കേരളത്തില്‍ ഒരുവര്‍ഷത്തിനിടെ 'മോഷ്ടിച്ചത്' 10,000ലേറെ മൊബൈല്‍ ഫോണ്‍; തിരിച്ചുപിടിച്ചത് 10% മാത്രം

ഏറ്റവുമധികം മൊബൈല്‍ ബ്ലോക്ക് ചെയ്തത് രാജ്യതലസ്ഥാനത്ത്

Update: 2024-01-22 09:25 GMT

Image : Canva

രാജ്യത്ത് മൊബൈല്‍ഫോണുകളുടെ മോഷണം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒട്ടുംപിന്നിലല്ലാതെ കേരളവും. കേന്ദ്ര ടെലികോം മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച ട്രാക്കിംഗ് സംവിധാനമായ സെന്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്ട്രിയുടെ (CEIR) കണക്കുപ്രകാരം കഴിഞ്ഞ 10 മാസത്തിനിടെ മാത്രം കേരളത്തില്‍ മോഷണം പോയതോ കളഞ്ഞുപോയതോ ആയ മൊബൈല്‍ഫോണുകളുടെ എണ്ണം 14,000ലേറെയാണ്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 15നാണ് സി.ഇ.ഐ.ആര്‍ കേരളത്തില്‍ സേവനം നല്‍കിത്തുടങ്ങിയത്. തുടര്‍ന്ന് ഇതുവരെ 14,380 മൊബൈല്‍ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ സി.ഇ.ഐ.ആറിന് ലഭിച്ചു. ഇതില്‍ 7,461 ഫോണുകള്‍ ട്രാക്ക് ചെയ്തിട്ടുണ്ട്. ഇതിനകം കണ്ടെത്തി തിരിച്ചുപിടിച്ചത് 1,390 ഫോണുകളാണ്. അതായത്, 10 ശതമാനത്തില്‍ താഴെ മാത്രം.
സി.ഇ.ഐ.ആര്‍ സംവിധാനം
മൊബൈല്‍ഫോണ്‍ മോഷണം പോയാലോ കളഞ്ഞുപോയാലോ അതിവേഗം ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമുള്ള സേവനമാണ് കേന്ദ്ര ടെലികോം മന്ത്രാലയം അവതരിപ്പിച്ച സി.ഇ.ഐ.ആര്‍. കേന്ദ്രഭരണപ്രദേശങ്ങളിലടക്കം രാജ്യമെമ്പാടും സി.ഇ.ഐ.ആറിന്റെ സേവനം ലഭ്യമാണ്.
ഫോണ്‍ മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോവുകയോ ചെയ്താല്‍ ഉടമസ്ഥന് സി.ഇ.ഐ.ആറിന്റെ വെബ്സൈറ്റ് മുഖേന പരാതി സമര്‍പ്പിക്കാം. ഇതിന്മേല്‍ ബന്ധപ്പെട്ട പൊലീസിന്റെ സഹായത്തോടെ ഉള്‍പ്പെടെ സി.ഇ.ഐ.ആര്‍ നടപടിയെടുക്കും. ഫോണ്‍ സമ്പൂര്‍ണമായി ബ്ലോക്ക് ചെയ്യുകയാണ് മുഖ്യമായും ആദ്യം ചെയ്യുക.
മോഷ്ടിക്കപ്പെട്ടതോ കളഞ്ഞുകിട്ടിയതോ ആയ ഫോണ്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളടക്കമുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നത് തടയുകയാണ് പുതിയ സേവനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഒപ്പം, ഉപയോക്താവിന്റെ വിവരങ്ങള്‍ ചോരുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാനും ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിലൂടെ കഴിയും. ഫോണ്‍ ട്രേസ് ചെയ്ത്, തിരികെനേടാനുള്ള നടപടിയുമെടുക്കും.
രാജ്യമാകെ ബ്ലോക്ക് ചെയ്തത് 12 ലക്ഷത്തിലേറെ ഫോണുകള്‍
സി.ഇ.ഐ.ആറില്‍ ലഭിച്ച പരാതികള്‍ പ്രകാരം രാജ്യമാകെ ബ്ലോക്ക് ചെയ്തത് 12.40 ലക്ഷം മൊബൈല്‍ ഫോണുകളാണ്. ഇതില്‍ 6.35 ലക്ഷം ഫോണുകള്‍ ട്രാക്ക് ചെയ്തുകഴിഞ്ഞു. 77,162 ഫോണുകള്‍ വീണ്ടെടുത്ത് യഥാര്‍ത്ഥ ഉപയോക്താവിന് കൈമാറുകയും ചെയ്തു.
ദേശീയ തലസ്ഥാന മേഖലയിലാണ് (NCT Delhi) ഏറ്റവുമധികം ഫോണുകള്‍ ബ്ലോക്ക് ചെയ്തത് (4.75 ലക്ഷം). ഇതില്‍ 2.84 ലക്ഷം ഫോണുകള്‍ ട്രാക്ക് ചെയ്തിട്ടുണ്ട്. പക്ഷേ, വീണ്ടെടുത്തത് 2,206 എണ്ണം മാത്രമാണ്.
1.88 ലക്ഷം ബ്ലോക്ക് ചെയ്ത് കര്‍ണാടകയാണ് രണ്ടാമത്. ഇതില്‍ 75,046 എണ്ണം ട്രേസ് ചെയ്യുകയും 24,232 എണ്ണം വീണ്ടെടുക്കുകയും ചെയ്തു.
എങ്ങനെ പരാതിപ്പെടാം
സി.ഇ.ഐ.ആര്‍ വെബ്സൈറ്റ് വഴിയോ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമായ 'നോ യുവര്‍ മൊബൈല്‍' (KYM/Know Your Mobile) ആപ്പ് വഴിയോ സ്മാര്‍ട്ട്ഫോണ്‍ ബ്ലോക്ക് ചെയ്യാം. ഫോണ്‍ പിന്നീട് കൈവശം കിട്ടിയാല്‍ അണ്‍-ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
ബ്ലോക്ക് ചെയ്യാന്‍ ഫോണിന്റെ ഐ.എം.ഇ.ഐ (IMEI) നമ്പര്‍, ഫോണ്‍ വാങ്ങിയതിന്റെ ബില്‍ എന്നിവ അനിവാര്യമാണ്. ഉടമസ്ഥന്റെ തിരിച്ചറിയല്‍ രേഖകളും അപ്ലോഡ് ചെയ്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനും തിരഞ്ഞെടുത്ത് പരാതി കൊടുത്ത് ബ്ലോക്ക് ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന റിക്വസ്റ്റ് ഐ.ഡി (Request ID) ഉപയോഗിച്ച് പരാതിയുടെ തുടര്‍സ്ഥിതി (Status) ചെക്ക് ചെയ്യാനും കഴിയും.
ബ്ലോക്ക് ചെയ്ത ഫോണിന്റെ ലൊക്കേഷന്‍ അധികൃതര്‍ ട്രാക്ക് ചെയ്യും. ഐ.എം.ഇ.ഐ നമ്പറാണ് ബ്ലോക്ക് ചെയ്യുക. അതായത്, മോഷ്ടിച്ചയാള്‍ക്ക് അതില്‍ സിം ഇട്ട് കോള്‍, എസ്.എം.എസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാനാവില്ല.
Tags:    

Similar News