ആകാശം കീഴടക്കി 'ബൈജൂസ്'

കോച്ചിങ്‌ രംഗത്തെ പ്രമുഖരായ ആകാശിനെ സ്വന്തമാക്കി ബൈജൂസ് ആപ്പ് ന്യൂമറോളജി ബൈജൂസുമായി കരാറുണ്ടാക്കാൻ സഹായിച്ചുവെന്ന് ആകാശ് സ്ഥാപകൻ ജെസി ചൗധരി;

Update:2021-04-07 16:49 IST

രാജ്യത്തെ മത്സരപരീക്ഷ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ ആകാശിനെ സ്വന്തമാക്കി മലയാളിയായ ബൈജു രവീന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള ബൈജൂസ് ആപ്പ്. രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക്ക് സംരംഭമായ ബൈജൂസ് 100 കോടി ഡോളറിനാണ് ആകാശിനെ ഏറ്റെടുത്തത്. ബൈജൂസുമായുള്ള ഇടപാടുകൾ പൂർത്തിയാക്കാൻ ന്യൂമറോളജി സഹായിച്ചുവെന്ന് ആകാശിൻ്റെ സ്ഥാപകനും ന്യൂറോളജിസ്റ്റുമായ ജെ സി ചൗധരി. ബിസിനസ് സ്റ്റാൻഡേർഡ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. തൻ്റെയും ആകാശിൻ്റെയും ജന്മദിനവുമായി ബൈജു രവീന്ദ്രൻ്റെ ജന്മദിനത്തെ താരതമ്യ പഠനം നടത്തിയതിനു ശേഷമാണ് ബൈജൂസുമായുള്ള കരാറിലേക്കെത്തിയതെന്ന് 38 വർഷമായി ന്യൂമറോളജി പരിശീലിക്കുന്ന ചൗധരി വിശദീകരിച്ചു.

സ്ഥാപനത്തിൻ്റെ നാമകരണത്തിൽ പോലും ന്യൂമറോളജി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, മറ്റ് പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് പോലും വിദ്യാർഥികൾ ആകാശിലേക്കേത്തുന്നത് തങ്ങളുടെനിലവാരത്തിൻ്റെ സാക്ഷ്യമാണെന്നും ചൗധരി കൂട്ടിച്ചേർത്തു. സ്വന്തം മകന് ആകാശ് എന്ന പേര് നൽകാനും ഇത് കാരണമായി. 1988 ൽ 12 വിദ്യാർഥികളുമായി ഡൽഹിയിൽ പ്രവർത്തനമാരംഭിച്ച ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ ഇന്ത്യയുടെ പലഭാഗങ്ങളിലായി 215 കേന്ദ്രങ്ങളിൽ 250,000 വിദ്യാർഥികളാണ് പരിശീലനം നേടുന്നത്.

2019 ൽ ആഗോള മൂലധന നിക്ഷേപകരായ ബ്ലാക്ക് സ്റ്റോൺ ആകാശിൻ്റെ 37.5 ശതമാനം ഓഹരികൾ 500 ദശലക്ഷം ഡോളറിനാണ് ഏറ്റെടുത്തത്. ഈ ഇടപാടിലൂടെ വിദ്യാഭ്യാസ രംഗത്ത് ആകാശിൻ്റെ സാന്നിധ്യം ശക്തമായി.
കോവിഡ് മഹാമാരി ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ പുത്തനുണർവ്വ് നൽകിയതോടെ ഒരു ലക്ഷത്തിലധികം വിദ്യാർഥികളാണ് ആകാശിലൂടെ ഓൺലൈൻ വഴി പരിശീലനം നേടിയത്. കോവിഡ് പ്രതിസന്ധി കമ്പനിയുടെ 10 മുതൽ 15 ശതമാനംവരെ വരുമാനത്തെ ബാധിച്ചിട്ടുണ്ടെന്ന് ആകാശിൻ്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ ജെ സി ചൗധരി സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ സ്വന്തം എഡ്യൂടെക്ക് ഭീമനായ ബൈജൂസ് വളർച്ചയുടെ പുതിയ കുതിച്ചുചാട്ടത്തിലാണ്. നിക്ഷേപകരിൽ നിന്നും 500 മുതൽ 600 മില്യൺ ഡോളർ വരെ സമാഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും, ഈ നിക്ഷേപം കൂടി എത്തുമ്പോൾ കമ്പനിയുടെ മൂല്യം 14 മുതൽ 15 ബില്യൺ ഡോളറിലേക്കുയരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.നിലവിൽ 12 ബില്യൻ ഡോളറാണ് കമ്പനിയുടെ മൂല്യം. 2015 ലാണ് മലയാളിയായ ബൈജു രവീന്ദ്രൻ ബാംഗ്ലൂർ ആസ്ഥാനമായി ബൈജൂസ് എന്ന എഡ്യൂക്കേഷൻ ആപ്ലിക്കേഷൻ ആരംഭിച്ചത്.

പുതിയ ഏറ്റെടുക്കലോടുകൂടി ഓഫ് ലൈൻ ക്ലാസുകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആകാശ് കൂടുതൽ ഓൺലൈൻ സെൻ്റെറുകൾ ആരംഭിക്കും. ഇതിനായി ബൈജൂസിൻ്റെ സാങ്കേതിക സഹായവും, പരസ്യങ്ങളും പ്രയോജനപ്പെടുത്തുമെന്ന് ജെ സി ചൗധരി പറഞ്ഞു.
ആകാശിൻ്റെ മികച്ച അധ്യാപന രീതികളും, ബൈജൂസിൻ്റെ സാങ്കേതികമികവും കൂടിച്ചേരുന്നതോടുകൂടി വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമാണ് ഇരു കമ്പനികളും പ്രതീക്ഷിക്കുന്നത്.


Tags:    

Similar News