പൊതുമേഖലാ ബാങ്കുകൾക്ക് നിർണ്ണായക ദിനം 

Update: 2018-12-05 09:50 GMT

കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകൾക്ക് നാളെ നിർണ്ണായക ദിനമാണ്. ബാങ്കുകളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന വായ്പാ നിയന്ത്രണ ചട്ടങ്ങൾ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ വ്യാഴാഴ്ച ചേരുന്ന റിസർവ് ബാങ്കിന്റെ ബോർഡ് ഓഫ് ഫിനാൻഷ്യൽ സൂപ്പർവിഷൻ (BFS) യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.

പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ അഥവാ പിസിഎ എന്നറിയപ്പെടുന്ന വായ്പാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് സാമ്പത്തികമായി ദുർബലമായ ബാങ്കുകൾക്കാണ്. നിലവിൽ 11 ബാങ്കുകൾ പിസിഎയ്ക്ക് കീഴിലുണ്ട്.

വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ ബാങ്കുകളുടെ സാമ്പത്തിക നില പുനപരിശോധിക്കും. ഇതിൽ എത്ര ബാങ്കുകളുടെ സാമ്പത്തിക നില മെച്ചപ്പെട്ടെന്നും അവയുടെ വായ്പാ നിയന്ത്രണങ്ങൾ എടുത്തുമാറ്റാനാകുമോ എന്നുമൊക്കെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബിഎഫ്എസ് അംഗങ്ങൾ ആർബിഐ ബോർഡിന് ഇതുസംബന്ധിച്ച തങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കും. ബോർഡാണ് തീരുമാനങ്ങൾ എടുക്കുക.

പിസിഎ സംബന്ധിച്ച് ആർബിഐയും സർക്കാരും തമ്മിൽ ഒരു ധാരണയിൽ എത്തിയിട്ടുണ്ട്. ഇരുകൂട്ടരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തിന് പ്രധാന കാര്യങ്ങളിൽ ഒന്ന് കർക്കശമായ പിസിഎ ചട്ടങ്ങളായിരുന്നു.

പിസിഎ ചട്ടങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം ഏതാണ്ട് മൂന്നോളം ബാങ്കുകളുടെ സാമ്പത്തിക നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പിസിഎക്ക് കീഴിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ബാങ്കുകൾ ശ്രദ്ധിക്കേണ്ടത്.

  • വായ്പ നൽകുന്നതുപോലെയുള്ള റിസ്‌കേറിയ നടപടികൾ ഒഴിവാക്കുക
  • പ്രവർത്തന മികവ് വർധിപ്പിക്കുക
  • മൂലധനം സംരക്ഷിക്കുക

എന്നാൽ ദീർഘകാലം പിസിഎ വ്യവസ്ഥയിൽ പ്രവർത്തിക്കേണ്ടി വന്നാൽ വിശ്വസ്തരായ ഉപഭോക്താക്കളെ നഷ്ടപ്പെടുമെന്ന ആശങ്ക ബാങ്കുകൾക്കുണ്ട്.

ഇതുകൂടാതെ രാജ്യത്തിൻറെ സാമ്പത്തിക കാര്യങ്ങളിൽ റിസർവ് ബാങ്കിന്റെയും സർക്കാരിന്റെയും റോളുകൾ, അടുത്ത ആറ് മാസത്തേയ്ക്ക് ബാങ്കുകൾക്കുള്ള പ്രവർത്തന പദ്ധതി എന്നിവയും യോഗം ചർച്ച ചെയ്യും.

Similar News