മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിനു പുറത്തേക്ക് വളര്‍ന്നതെങ്ങനെ?

Update: 2020-03-09 12:07 GMT

മുത്തൂറ്റ് ഫിനാന്‍സ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ കേരളത്തില്‍ നിന്നുള്ള കമ്പനിയാണല്ലോ എന്നല്ലേ മനസ്സില്‍ വരിക? എന്നാല്‍ അറിയുക. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ ആകെ ബിസിനസില്‍ കേരളത്തിന്റെ സംഭാവന വെറും മൂന്നു ശതമാനം മാത്രം ! ബാക്കിയെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ശ്രീലങ്ക, നേപ്പാള്‍, യുഎസ്എ, യുകെ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുമാണ്. എങ്ങനെയാണ് 2001 ല്‍ എന്‍ബിഎഫ്‌സിയായി മാറിയ മുത്തൂറ്റിന് കേരളത്തിന് പുറത്ത് ഈ നേട്ടം കൈവരിക്കാനായത്? ഏറെ സാധ്യതകളുള്ള മേഖല കണ്ടെത്തി വെല്ലുവിളികളെ ബുദ്ധിപൂര്‍വം മറികടന്നാണിത് സാധ്യമായത്.

വെല്ലുവിളികള്‍, നേരിട്ട രീതി

സ്വര്‍ണം പണയം വെയ്ക്കാനുള്ളതല്ല: കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് മുന്‍കാലത്ത് സ്വര്‍ണം പണയ വസ്തുവായി ഉപയോഗിച്ചിരുന്നത്. അതിനപ്പുറമുള്ള പ്രദേശങ്ങളില്‍ സ്വര്‍ണത്തോടെ വൈകാരികമായ അടുപ്പമാണ് ആളുകള്‍ കാട്ടിയിരുന്നത്. സ്വര്‍ണപ്പണയത്തേക്കുറിച്ച് ചിന്തിക്കാന്‍ പോലും തയാറാവാതിരുന്ന വടക്കേയിന്ത്യക്കാരുടെ അടുത്തേക്കാണ് തന്ത്രപരമായി മുത്തൂറ്റ് സമീപിച്ചത്. ഏറ്റവും വേഗത്തില്‍ ലഭിക്കുന്ന വായ്പ സ്വര്‍ണപ്പണയമാണെന്ന് അവരെ ബോധ്യപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയത്. ബാങ്കുകളില്‍ വായ്പയ്ക്കായി കയറിയിറങ്ങി അനുഭവമുള്ള ആളുകള്‍ ഓരോന്നായി മുത്തൂറ്റ് ശാഖകളിലെത്തി തുടങ്ങിയത് അങ്ങനെയാണ്.

സ്വര്‍ണത്തിന്റെ ഉടസ്ഥത: സാധാരണയായി സ്വര്‍ണം കൈവശമുള്ളത് സ്ത്രീകളുടെ കൈയിലാണ്. പുരുഷന്മാര്‍ക്ക് പണത്തിന് ആവശ്യം വന്നാല്‍ അത് കിട്ടണമെന്നില്ല. എന്നാല്‍ മുത്തൂറ്റ് ഓരോ കുടുംബത്തിന്റെയും കാഷ് മാനേജ്‌മെന്റ്ില്‍ കുടുംബാംഗങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടി നടത്തിയ പരസ്യപ്രചരണങ്ങള്‍ ഫലം കണ്ടു. സ്വര്‍ണപ്പണയം ഓരോ വര്‍ഷം കഴിയുമ്പോഴും ഏറി വന്നു.

എങ്ങിനെ വിശ്വസിക്കും: രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണത്തിന് തുല്യമായ തുക വായ്പയായി ലഭിക്കില്ല. അതായത് വായ്പാ തുകയേക്കാള്‍ ഉയര്‍ന്ന മൂല്യമുള്ള സ്വര്‍ണമാണ് ഉപഭോക്താക്കള്‍ ഈടായി നല്‍കുന്നത്. തങ്ങളുടെ സ്വര്‍ണം എത്രമാത്രം സുരക്ഷിതമാണെന്ന കാര്യത്തില്‍ അവര്‍ക്ക് ഉല്‍കണ്ഠയുണ്ടാകും. എന്നാല്‍ നിരന്തരമായ ശ്രമത്തിലൂടെ ആളുകളുടെ വിശ്വാസം നേടിയെടുക്കാന്‍ മുത്തൂറ്റ് ഫിനാന്‍സിനായി. മൂല്യം, ധാര്‍മികത, വിശ്വാസ്യത, ആശ്രിതത്വം, ആത്മാര്‍ത്ഥ തുടങ്ങിയ ഏഴു കാര്യങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുത്തൂറ്റ് ഊന്നല്‍ നല്‍കി.

ഉപഭോക്താവ് പ്രതീക്ഷിക്കുന്നത്: ഓരോ നാട്ടിലെയും ആളുകള്‍ തമ്മില്‍ സ്വഭാവത്തില്‍ ഏറെ വൈജാത്യങ്ങളുണ്ട്. അത് മനസ്സിലാക്കി തങ്ങളെ തേടിയെത്തുന്ന ഉപഭോക്താവിന്റെ മനസ്സ് നിറയ്ക്കുന്ന സ്വീകരണമാണ് മുത്തൂറ്റ് നല്‍കുന്നത്. സ്വര്‍ണപ്പണയ വായ്പ എടുക്കാനായി എത്തുന്നവരെ നിക്ഷേപകരായി കണ്ടുള്ള സ്വീകരണം. ഉപഭോക്താക്കളോട് എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് ജീവനക്കാര്‍ക്ക് നിരന്തരമായി പരിശീലന പരിപാടികളും നടത്തുന്നുണ്ട്.

ഫണ്ട് സ്വരൂപണം: വളരാന്‍ പണം ആവശ്യ ഘടകമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിനകത്തു നിന്ന് ബാങ്കുകളുടെ സഹായം വലിയ തോതില്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടാണ് മുത്തൂറ്റ് രാജ്യാന്തര തലത്തില്‍ നിന്നുള്ള ഫണ്ടിനായി ശ്രമിച്ചത്. കമ്പനി മൂല്യവത്താക്കുന്നതിനായുള്ള ശ്രമമാണ് ഇതിനായി നടത്തിയത്. അതില്‍ വിജയിച്ചപ്പോള്‍ ഫണ്ട് തരാന്‍ ആളുകള്‍ തയാറായി. ഇന്ത്യയില്‍ നിന്ന് പബ്ലികില്‍ നിന്നും പണം സമാഹരിക്കാന്‍ മുത്തൂറ്റിന് കഴിഞ്ഞു.

(2020 ഫെബ്രുവരി 27ന് ധനം പബ്ലിക്കേഷന്‍സ് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമ്മിറ്റില്‍, മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ കെ ആര്‍ ബിജിമോന്‍ നടത്തിയ പ്രഭാഷണത്തെ അധികരിച്ച് തയാറാക്കിയത്)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News