ചൈന നിയന്ത്രണങ്ങള്‍ നീക്കുന്നു, റബ്ബര്‍ വില ഉയരുമോ ?

ഉല്‍പ്പാദനത്തിന് ആനുപാതികമായ ഉയര്‍ച്ച ഉപഭോഗത്തില്‍ ഉണ്ടാകുന്നില്ല എന്നതാണ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളി

Update: 2022-12-12 10:52 GMT

കഴിഞ്ഞ കുറച്ച് നാളുകളായി റബ്ബര്‍ വില തുടര്‍ച്ചയായി ഇടിയുകയാണ്. കോവിഡിന് ശേഷം 180 രൂപയോളം ഉയര്‍ന്ന സ്ഥാനത്ത് ഇന്ന് ഒരു കിലോ റബ്ബറിന് ലഭിക്കുന്നത് 145.83 രൂപയാണ്. ഇക്കാലയളവില്‍ 40 രൂപയിലധികം ഇടിവാണ് വിലയില്‍ ഉണ്ടായത്. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങള്‍, ടയര്‍ കമ്പനികള്‍ വിപണിയില്‍ നിന്ന് മാറി നിന്നത്, സാമ്പത്തിക മാന്ദ്യ ഭീഷണി തുടങ്ങിയവയൊക്കെ വില ഇടിയാന്‍ കാരണമായി.

ടയര്‍ കമ്പനികള്‍ റബ്ബര്‍ വാങ്ങാന്‍ തുടങ്ങിയെങ്കിലും അത് വിലയില്‍ കാര്യമായ ചലനമുണ്ടാക്കിയിട്ടുമില്ല. 2022ല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആഗോളതലത്തില്‍ റബ്ബര്‍ ഉല്‍പ്പാദനം 4 ശതമനത്തോളം വര്‍ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. അതേ സമയം ഡിമാന്‍ഡിലെ വളര്‍ച്ച 1.9 ശതമാനം മാത്രം ആയിരിക്കും. ഉല്‍പ്പാദനത്തിന് ആനുപാതികമായ ഉയര്‍ച്ച ഉപഭോഗത്തില്‍ ഉണ്ടാകുന്നില്ല എന്നതാണ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളി.

റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. 12 ലക്ഷത്തോളം ചെറുകിട റബ്ബര്‍ കര്‍ഷകരാണ് കേരളത്തിലുള്ളത്.

വില ഉയരുമോ ?

പ്രതിഷേധങ്ങളെ തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ചൈന ഇളവ് വരുത്തിയത് റബ്ബര്‍ മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് വാട്ട്നെക്സ്റ്റ് റബ്ബര്‍ മീഡിയ സഹസ്ഥാപകനായ ജോം ജേക്കബ് പറയുന്നു. അന്താരാഷ്ട വിപണിയില്‍ റബ്ബര്‍ വില നേരിയ തോതില്‍ ഉയരുകയാണ്. ശൈത്യ കാലത്ത് ചൈനയില്‍ ഉല്‍പ്പാദനം കുറയുന്നതും റബ്ബര്‍ കയറ്റുമതിക്കാരായ മറ്റ് രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും. കുത്തനെയുള്ള ഉയര്‍ച്ച ഉണ്ടാകില്ലെങ്കിലും 2023 പകുതി വരെ നേരിയ തോതില്‍ റബ്ബര്‍ വില ഉയരും. ഈ സാഹചര്യത്തില്‍ വില ഉയരാനായി റബ്ബര്‍ കര്‍ഷകര്‍ക്ക് കാത്തിരിക്കാമെന്നും ജോം ജേക്കബ് ചൂണ്ടിക്കാട്ടി.

അതേ സമയം സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ റബ്ബര്‍ വിപണിക്ക് തിരിച്ചടിയാണ്. വന്‍കിട കമ്പനികള്‍ മുതല്‍ വ്യക്തികള്‍ വരെ ചെലവ് ചുരുക്കലിന്റെ പാതയിലാണ്. ഇത് പൊതു വിപണിയിലെ ഡിമാന്‍ഡിനെ ബാധിക്കുകയും വില ഇടിവിലേക്ക് നയിക്കുകയും ചെയ്യാം. ക്രൂഡ് ഓയില്‍ വിലയിലുണ്ടാവുന്ന കുറവ് സ്വാഭാവികമായും ഉപ ഉല്‍പ്പന്നമായ സിന്തറ്റിക് റബ്ബറിന്റെ വില താഴാന്‍ കാരണമാവും. ഇതും പ്രകൃതിദത്ത റബ്ബര്‍ മേഖലയ്ക്ക് തിരിച്ചടിയാണ്.

ആഗോള തലത്തില്‍ റബ്ബര്‍ വില ഉയര്‍ന്നാലും ഇന്ത്യന്‍ വിപണിയില്‍ എത്രത്തോളം പ്രതിഫലിക്കും എന്ന് വ്യക്തമല്ല. റബ്ബര്‍ ഉല്‍പ്പാദനത്തില്‍ ആദ്യ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന തായ് ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളുടെ കയറ്റുമതിയും വിപണിയെ സ്വാധീനിക്കും.

Tags:    

Similar News