യ കമ്പനികള്‍ക്ക് വായ്പ എടുക്കല്‍ കൂടുതല്‍ സുഗമമാകുന്നുണ്ട്.

ഓഫ്ഷോര്‍ വായ്പകള്‍ ഒരു വലിയ ഫണ്ടിംഗ് സ്രോതസ്സായി ഉയര്‍ന്നുവരുന്നുവെന്നതു യാഥാര്‍ത്ഥ്യം. പക്ഷേ, ആഭ്യന്തര വായ്പാ ദാതാക്കള്‍  ഉണര്‍വു വീണ്ടെടുക്കാതെ സമ്പദ്വ്യവസ്ഥയ്ക്കു വേഗത നല്‍കാന്‍ അതുപകരിക്കില്ല.

Similar News