'ധനലക്ഷ്മി ബാങ്കില്‍ റിസര്‍വ് ബാങ്ക് ഇടപെടണം'

Update: 2020-09-28 05:41 GMT

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകും മുമ്പേ റിസര്‍വ് ബാങ്ക് അടിയന്തിരമായി ഇടപെടണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തില്‍ എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആധുനികവല്‍ക്കരണത്തിന്റെ പേരില്‍ ബാങ്കില്‍ ഗൗരവമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണെന്നും കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാണെന്നും കത്തില്‍ വെങ്കിടാചലം ചൂണ്ടിക്കാട്ടുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2008 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 850 കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കിയ ബാങ്ക് റിസര്‍വ് ബാങ്ക് ഇടപെടലിനെ തുടര്‍ന്ന് ബാങ്കിന്റെ ഉന്നതതലത്തില്‍ മാറ്റങ്ങള്‍ വരുകയും മൂലധന അടിത്തറ ശക്തമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 2020 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ഏറ്റവും ഉയര്‍ന്ന ലാഭം നേടിയെടുക്കുകയും ചെയ്തതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കിന്റെ ഉന്നത തലത്തില്‍ 2020 ന്റെ തുടക്കം മുതല്‍ അടുത്തിടെ വന്ന മാറ്റങ്ങളില്‍ യൂണിയന്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ബാങ്ക് തെറ്റായ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് കത്തില്‍ പറയുന്നു.

വടക്കേ ഇന്ത്യയില്‍ നിരവധി ശാഖകള്‍ തുറന്നുവെങ്കിലും വേണ്ടത്ര നിയന്ത്രണമോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍ അവ അടച്ചുപൂട്ടി. എന്നിട്ടും കൂടുതല്‍ ശാഖകള്‍ അത്തരം സ്ഥലങ്ങളില്‍ തുറക്കാന്‍ ശ്രമിക്കുകയാണ്. ആ പ്രദേശങ്ങളിലെ ബിസിനസ് മാനേജ് ചെയ്യാന്‍ ആവശ്യമായ പശ്ചാത്തല സൗകര്യം ബാങ്കിനില്ല. ബാങ്കിന്റെ ചെലവും വരുമാനവും തമ്മിലുള്ള അനുപാതം വളരെ കൂടുതലാണ്. വരവിന് അനുസരിച്ച് ചെലവ് ക്രമീകരിക്കാന്‍ ഇടപെടല്‍ വേണം. ബാങ്കിന് വന്‍ ചെലവ് വരുന്ന വിധത്തില്‍ ഒട്ടനവധി സെയ്ല്‍സ്, സീനിയര്‍ എക്‌സിക്യുട്ടീവുകളെ നിയമിച്ചതിലും വെങ്കിടാചലം ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ബാങ്കിന്റെ ഈ സ്ഥിതിയില്‍ അവ താങ്ങാന്‍ പറ്റുന്നതല്ലെന്നും വലിയ തകര്‍ച്ചയ്ക്ക് അത് വഴിവെയ്ക്കുമെന്നും കത്തില്‍ പറയുന്നു.

റിസര്‍വ് ബാങ്ക് ഫലപ്രദമായ രീതിയില്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ബാങ്ക് വീണ്ടും പ്രശ്‌നങ്ങളിലേക്ക് വീഴുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News