ക്രിസ്മസ് വാരത്തിൽ പ്രത്യാശ; വിദേശ സൂചനകളിൽ ആവേശം; സൂചികകൾ ഉയർന്നു വ്യാപാരം തുടങ്ങാം
ഡോളർ വീണ്ടും കയറി,ക്രിപ്റ്റോകൾ താഴ്ന്നു തന്നെ
ക്രിസ്മസ് വാരത്തിലേക്കു വിപണികൾ പ്രത്യാശയോടെയാണ് ഇന്നു പ്രവേശിക്കുന്നത്. പ്രത്യാശയുടെ മുന്നറ്റം എത്ര കരുത്തുറ്റതാകും എന്നതിലേ സംശയമുള്ളു. യുഎസിൽ വിലക്കയറ്റം കുറയുകയും ജനങ്ങളുടെ ചെലവഴിക്കൽ പ്രവണത വർധിക്കുകയും ജിഡിപി വളർച്ച മെച്ചപ്പെടുകയും ചെയ്തതാണ് ഈ പ്രത്യാശയ്ക്കു വഴി തെളിക്കുന്നത്. കഴിഞ്ഞയാഴ്ച വലിയ ഇടിവിലായ ഇന്ത്യൻ വിപണിയും ഇന്നു കയറ്റത്തോടെ തുടങ്ങും എന്നാണു കരുതുന്നത്. വെള്ളിയാഴ്ച താഴ്ന്ന ഡോളർ സൂചിക ഇന്നു കയറ്റത്തിലാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,636 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,780 ആയി. വിപണി ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യുഎസിലെ ചില്ലറ വിലക്കയറ്റത്തിൻ്റെ ഒരു സൂചികയായ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) വെള്ളിയാഴ്ച പുറത്തുവന്നത് വിപണിയെ സഹായിച്ചു. യുഎസ് ഫെഡ് തീരുമാനങ്ങൾക്കു ആശ്രയിക്കുന്നത് പിസിഇ കണക്കാണ്. നവംബറിൽ പിസിഇ വർധന 2.6 ശതമാനം മാത്രമായിരുന്നു. വിപണിയുടെ കണക്കുകൂട്ടലുകളേക്കാൾ കുറവ്. കാതൽ വിലക്കയറ്റവും കുറഞ്ഞു. ജനങ്ങളുടെ വരുമാനവും വർധിച്ചതായി പിസിഇ കാണിച്ചു. ഇതേ തുടർന്ന് വിപണി ഒരു ശതമാനത്തിലധികം ഉയർന്നു. വിലക്കയറ്റത്തിൽ രണ്ടു മാസം കണ്ട വർധന പ്രവണത ഒരു അപവാദം മാത്രമാണെന്ന നിഗമനം ശക്തിപ്പെട്ടു. നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപും കോടീശ്വരൻ ഇലോൺ മസ്‌കും ചേർന്ന് ബജറ്റ് പാസാക്കൽ തടയാൻ ശ്രമിച്ചെങ്കിലും വെള്ളിയാഴ്ച ബജറ്റ് പ്രതിസന്ധി അവസാനിച്ചതും വിപണിക്ക് ആശ്വാസം നൽകി.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 498.02 പോയിൻ്റ് (1.18%) കുതിച്ച് 42,840.26 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 63.77 പോയിൻ്റ് (1.09%) നേട്ടത്തോടെ 5930.85 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 199.83 പോയിൻ്റ് (1.09%) ഉയർന്ന് 19,572.60 ൽ ക്ലോസ് ചെയ്തു.
പ്രതിവാര കണക്കിൽ മുഖ്യസൂചികകൾ രണ്ടു ശതമാനത്തിലധികം നഷ്ടത്തിലായി. ഡൗ 2.25 ഉം എസ് ആൻഡ് പി രണ്ടും നാസ് ഡാക് 1.8 ഉംശതമാനം താഴ്ന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറുകയാണ്. ഡൗ 0.24 ഉം എസ് ആൻഡ് പി 0.30 ഉം നാസ്ഡാക് 0.43 ഉം ശതമാനം ഉയർന്നു.
നിക്ഷേപനേട്ടം 4.53 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില ഉയർന്നു.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ചയും ഗണ്യമായ നഷ്ടത്തിലായി. യുഎസിലെ ബജറ്റ് പ്രതിസന്ധിയും യൂറോപ്പിനു പിഴച്ചുങ്കം ചുമത്തുമെന്ന ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പും വിപണിയെ തളർത്തി. ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്ന വിഗോവി എന്ന ഔഷധത്തിൻ്റെ പരീക്ഷണത്തിൽ തിരിച്ചടി ഉണ്ടായത് നിർമാതാക്കളായ നോവോ നോർഡിസ്കിനെ 20 ശതമാനം നഷ്ടത്തിലാക്കി.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക തുടക്കത്തിൽ 0.90 ശതമാനം ഉയർന്നു. ഹോണ്ട - നിസാൻ ലയന പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണു സൂചന. ഇരു കമ്പനികളുടെയും ഓഹരികൾ ചെറിയ കയറ്റം കാണിച്ചു. ലയനം നിസാനു രക്ഷയാകും എന്നാണു പ്രതീക്ഷ. ദക്ഷിണ കൊറിയൻ വിപണി ഒരു ശതമാനം ഉയർന്നു. വെള്ളിയാഴ്ച ചൈനീസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് മാറ്റാതെ പണനയം പ്രഖ്യാപിച്ചു. ചൈനീസ് ഓഹരികൾ രാവിലെ ഉയർന്നു.
ആശ്വാസറാലി കാത്തു ഇന്ത്യൻവിപണി
'സാന്താ റാലി' ഇല്ലെന്നു കാണിച്ച് ഇന്ത്യൻ വിപണി തുടർച്ചയായ അഞ്ചാം ദിവസവും ഇടിഞ്ഞു. എങ്കിലും പുതിയ ആഴ്ച ഒരു ആശ്വാസ റാലിയോടുകൂടി വർഷാന്ത്യത്തിലേക്കു നീങ്ങാൻ പറ്റുമോ എന്നാണ് വിപണി നോക്കുന്നത്. ഈയാഴ്ച ബുധനാഴ്ച ക്രിസ്മസ് അവധി ആയതിനാൽ നാലു ദിവസമേ വ്യാപാരം ഉള്ളൂ.
കഴിഞ്ഞ ആഴ്ച സെൻസെക്സ് അഞ്ചു ശതമാനവും (4100 പോയിൻ്റ്) നിഫ്റ്റി 4.8 ശതമാനവും (1180 പോയിൻ്റ്) നഷ്ടത്തിലാണ് അവസാനിച്ചത്. ബാങ്ക് നിഫ്റ്റി 5.3 ശതമാനം ഇടിഞ്ഞു. പ്രധാന പിന്തുണ നിലകളെല്ലാം നഷ്ടപ്പെട്ട നിഫ്റ്റി 23,000 ൽ ആണ് ഈയാഴ്ച പ്രതീക്ഷ വയ്ക്കുന്നത്. അവിടെ നിന്നു തിരിച്ചു കയറി 23,600-24,1006 മേഖലയിൽ എത്തിയാൽ മുന്നേറ്റം തുടരാമെന്നാണു കണക്കുകൂട്ടൽ. പക്ഷേ വിപണി ബെയറിഷ് മനോഭാവം തുടർന്നാൽ 22,500-21,800 മേഖല വരെ ഇടിയാം.
നിഫ്റ്റി വെള്ളിയാഴ്ച 364.20 പോയിൻ്റ് (1.52%) ഇടിഞ്ഞ് 23,587.50 ൽ അവസാനിച്ചു. സെൻസെക്സ് 1176.46 പോയിൻ്റ് (1.49%) നഷ്ടത്തിൽ 78,041.59 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 816.50 പോയിൻ്റ് (1.58%) കുറഞ്ഞ് 50,759.20 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.82 ശതമാനം ഇടിഞ്ഞ് 56,906.75 ലും സ്മോൾ ക്യാപ് സൂചിക 2.19 ശതമാനം നഷ്ടത്തോടെ 18,714.30 ലും ക്ലോസ് ചെയ്തു.
എല്ലാ മേഖലാ സൂചികകളും ഇടിവിലായിരുന്നു. റിയൽറ്റി സൂചിക 3.91 ശതമാനം താഴ്ന്നു.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ചയും വലിയ വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 3597.82 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 1374.37- കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 958 ഓഹരികൾ ഉയർന്നപ്പോൾ 3044 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 555 എണ്ണം ഉയർന്നു, താഴ്ന്നത് 2270 എണ്ണം.
നിഫ്റ്റി എല്ലാ മൂവിംഗ് ആവരേജുകൾക്കും താഴെയാണ്. ഇന്നു സൂചിക 23,700 നു താഴെ തുടർന്നാൽ നവംബറിലെ താഴ്ന്ന നിലയായ 23,263 ലേക്കു താഴാം.
നിഫ്റ്റിക്ക് ഇന്ന് 23,525 ലും 23,405 ലും പിന്തുണ കിട്ടാം. 23,930 ഉം 24,055 ഉം തടസങ്ങൾ ആകാം.
കമ്പനികൾ, വാർത്തകൾ
ഇന്ത്യാ സിമൻ്റ്സിനെ ഏറ്റെടുക്കാനുളള അൾട്രാ ടെക് സിമൻ്റിൻ്റെ നീക്കത്തിനു കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി. ഇന്ത്യാ സിമൻ്റ്സിൻ്റെ 26 ശതമാനം ഓഹരിക്കായി അൾട്രാടെക് ഓപ്പൺ ഓഫർ നടത്തും. 390 രൂപയാണ് ഓഫർ വില.
ടിഎസ്ആർ ദരാഷോ എച്ച്ആർ സർവീസസിനെ ഉപകമ്പനിയും ക്രിസ്റ്റൽ എച്ച്ആറിനെ സഹകമ്പനിയും ആക്കാവുന്ന വിധം അവയുടെ ഓഹരികൾ വാങ്ങാൻ ടീം ലീസ് സർവീസസ് കരാറുകൾ ഉണ്ടാക്കി.
ടിസിഎസിൻ്റെ പൂർണ ഉടമസ്ഥതയിൽ ആയിരുന്ന ദക്ഷിണാഫ്രിക്കൻ സബ്സിഡിയറിയിൽ 30 ശതമാന ശതമാനം ഓഹരി ഒരു സ്വദേശി ട്രസ്റ്റിനു വിറ്റു. ദക്ഷിണാഫ്രിക്കയിൽ കറുത്തവർഗക്കാരെ ശക്തീകരിക്കാനുളള നിയമവ്യവസ്ഥയുടെ ഭാഗമായാണിത്.
ദുർബല വിഭാഗങ്ങൾക്കു ചികിത്സാ സേവനങ്ങൾ നൽകുന്ന യുഎസ് കമ്പനി ഹെൽത്ത് അലയൻസ് ഗ്രൂപ്പിൽ ഒരു കോടി ഡോളറിനു 45 ശതമാനം ഓഹരി റിലയൻസിൻ്റെ ഉപകമ്പനി റിലയൻസ് ഡിജിറ്റൽ ഹെൽത്ത് വാങ്ങി.
ബേസ് മെറ്റൽ ബിസിനസ് വേർപെടുത്തി വേറേ കമ്പനി ആക്കാനുള്ള നീക്കം വേദാന്ത തൽക്കാലം ഉപേക്ഷിച്ചു. എന്നാൽ മറ്റ് അഞ്ചു ബിസിനസുകൾ വെവ്വേറെ കമ്പനികൾ ആക്കാനുള്ള നടപടി തുടരും. അവയുടെ ഓഹരി വിഭജന ക്രമത്തിനും മാറ്റമില്ല.
ഒഡീഷയിലെ ഭദ്രകിൽ പോളിസ്റ്റർ ചിപ്പുകളും യാണുകളും നിർമിക്കുന്നതിന് ദ ചാറ്റർജി ഗ്രൂപ്പിലെ എംസിപിഐ ലിമിറ്റഡുമായി 50:50 സംയുക്ത സംരംഭം തുടങ്ങാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ ബോർഡ് 657 കോടി രൂപയുടെ നിക്ഷേപം അംഗീകരിച്ചു.
സ്വർണം ആശ്വാസ റാലിയിൽ
യുഎസ് ഫെഡിൻ്റെ പലിശ തീരുമാനത്തെ തുടർന്നുള്ള അനിശ്ചിതത്വം മാറ്റുന്നതായി വെള്ളിയാഴ്ച വന്ന പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (സിപിഇ) കണക്ക്. പ്രതീക്ഷിച്ചതിലും
കുറച്ചു മാത്രമേ ആ കണക്കിൽ ചില്ലറവിലകൾ കൂടിയുള്ളു. പലിശ കുറയ്ക്കൽ പ്രതീക്ഷയ്ക്കു വീണ്ടും ജീവൻ വച്ചു. യുഎസ് ബജറ്റ് പ്രതിസന്ധി നീങ്ങിയതും സ്വർണത്തെ കയറ്റി. വെള്ളിയാഴ്ച സ്വർണം 27.70 ഡോളർ കയറി ഔൺസിന് 2623.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2620 ഡോളർ ആയി താഴ്ന്നു.
കേരളത്തിൽ വെള്ളിയാഴ്ച സ്വർണവില പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയിൽ എത്തി. ശനിയാഴ്ച 480 രൂപ കൂടി 56,800 രൂപയായി.
വെള്ളിവില ഔൺസിന് 29.69 ഡോളറിലേക്ക് കയറി.
രൂപയ്ക്ക് ആശ്വാസം
കറൻസി വിപണിയിൽ ഡോളർ വെള്ളിയാഴ്ച അൽപം താഴ്ന്നു. യുഎസ് ചില്ലറ വിലക്കയറ്റത്തിലെ ആശ്വാസമാണു കാരണം. ബ്രിട്ടീഷ് പൗണ്ട് അവിടത്തെ പ്രശ്നങ്ങൾ കൊണ്ടു ദുർബലമായെങ്കിലും മറ്റു കറൻസികൾ കരുത്തു നേടി. ഡോളർ സൂചിക കുത്തനേ താഴ്ന്ന് 107.62 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 107.79 ലേക്കു കയറി.
രൂപ വെള്ളിയാഴ്ച അൽപം ഉയർന്നു. ഡോളർ ഓപ്പൺ ചെയ്തത് 85.06 രൂപയിലാണ്. വ്യാപാരത്തിനിടെ 85.10 രൂപ വരെ കയറി. പിന്നീട് 85.02 എന്ന താഴ്ന്ന നിലയിൽ ക്ലാേസ് ചെയ്തു. നോൺ ഡെലിവറേബിൾ ഫോർവേഡ് വിപണിയിൽ ജനുവരി അവധിഡോളർ 85.24 രൂപയിലാണ്.
ക്രൂഡ് ഓയിൽ വീണ്ടും കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രാവിലെ 10 സെൻ്റ് കയറി 73.04 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 69.90 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.24 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ താഴ്ന്നു തന്നെ
പലിശയിലെ അവ്യക്തത മൂലം ക്രിപ്റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ് കോയിൻ 92,000 ഡോളറിനടുത്തു ചെന്നിട്ട് ഇന്നു രാവിലെ 94,800 നടുത്തു നിൽക്കുന്നു. ഈഥർ വില 3100 വരെ ഇടിഞ്ഞിട്ട് ഇന്നു രാവിലെ 3270 ഡോളറിലായി.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ചെറിയ ആശ്വാസറാലിയിലായി. ചെമ്പ് 0.71 ശതമാനം ഉയർന്ന് ടണ്ണിന് 8832.68 ഡോളറിൽ എത്തി. അലൂമിനിയം 1.16 ശതമാനം കയറി ടണ്ണിന് 2540.00 ഡോളർ ആയി. സിങ്ക് 0.26 ഉം നിക്കൽ 1.16 ഉം ടിൻ 1.10 ഉം ശതമാനം ഉയർന്നു.
വിപണിസൂചനകൾ
(2024 ഡിസംബർ 20, വെള്ളി)
സെൻസെക്സ് 30 78,041.57 -1.49%
നിഫ്റ്റി50 23,587.50 -1.52%
ബാങ്ക് നിഫ്റ്റി 50,759.20 -1.58%
മിഡ് ക്യാപ് 100 56,906.75 -2.82%
സ്മോൾ ക്യാപ് 100 18,714.30 -2.19%
ഡൗ ജോൺസ് 42,840.26 +1.18%
എസ് ആൻഡ് പി 5930.85 +1.09%
നാസ്ഡാക് 19,572.60 +1.03%
ഡോളർ($) ₹85.02 +₹0.05
ഡോളർ സൂചിക 107.62 -0.79
സ്വർണം (ഔൺസ്) $2623.40 +$ 27.70
സ്വർണം(പവൻ) ₹56,320 -₹240.00
ശനി ₹56,800 +₹480.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.94 +$00.31