റീറ്റെയ്ല്‍ വായ്പകള്‍ വിനയാകുന്നു; കേരള ബാങ്കുകള്‍ക്കും

Update: 2020-03-24 12:34 GMT

വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തുക വായ്പയായി നല്‍കുന്ന ശൈലിയില്‍ നിന്ന് മാറി മികച്ച ക്രെഡിറ്റ് സ്‌കോറുള്ള സ്ഥിര വേതനക്കാര്‍ക്ക് ആവശ്യമുള്ള വായ്പകള്‍ നല്‍കുന്ന ശൈലിയിലേക്ക് സ്വകാര്യബാങ്കുകള്‍ നടത്തിയ ചുവടുമാറ്റം തല്‍ക്കാലം കോവിഡ് കാലത്തെങ്കിലും അവയ്ക്ക് വിനയാകുന്നു. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍, നയ വ്യതിയാനങ്ങള്‍, ടെക്‌നോളജി ഡിസ്്‌റപ്ഷനുകള്‍ എന്നിവ മൂലം വന്‍കിട വ്യവസായ രംഗത്തെ വന്‍ വായ്പകളുടെ തിരച്ചടവ് മുന്‍കാലങ്ങളില്‍ പ്രശ്‌നമായിരുന്നു.

കോര്‍പ്പറേറ്റുകളുടെ തിരിച്ചടയ്ക്കാത്ത വായ്പകളുടെ ഭാരം ശ്വാസം മുട്ടിച്ചപ്പോഴാണ് സ്വകാര്യ ബാങ്കുകള്‍ റീറ്റെയ്ല്‍ വായ്പകളിലേക്ക് ശ്രദ്ധയൂന്നിയത്. രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകളായ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക് തുടങ്ങികേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവരെല്ലാം തന്നെ മാസവരുമാനക്കാരായ, മികച്ച ക്രെഡിറ്റ് സ്‌കോറുള്ള ആളുകള്‍ക്ക് വായ്പകള്‍ നല്‍കാന്‍ മത്സരിച്ചു. ഇതോടൊപ്പം ആക്‌സിസ് ബാങ്ക് വന്‍തോതില്‍ എംഎസ്എംഇ മേഖലയ്ക്കും വായ്പകള്‍ നല്‍കി.

കേരള ബാങ്കുകളുടെ ഓഹരി വിലയിലും വന്‍ ഇടിവ് പ്രകടമാണ്. ഒരു രൂപ മുഖവിലയുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ മാര്‍ച്ച് 24ലെ വില അഞ്ചുരൂപയാണ്. ഫെഡറല്‍ ബാങ്കിന്റെ രണ്ടുരൂപ മുഖവിലയുള്ള ഓഹരിയുടെ ഇതേ
ദിവസത്തെ വില 37.80 രൂപയും. പത്തുരൂപ മുഖവിലയുള്ള സിഎസ്ബി ബാങ്കിന്റെ
ഓഹരി വില 99 രൂപയിലെത്തി. പത്തുരൂപ മുഖവിലയുള്ള ധനലക്ഷ്മി ബാങ്ക് ഓഹരി
വില ഇപ്പോള്‍ എത്തിനില്‍ക്കുന്നത് 8.25 രൂപയിലും!

കോറോണയെ തുടര്‍ന്ന് വന്‍തോതിലുണ്ടാകുന്ന തൊഴില്‍ നഷ്ടവും വരുമാന നഷ്ടവുമാണ് റീറ്റെയ്ല്‍ വായ്പകളെ പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്. എംഎസ്എംഇ മേഖലയ്ക്കുണ്ടാകാന്‍ പോകുന്ന നഷ്ടം ഓഹരി വിപണി ഇപ്പോഴേ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ രംഗത്ത് ഇതര സ്വകാര്യബാങ്കുകളേക്കാള്‍ കൂടുതല്‍ വായ്പ നല്‍കിയിരിക്കുന്ന ആക്‌സിസ് ബാങ്കിന്റെ ഓഹരി വിലയില്‍ കുത്തനെയാണ്
ഇടിവുണ്ടാകുന്നത്.

പേഴ്‌സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് എന്നീ രംഗത്തും വരും നാളുകളില്‍ വന്‍തോതില്‍ തിരിച്ചടവ് മുടങ്ങാനാണിട. അതുപോലെ കേരളത്തിലെ ഉള്‍പ്പടെ സ്വകാര്യ ബാങ്കുകള്‍ പ്രവാസി നിക്ഷേപ രംഗത്തും സവിശേഷ ശ്രദ്ധയാണ് നല്‍കിയിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധിയും അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീഴുന്നതും പ്രവാസി സമൂഹത്തിന് തിരിച്ചടിയാകും.
വലിയ തോതില്‍ തൊഴിലുകള്‍ നഷ്ടപ്പെടുമെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍
പുറത്തുവന്നിട്ടുണ്ട്.

കണക്കുകൂട്ടല്‍ തെറ്റിച്ച കോറോണ

എല്ലാ മേഖലകളും ഒരേ സമയം മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന ധാരണയൊന്നും
ഇന്ത്യന്‍ ബാങ്കിംഗ് സാരഥികള്‍ ഒരുകാലത്തും വെച്ചുപുലര്‍ത്തിയിട്ടില്ല. ഓരോ രംഗത്തും ചാക്രികമായ കയറ്റിറക്കങ്ങള്‍ പ്രതീക്ഷിച്ചു തന്നെയാണ് ബിസിനസ് തന്ത്രങ്ങള്‍ രൂപീകരിക്കുക. പക്ഷേ കൊറോണ പടര്‍ന്നു പിടിച്ചതോടെ പൊതുവേ ദുര്‍ബലമായ, കടം കയറിയ കോര്‍പ്പറേറ്റുകളും രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരും മാസവേതനക്കാരും സാധാരണ ജനങ്ങളും ഒരുപോലെ പ്രതിസന്ധിയിലായി. ഇതാണ് ബാങ്കുകള്‍ക്ക് ഇപ്പോള്‍ വിനയായിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News