കോക്സ് & കിംഗ്‌സില്‍ പ്രതിസന്ധി രൂക്ഷം, ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി

Update: 2019-10-03 12:25 GMT

കോക്സ് & കിംഗ്‌സില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അവസാന നിമിഷത്തില്‍ യൂറോപ്യന്‍ ഗ്രൂപ്പ് ടൂര്‍ റദ്ദാക്കി. മാത്രമല്ല നൂറുകണക്കിന് ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കി.

വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയ കോക്സ് & കിംഗ്‌സിന്റെ ചില ഓവര്‍സീസ് ശാഖകള്‍ നേരത്തെതന്നെ അടച്ചുപൂട്ടിയിരുന്നു. ജീവനക്കാര്‍ക്കാകട്ടെ മൂന്ന് മാസമായി ശമ്പളം നല്‍കിയിട്ടില്ല. തിങ്കളാഴ്ചയാണ് നൂറുകണക്കിന് ജീവനക്കാരോട് പിരിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കിയത്. ഇത് മുംബൈയിലെ കമ്പനിയുടെ ഓഫീസില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി.

കമ്പനി ഒക്ടോബറില്‍ ചില ഗ്രൂപ്പ് ടൂറുകള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അവസാനനിമിഷം യൂറോപ്യന്‍ ടൂറുകള്‍ വേണ്ടെന്നുവെച്ചത് ഉപഭോക്താക്കളെയും ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് കഴിഞ്ഞ മാസം സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം നിര്‍ത്തി. 178 വര്‍ഷം പഴക്കമുള്ള സ്ഥാപനം തകര്‍ന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒന്നര ലക്ഷത്തോളം വിനോദസഞ്ചാരികളാണ് കുടുങ്ങിയത്.ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്‍കയ്യെടുത്താണ് ഇവരെ തിരികെ എത്തിച്ചുകൊണ്ടിരിക്കുന്നത്.

പതിനാറ് രാജ്യങ്ങളിലായി പ്രതിവര്‍ഷം 19 ദശലക്ഷം യാത്രക്കാര്‍ക്കായി ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, എയര്‍ലൈനുകള്‍ എന്നിവ സ്ഥാപിച്ച തോമസ് കുക്ക് 2018 ല്‍ 9.6 ബില്യണ്‍ പൗണ്ട് വരുമാനം നേടിയിരുന്നു.

Similar News