തപാല്‍ ബാങ്ക് വായ്പ വീടുകളിലേക്കെത്തും

Update: 2019-08-03 09:38 GMT

തപാല്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) ജീവനക്കാരിലൂടെ വീട്ടുപടിക്കല്‍ വായ്പയെത്തിക്കും. പേയ്‌മെന്റ് ബാങ്ക് ആയി രൂപം കൊണ്ട ഐപിപിബിയെ ഇതു സാധ്യമാക്കാന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആക്കി മാറ്റാന്‍ തീരുമാനമായിട്ടുണ്ട്.

പേയ്‌മെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ അനുവാദമില്ല. എസ്എഫ്ബികള്‍ക്ക് ചെറുവായ്പകള്‍ നല്‍കാനാവും. 100 ദിവസം കൊണ്ട് ഒരു കോടി പുതിയ അക്കൗണ്ടുകള്‍ തുടങ്ങണമെന്നും പോസ്റ്റല്‍ സര്‍ക്കിള്‍ മേധാവികളുടെ യോഗത്തില്‍ ധാരണയായി. വ്യക്തികള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വായ്പ ലഭിക്കും.

2015ല്‍ പേയ്‌മെന്റ് ബാങ്കിനുള്ള ലൈസന്‍സ് തപാല്‍ വകുപ്പിനു ലഭിച്ചു. ഐപിപിബി  പ്രവര്‍ത്തനം ആരംഭിച്ചത് 650 ബ്രാഞ്ചുകളും 3250 അക്‌സസ്സ് പോയിന്റുകളും ഒറ്റദിവസം തുറന്നുകൊണ്ടാണ്. 2 ലക്ഷം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.നിലവില്‍ ഒരുലക്ഷം രൂപവരെ ഒരു ഉപഭോക്താവില്‍ നിന്നു നിക്ഷേപം സ്വീകരിക്കാനേ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അനുവാദമുള്ളൂ.15 രൂപ മുതല്‍ 25 രൂപ വരെയാണു സേവനങ്ങള്‍ക്ക് ഐപിപിബി ഈടാക്കുന്നത്.

ബാങ്കിങ്, ഇന്‍ഷുറന്‍സ്, പണമടയ്ക്കല്‍, ബില്‍, നികുതി അടയ്ക്കല്‍, ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ തുടങ്ങിയവ പൊതുസേവന കേന്ദ്രങ്ങളുമായി സഹകരിച്ച് പോസ്റ്റ് ഓഫിസുകളിലും ലഭ്യമാക്കിത്തുടങ്ങി. ഇ-കൊമേഴ്‌സ് വ്യവസായം ചെറുനഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനായി സൗകര്യങ്ങള്‍ വികസിപ്പിക്കും.190 പാഴ്‌സല്‍ ഹബ്ബുകള്‍, 80 നോഡല്‍ ഡെലിവറി സെന്ററുകള്‍, ഇന്ത്യ മുഴുവന്‍ വ്യാപിച്ച റോഡ് ട്രാന്‍സ്‌പോര്‍ട്ട് ശൃംഖല എന്നിവയും  തപാല്‍ വകുപ്പ് ആരംഭിക്കും.

Similar News