ഐ.ഡി.ബി.ഐ ബാങ്കും കേരളത്തിന്റെ സി.എസ്.ബി ബാങ്കും ലയനത്തിലേക്കോ? സാങ്കേതിക പ്രശ്‌നം വെല്ലുവിളി

കേന്ദ്രസര്‍ക്കാരിനും എല്‍.ഐ.സിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ബാങ്കാണ് ഐ.ഡി.ബി.ഐ ബാങ്ക്

Update: 2024-05-06 07:34 GMT

Image : CSB Bank, IDBI Bank and Canva

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സി.എസ്.ബി ബാങ്കും (പഴയ കാത്തലിക് സിറിയന്‍ ബാങ്ക്) കേന്ദ്രസര്‍ക്കാരിനും എല്‍.ഐ.സിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള സ്വകാര്യബാങ്കായ ഐ.ഡി.ബി.ഐ ബാങ്കും തമ്മില്‍ ലയിക്കുമോ?
ഐ.ഡി.ബി.ഐ ബാങ്കിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വംശജനും കനേഡിയന്‍ ശതകോടീശ്വരനുമായ പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് ശ്രമിക്കുന്നുണ്ട്. നിലവില്‍ സി.എസ്.ബി ബാങ്കിന്റെ മുഖ്യ ഓഹരി ഉടമകളും പ്രൊമോട്ടര്‍മാരുമാണ് ഫെയര്‍ഫാക്‌സ്; 49.27 ശതമാനമാണ് ഓഹരി പങ്കാളിത്തം.
എല്‍.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്രസര്‍ക്കാരിന് 45.48 ശതമാനവും ഓഹരി പങ്കാളിത്തമുള്ള ബാങ്കാണ് ഐ.ഡി.ബി.ഐ ബാങ്ക്. ഇരുവര്‍ക്കും കൂടി 94.72 ശതമാനം. ഇതില്‍ 60.72 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രവും എല്‍.ഐ.സിയും ശ്രമിക്കുന്നത്. സര്‍ക്കാര്‍ 30.48 ശതമാനവും എല്‍.ഐ.സി 30.24 ശതമാനവും വിറ്റൊഴിഞ്ഞേക്കും.
കേന്ദ്രവും എല്‍.ഐ.സിയും വിറ്റൊഴിയുന്ന ഓഹരികള്‍ സ്വന്തമാക്കാനാണ് ഫെയര്‍ഫാക്‌സിന്റെ ശ്രമം. ഒരാള്‍ക്ക് ഒരേസമയം രണ്ട് ബാങ്കുകളുടെ പ്രൊമോട്ടര്‍മാരായിരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ ചട്ടം അനുവദിക്കുന്നില്ല. ഐ.ഡി.ബി.ഐ ബാങ്കിന്റെ നിയന്ത്രണ ഓഹരികള്‍ ഫെയര്‍ഫാക്‌സ് സ്വന്തമാക്കിയാല്‍, ബാങ്കിനെ സി.എസ്.ബി ബാങ്കുമായി ലയിപ്പിക്കേണ്ടി വരും.
സാങ്കേതിക പ്രശ്‌നം
സാധാരണഗതിയില്‍ ബാങ്കുകള്‍ തമ്മില്‍ ലയിക്കുമ്പോള്‍ അതിന് അനുകൂലമായുള്ള മുഖ്യഘടകം അവ ഉപയോഗിക്കുന്ന കോര്‍ ബാങ്കിംഗ് സോഫ്റ്റ്‌വെയറാണ്. ഒരേ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ബാങ്കുകളാണെങ്കിലേ ലയനം സുഗമമാകൂ.
നേരത്തേ, കേന്ദ്രസര്‍ക്കാര്‍ നിരവധി പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചപ്പോള്‍ ഏതൊക്കെ ബാങ്കുകള്‍ തമ്മില്‍ ലയിക്കണമെന്ന് തീരുമാനിച്ചത് കോര്‍ ബാങ്കിംഗ് സോഫ്റ്റ്‌വെയര്‍ കൂടി പരിഗണിച്ചാണ്.
ഐ.ഡി.ബി.ഐ ബാങ്ക് ഉപയോഗിക്കുന്നത് ഫിനക്കിള്‍ (Finacle) എന്ന സോഫ്റ്റ്‌വെയറും സി.എസ്.ബി ബാങ്ക് ഉപയോഗിക്കുന്നത് ഒറാക്കിള്‍ (Oracle) സോഫ്റ്റ് വെയറുമാണ്. അതായത്, ഇരു ബാങ്കുകളും തമ്മില്‍ ലയിച്ചൊന്നാകാന്‍ പ്രതിബന്ധമായി കോര്‍ ബാങ്കിംഗ് സോഫ്റ്റ്‌വെയറിലെ വ്യത്യാസം നിലനില്‍ക്കുന്നു.
മാത്രമല്ല, ലയനത്തിന് സാധ്യതയുണ്ടെന്നത് സംബന്ധിച്ച് സി.എസ്.ബി ബാങ്കിനോ തനിക്കോ ഇതുവരെ വിവരമൊന്നും ലഭ്യമായിട്ടില്ലെന്ന് ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പ്രവര്‍ത്തനഫലം പുറത്തുവിടുന്നതിന് അനുബന്ധമായി നടന്ന ഏര്‍ണിംഗ്‌സ് കോണ്‍ഫറന്‍സ് കോളില്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പ്രളയ് മൊണ്ഡലും വ്യക്തമാക്കിയിരുന്നു.
സി.എസ്.ബി ബാങ്കും ഓഹരിയും
ഇന്ന് സി.എസ്.ബി ബാങ്കിന്റെ ഓഹരികളില്‍ വ്യാപാരം നടക്കുന്നത് 2.59 ശതമാനം താഴ്ന്ന് 356 രൂപയിലാണ്. ഐ.ഡി.ബി.ഐ ബാങ്കോഹരിയും നഷ്ടത്തിലാണുള്ളത്. 0.12 ശതമാനം താഴ്ന്ന് 89.30 രൂപയിലാണ് ഇന്ന് ഉച്ചയോടെ വ്യാപാരം നടക്കുന്നത്.
സി.എസ്.ബി ബാങ്ക് ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയ ലാഭം 151.5 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 3.1 ശതമാനം കുറവാണിത്. ഐ.ഡി.ബി.ഐ ബാങ്ക് കഴിഞ്ഞപാദത്തില്‍ നേടിയത് 44 ശതമാനം വളര്‍ച്ചയോടെ 1,628 കോടി രൂപയുടെ ലാഭമാണ്. 95,900 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കാണ് ഐ.ഡി.ബി.ഐ ബാങ്ക്. സി.എസ്.ബി ബാങ്കിന്റെ വിപണിമൂല്യം 6,179 കോടി രൂപ.
Tags:    

Similar News