സഹകരണ ബാങ്കുകളെ ഒപ്പം കൂട്ടാൻ പൈസാ ബസാർ ഡോട്ട് കോം

Update: 2018-12-20 10:19 GMT

തങ്ങളുടെ പ്ലാറ്റ് ഫോമിലേക്ക് സഹകരണ ബാങ്കുകളേയും ചേർക്കാനുള്ള ഒരുക്കത്തിലാണ് ഓൺലൈൻ വായ്പാ സേവനദാതാവായ പൈസാ ബസാർ ഡോട്ട് കോം. ഇന്ത്യയിൽ ഇത്തരമൊരു നീക്കം ആദ്യമായിട്ടാണെന്ന് ബാങ്കുദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് പൊതുജനങ്ങളുമായി കൂടുതൽ അടുത്തുനിക്കുന്നവയാണ് സഹകരണബാങ്കുകൾ. ഇവരെക്കൂടി പൈസാ ബസാറിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാൽ വലിയ ഒരു ജന വിഭാഗത്തെ ഓൺലൈൻ വായ്പാ രംഗത്തേയ്ക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് കമ്പനി സിഇഒ നവീൻ കുക്രേജ പറഞ്ഞു.

രാജ്യത്ത് മൊത്തം 1,562 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ ഉള്ളതിൽ 54 എണ്ണം ഷെഡ്യൂൾഡ് ബാങ്കുകളാണ്. രണ്ട് കോടിയിലധികം ഉപഭോക്താക്കളാണ് സഹകരണ ബാങ്കുകൾക്കുള്ളത്. ഭൂരിഭാഗം ബാങ്കുകളുടെയും ലോൺ ടിക്കറ്റ് സൈസ് 25 ലക്ഷത്തിലും താഴെയാണ്. ഏതാണ്ട് അത്രയും തന്നെ ഉപഭോക്താക്കൾ ഒരു മാസം പൈസാ ബസാർ സന്ദർശിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.

വിവിധ ബാങ്കുകളുടെയും എൻബിഎഫ്‌സികളുടെയും ലോൺ താരതമ്യം ചെയ്ത് ഓൺലൈൻ അപേക്ഷ നൽകാൻ സഹായിക്കുന്ന പ്ലാറ്റ് ഫോമാണ് പൈസാ ബസാർ.

Similar News